പ്രകൃതിയും മനുഷ്യനും
ജീവനുള്ള ഏതൊരു വസ്തുവിനും ജീവിക്കാനാവശ്യമായ ചുറ്റുപാടാണ് പരിസ്ഥിതി .ഇതിൽ മനുഷ്യനും
ജന്തുക്കളും സസ്യജാലങ്ങളുമെല്ലാം ഉൾക്കൊള്ളുന്നു.പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷകരമായ
പ്രവൃത്തികൾ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും, മനുഷ്യവർഗ്ഗത്തിന്റെ
നിലനിൽപ്പു ത്തന്നെ അപകടത്തിലാക്കുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ
കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ജൂൺ 5 ലോക
പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.എല്ലാവർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ
ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്നതാണ് ലോക പരിസ്ഥിതി ദിനം
ആചരിക്കുന്നതിന്റെ ഉദ്ദേശം.
എന്നാൽ മനുഷ്യൻ നടത്തി വരുന്ന അശാസ്ത്രിയ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടെ
നിലനിൽപ്പു ത്തന്നെ അപകടത്തിലായിക്കൊണ്ടിരിക്കുകയാണ് . അന്തരീക്ഷ താപനിലയിലുള്ള വർദ്ധനവ് ,
ശുദ്ധജല ക്ഷാമം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ ഇന്ന് നമ്മെ അലട്ടുന്നുണ്ട് .
ഭൂമിയിലെ ചൂട് വർധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈയോക്സൈഡിന്റെ
വർധനവാണ് . കുന്നുകൾ ഇടിച്ചും വയലുകൾ നികത്തിയും പ്രകൃതിയെ മനുഷ്യൻ കൊന്നു
കൊണ്ടിരിക്കുകയാണ് . ഈ കൊലയ്ക്കുള്ള ഒരു ന്യായീകരണമാണ് വികസനം എന്നത് . മനുഷ്യന്റെ സ്വാർത്ഥ
താത്പര്യങ്ങൾക്കായി ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും ഫലം ഭീകരമായിരിക്കും. ഉരുൾപൊട്ടലും
വെള്ളപ്പൊക്കവും മണ്ണൊലിപ്പും മനുഷ്യരുടെ പ്രവൃത്തിയുടെ അനന്തരഫലങ്ങളാണ് .'രണ്ട് പ്രളയകാലങ്ങൾ
മലയാളികൾ അനുഭവിച്ചറിഞ്ഞു.കവളപ്പാറയും പുത്തുമലയും എന്നും നോവായി മനസ്സിലുണ്ടാവും.
സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് . എന്നാൽ
അത് പരിസ്ഥിതിക്ക് ദോഷം വരുത്താതെയായിരിക്കണം.
പ്രകൃതി നമ്മുടെ അമ്മയാണ് . പ്രകൃതിയുടെ സുരക്ഷയും, ഭദ്രമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും,
അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് . അമ്മയെ
സംരക്ഷിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്വമാണ് ." ജീവിക്കാം,പ്രകൃതിയെ നോവിക്കാതെ....
സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|