ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/ഒരു വെള്ളപ്പൊക്കത്തിൽ തിരിച്ചറിയാം ജീവന്റെ തുടിപ്പുകൾ
ഒരു വെള്ളപ്പൊക്കത്തിൽ തിരിച്ചറിയാം ജീവന്റെ തുടിപ്പുകൾ
നാമെല്ലാം വളർത്തു ജീവികളെ ഇഷ്ടപ്പെടുന്നവരാണ്. ഒരു അപകടം വരുമ്പോൾ, അല്ലെങ്കിൽ ഒരു പ്രകൃതിദുരന്തം സംഭവിക്കുമ്പോൾ നമ്മൾ ചിലപ്പോഴെങ്കിലും നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന വളർത്തു ജീവികളെ മറന്നു പോകുന്നു. മനുഷ്യൻ തന്റെ ജീവൻ രക്ഷിക്കാനുള്ള പ്രയാണത്തിനിടയ്ക്ക് ഇതുപോലെ മറന്നു പോയ ഒരു നായയുടെ കഥയാണ് തകഴിയുടെ 'ഒരു വെള്ളപ്പൊക്കത്തിൽ.' ഇതുപോലെയുള്ള മറന്നു പോകലുകൾ പ്രളയ സമയത്തെ പ്രധാന കാഴ്ചകളിലൊന്നാണ്. പശു, ആട്, നായ മുതലായ കൂട്ടിനകത്ത് വളർത്തുന്ന ജീവികളെ പ്രകൃതിദുരന്ത സമയത്ത് തുറന്നു വിട്ടാൽ ഒരു പക്ഷേ അവയ്ക്ക് ജീവൻ രക്ഷിക്കാനായേക്കാം. അതിനു പോലും മറന്നു പോകുന്ന മനുഷ്യമനസ്സുകൾ ഇന്ന് സമൂഹത്തിൽ കുറവല്ല. തെണ്ടി വർഗ്ഗം, രണ്ടിടങ്ങഴി, കയർ, ചെമ്മീൻ തുടങ്ങിയ തകഴിയുടെ മറ്റു കൃതികൾ പോലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ നിസ്സഹായത ഈ കൃതിയിലും വ്യക്തമാണ്. 'ഒരു വെള്ളപ്പൊക്കത്തിൽ' എന്ന ഈ കൃതി ചർച്ച ചെയ്യുന്നത് ചേന്നപ്പറയൻ എന്ന മനുഷ്യന്റെ വളർത്തുനായ വെള്ളപ്പൊക്കത്തിന്റെ സമയത്ത് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ്. വെള്ളമിറങ്ങുമെന്ന് കരുതി ചേന്നനും ഗർഭിണിയായ പറച്ചിയും നാലു കുട്ടികളും അവരെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പട്ടിയും പൂച്ചയും രണ്ട് ദിവസമായി വെള്ളത്തിൽ നിൽക്കുന്നു. വെള്ളമുയരുമെന്ന് മനസ്സിലായപ്പോൾ മേൽക്കൂര പൊളിച്ച് ചേന്നൻ മുകളിലൂടെ പുറത്തേയ്ക്ക് നോക്കി കൂക്കി വിളിച്ചു. ഭാഗ്യം കൊണ്ട് ഒരാൾ വള്ളവുമായി വന്നു. പറച്ചിയെയും ശേഷിക്കുന്നവരെയും കയറ്റിയപ്പോൾ പൂച്ചയും വള്ളത്തിലേക്ക് ചാടി. മറ്റൊരാൾ വിളിച്ചപ്പോൾ വള്ളവുമായി അങ്ങോട്ടു നീങ്ങി. നായയുടെ കാര്യം ആരും ഓർത്തില്ല. അങ്ങുമിങ്ങും മണപ്പിച്ച് നായ തിരിച്ചു വന്നപ്പോൾ അവിടെ ആരുമില്ല. അവൻ നിസ്സഹായനായി മോങ്ങാൻ തുടങ്ങി. രാത്രിയായി. അവന്റെ യജമാനനെക്കുറിച്ചുള്ള ഓർമകൾ തേങ്ങലായി മാറി. പിറ്റേന്ന് മാനം അല്പനേരം തെളിഞ്ഞു. പക്ഷേ ആ വെളിച്ചവും അസ്തമിച്ചു. ഇടയ്ക്ക് വരുന്ന വള്ളക്കാരും മറ്റും പ്രതീക്ഷയേകി നിരാശനാക്കി. പിന്നീടു വന്ന മോഷ്ടാക്കളോടു അവൻ നന്ദിയല്ല, മറിച്ച് വിഷാദവും ദൈന്യതയും പ്രതീക്ഷയും തുളുമ്പുന്ന, എന്നാൽ ഭയപ്പെടുത്തുന്ന കുരയാണ് പ്രകടിപ്പിച്ചത്. ആ നായയുടെ കടി കിട്ടിയ മോഷ്ടാവും, സുഹൃത്തും അവന്റെ നിസ്സഹായത മനസ്സിലാക്കിയില്ല. ഇടയ്ക്ക് ഒഴുകി കുടിലിലടിഞ്ഞ ഉറുമ്പിനോടുള്ള അവന്റെ പെരുമാറ്റം അതിന്റെ നിഷ്കളങ്കതയെ പ്രതിഫലിപ്പിക്കുന്നു. ഒഴുകി വന്ന പശുവിന്റെ ശവശരീരം അവന്റെ വിശപ്പകറ്റി. എന്നാൽ അതേ സമയം തന്നെ മുതലയുടെ ഭക്ഷണമായി അവൻ മാറി. അവനു വേണ്ടി എന്നപോലെ അത്രയും നേരം നിന്ന മേൽക്കൂര തന്റെ സംരക്ഷണം പോയതിനാലാവാം അതേ നിമിഷം നിലംപതിച്ചു. വെള്ളമിറങ്ങിയപ്പോൾ വന്ന ചേന്നൻ കണ്ട കാഴ്ച ആരുടെയും കണ്ണു നനയിക്കുന്നതായിരുന്നു.
ചെറുതെങ്കിലും ചിന്തിപ്പിക്കുന്ന കഥ. ഒരു നീണ്ട നോവൽ വായിച്ച അനുഭൂതി വായിച്ചു കഴിഞ്ഞപ്പോൾ തോന്നി. ചില ചെറുകഥകൾ നീണ്ട നോവലുകളേക്കാൾ ചിന്തിപ്പിക്കുന്നതും തീവ്രമായ വികാരങ്ങൾ സമ്മാനിക്കുന്നതുമാണ്. അനാവശ്യമായ വലിച്ചു നീട്ടലുകൾ ഇല്ല. പങ്കു വയ്ക്കേണ്ട കാര്യങ്ങൾ വ്യക്തവും ലളിതവുമായി അവതരിപ്പിച്ചിരിക്കുന്നു. അധികമാരും ചിന്തിക്കാത്ത പ്രമേയം. വാങ്മയ ചിത്രങ്ങൾ കൃതിയുടെ ഭംഗി കൂട്ടുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |