ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അഡീഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം

സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം അൽപ്പസമയം നീക്കിവെച്ചാൽ അഭിരുചിയുള്ള മേഖലകളിൽ തൊഴിൽ നൈപുണ്യംനേടാനുള്ള സംരംഭമാണ് അസാപ് (അഡീഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം). ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണിത്. സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും പങ്കാളികളാണ്.വിവിധ വ്യവസായമേഖലകളിലുള്ള തൊഴിൽ സംബന്ധമായ കോഴ്‌സുകളാണ് അസാപ് നൽകുന്നത്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് ഓരോ കുട്ടിയുടെയും അഭിരുചി കണ്ടെത്തുന്നത്. പഠനത്തിനുശേഷം തൊഴിൽ വേണമെന്നുള്ളവർക്ക് അതിനുള്ള സഹായവും നൽകും.. ഫീൽഡ് സന്ദർശനം, ഇന്റേൺഷിപ്പ് ഇവയിലൂടെ തൊഴിൽപരിചയവും നൽകും. വ്യവസായമേഖലയിലെ വിദഗ്ധ പരിശീലകരുടെ ക്ലാസുകളും ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ കംപ്യൂട്ടർ ലാബുകളോടുകൂടിയ പ്രാക്ടിക്കൽ പഠനവും ഉണ്ട്. വ്യവസ്ഥകൾക്ക് വിധേയമായി ഫീസ് സൗജന്യവും നൽകും.180 മണിക്കൂർ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും ഇൻഫർമേഷൻ ടെക്‌നോളജിയുടെ അടിസ്ഥാന വിവരങ്ങളും ചേർന്ന ഫൗണ്ടേഷൻ മൊഡ്യൂൾ എല്ലാ വിദ്യാർഥികളും പഠിച്ചിരിക്കണം. ഇതു കൂടാതെയാണ് 150 മുതൽ 300 മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ പരിശീലനം. പ്രായോഗിക പരിജ്ഞാനത്തിന് പ്രാമുഖ്യം നൽകുന്നതിനാൽ സിലബസിന്റെ 55 ശതമാനം പ്രാക്ടിക്കലാണ്. ഐ.ടി. മൊഡ്യൂളിന് സോഫ്ട്‌വേർ അസോസിയേഷനായ നാസ്‌കോമും ഫിനാൻഷ്യൽ സർവീസ് കോഴ്‌സിനുള്ള മൊഡ്യൂളിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൻഡ് വർക്‌സ് അക്കൗണ്ട് ഓഫ് ഇന്ത്യയുമാണ് രൂപംനൽകിയിരിക്കുന്നത്.