ജി.എച്ച്.എസ്.എസ്.മാത്തിൽ-ചരിത്രം

മികച്ച സാമൂഹിക പ്രവർത്തകനും നാടിൻ്ശബ്ദവുമായിരുന്ന ശ്രീ.എം.വി.എം കുഞ്ഞി വിഷ്ണുനമ്പീശൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്വകാര്യ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും 13 - 07-1957 ൽഅപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.ഉന്നത വിദ്യാഭ്യാസമെന്ന പ്രദേശവാസികളുടെ സ്വപ്നങ്ങൾ അതോടെ യാഥാർത്ഥ്യമായി.

ഒരൊറ്റ പ്രതിഫലവും വാങ്ങാതെയാണ്  എം വി എം കുഞ്ഞു വിഷ്ണു നമ്പീശൻ സ്കൂൾ സർക്കാരിലേക്ക്  നൽകിയത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.നാട്ടിൽ ഉള്ളവർക്കും  സമീപപ്രദേശങ്ങളിൽ ഉള്ളവർക്കും വിദ്യാഭ്യാസത്തിനായി താണ്ടേണ്ടി വന്ന കടമ്പകൾ ലഘൂകരിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കൾക്ക് പഠിച്ചു യരാനുള്ള വേദിയായി ഈ വിദ്യാലയം മാറി. പടിപടിയായി കാലത്തിനൊപ്പം ചുവടുവെച്ച് തലയെടുപ്പോടെ നിൽക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര രംഗങ്ങളിൽ ഒരുപോലെ ശോഭിക്കുന്നു.

1957ൽ സ്ഥാപിതമായ   ഈ സ്വകാര്യ വിദ്യാലയം  ഉടമയായ കുഞ്ഞു വിഷ്ണു നമ്പീശന്റെ താൽപര്യത്താൽ ഗവൺമെൻറ്  ഏറ്റെടുക്കുകയും അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കി ഉയർത്തുകയും ചെയ്തു. സമൂഹ പുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള നിസ്തുല പ്രാധാന്യം തിരിച്ചറിഞ്ഞ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലഘട്ടത്തിലാണ് ഇത് ഉണ്ടായത്. ഇന്ന് കണ്ണൂർ ജില്ലയിൽ തന്നെ വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയമായ ഒരു വിദ്യാലയമാണ് മാത്തിൽ ഗവൺമെൻറ് ഹൈസ്കൂൾ. ഇംഗ്ലീഷ് മീഡിയം, അൺ എയ്ഡഡ് സ്കൂളുകൾ  നാടിന്റെ നാനാഭാഗത്തും  കൂണുപോലെ പൊങ്ങി വന്നപ്പോഴും സേവന സന്നദ്ധതയും സാമൂഹ്യപ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന മാതൃകാ സ്ഥാപനമായി ഈ വിദ്യാലയം  നിലകൊള്ളുന്നു. കേരള വിദ്യാഭ്യാസ മേഖലയിൽ ദ്രുതഗതിയിലുള്ള ചലനങ്ങൾക്ക് തുടക്കം കുറിച്ച വർഷമായിരുന്നു 1998. കോളേജിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തിയ തോടെ ഇവിടെ ഹയർ സെക്കൻഡറി വിഭാഗം  സ്കൂളുകളിൽ  സാർവ്വത്രികമായി ആയി പ്രവർത്തനം ആരംഭിച്ചു.

1998 ൽ തന്നെ നമ്മുടെ സ്കൂളിലും  ഹയർസെക്കൻഡറി അനുവദിച്ചു. ഇന്ന് ഹയർസെക്കൻഡറിയിൽ ബയോളജിക്കൽ സയൻസിലെ 2 ബാച്ചും കമ്പ്യൂട്ടർ സയൻസിലെ 2 ബാച്ചും  കൊമേഴ്സിൽ ഒരു ബാച്ചും ആയി  5 ബാച്ചിൽ കുട്ടികൾ പഠിക്കുന്നു. മാത്തിൽ ഹയർസെക്കൻഡറി സ്കൂൾ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയതിനുള്ള പ്രധാന കാരണം പാഠ്യപാഠ്യേതര രംഗങ്ങളിൽ നിലനിർത്തിപ്പോന്ന  ഉന്നതനിലവാരം തന്നെ. അക്കാദമിക രംഗത്ത് മാത്രമല്ല  ഈ മികവ് സംസ്ഥാന-ജില്ലാ യുവജനോത്സവങ്ങളിലും കായികമേളകളിലും  ശോഭിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിഭോത്സവങ്ങളിൽ  സംസ്ഥാന തലത്തിൽ വരെ  നമ്മുടെ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്.

വിവിധ രംഗങ്ങളിൽ പ്രഗൽഭരും വിദഗ്ധരും പ്രശസ്തരുമായ ധാരാളംപേർ ഈ സ്കൂളിന്റെ സമ്പാദ്യമായി  സംസ്ഥാനത്തിനകത്തും  പുറത്തും  പ്രവർത്തിക്കുന്നുണ്ട്. എല്ലാ നേട്ടങ്ങളുടെയും പിന്നിൽ അധ്യാപകരുടെയും കുട്ടികളുടെയും  രക്ഷിതാക്കളുടെയും  സർവോപരി അഭ്യുദയകാംക്ഷികൾ ആയ നാട്ടുകാരുടെയും  സഹായസഹകരണങ്ങൾ ഉണ്ടെന്ന വസ്തുത പ്രത്യേകം എടുത്തു പറയേണ്ടതാണ്.