ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/കോവിഡ് 19-രോഗവും രോഗഭീതിയും-ലേഖനം-അഭിനാ രാജ്
"കോവിഡ് 19” രോഗവും രോഗഭീതിയും
അണകെട്ടിയും, വേർതിരിച്ചും, മനുഷ്യൻ സൃഷ്ടിച്ച പ്രതിസന്ധികൾ എല്ലാം തുടച്ചുനീക്കി കൊണ്ടാണ് രണ്ടു വർഷങ്ങൾക്കു മുമ്പ് പ്രളയം വന്നത്. എന്നാൽ ഒരു മുടിനാരിഴയുടെ വ്യാസം പോലുമില്ലാത്ത കോവിഡ് 19 എന്ന കൊറോണ വൈറസ് ഇന്ന് ലോകത്തെ ആകമാനം കാർന്നു തിന്നുകയാണ്. പുരാണത്തിലെ ഭസ്മാസുരനെ പോലെ ലോകജനതയുടെ അന്ധകൻ ആയി മാറിയിരിക്കുകയാണ് കൊറോണ വൈറസ്. മഞ്ഞുപെയ്യുന്ന ഡിസംബറിലും ജനുവരിയിലും ആയി ആദ്യമാദ്യം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ലോകത്തിന്റെ ജനജീവിതം സ്തംഭിപ്പിക്കും എന്ന് ഒരു മണൽ തരിപോലും അറിഞ്ഞിരുന്നില്ല. രാജ്യാന്തര അതിർത്തികളിൽ ഇന്ന് വിമാനങ്ങൾ പറന്നുയരുന്നില്ല. കേരളത്തിന്റെ കടൽത്തീരങ്ങളിൽ ഇന്ന് മത്സ്യബന്ധന ബോട്ടുകൾ ഇല്ല. ഇന്ത്യയിലെ തീവണ്ടി പാളങ്ങൾ ഇന്ന് വിജനമാണ്. റെയിൽവേ സ്റ്റേഷനുകൾ ഇന്ന് താൽക്കാലിക കൊറോണ പ്രതിരോധ കേന്ദ്രങ്ങളാണ്. ലോകോത്തര ആഡംബര കപ്പലുകൾ ഇന്ന് ഐസൊലേഷൻ വാർഡുകളാണ്. ദിനംപ്രതി കുതിച്ചുയരുകയാണ് ലോകത്തെ മരണനിരക്ക്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മരണസംഖ്യ. സമ്പന്ന രാഷ്ട്രങ്ങൾ എല്ലാം ഇന്ന് കൊറോണയെ തുരത്തുവാൻ ഉള്ള തത്രപ്പാടിലാണ്. അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ ആണവ പരീക്ഷണങ്ങൾ നിർത്തിവെച്ച് കൊറോണ പ്രതിരോധ വാക്സിനുകൾ നിർമ്മിക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങളിലാണ്. ലോകം സ്തംഭിച്ചുപോയ ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കണം എന്നില്ല. അത്രത്തോളം ഭയചകിതമായ അവസ്ഥ. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും മാനുഷിക മൂല്യങ്ങൾ വരച്ചുകാട്ടുന്ന ഒരായിരം സംഭവങ്ങൾ. ചേർത്തലയിൽ ഉള്ള അൻവിത എന്ന ഒന്നര വയസ്സുകാരിയുടെ കണ്ണിലെ അർബുദ ചികിത്സയ്ക്കായി കേരള സർക്കാർ സൗജന്യമായി ആംബുലൻസ് സൗകര്യത്തോടു കൂടി നടപടികൾ സ്വീകരിച്ചപ്പോൾ ഉയർന്നത് കേരളത്തിന്റെ അഭിമാനം. തിരുവനന്തപുരത്തു നിന്നും കാസർകോട് വരെ എൻഡോസൾഫാൻ ബാധിതനായ കുട്ടിയുടെ അമ്മ ലതികക്കുവേണ്ടി ഹൃദ്രോഗ മരുന്ന് എത്തിക്കുവാൻ 19 പോലീസ് വണ്ടികൾ ആണ് പാതിരാത്രി കുതിച്ചു പാഞ്ഞത്. ഇന്ത്യയുടെ എയർ ഇന്ത്യയ്ക്ക് പറന്നുയരാൻ പാകിസ്ഥാൻ വ്യോമ പാത തുറന്നപ്പോൾ തുറക്കപ്പെട്ടത് സൗഹൃദത്തിന്റെ വാതായനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒത്തിരി സഹായഹസ്തങ്ങൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ആദരവ് അർഹിക്കുന്ന ഒരായിരം പേരുണ്ട്. ആരോഗ്യപ്രവർത്തകർ, പോലീസുകാർ, നേഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, സന്നദ്ധ സേന പ്രവർത്തകർ, തുടങ്ങി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാം തന്നെ ഈ പട്ടികയിൽ പെടുന്നു. മുടങ്ങിപ്പോയ വിദ്യാലയ പ്രവർത്തനങ്ങൾ ഒട്ടും മങ്ങാതെ ഓൺലൈനായി നടത്തിപ്പോരുന്നു. വിദ്യാർത്ഥികളിലെ സർഗ്ഗാത്മകത തെളിയിക്കുവാൻ ഒത്തിരി അവസരങ്ങൾ. പ്രതിരോധ മാർഗം ഒന്നുമാത്രം. വീട്ടിൽ ഇരിക്കുക ശുചിത്വം പാലിക്കുക. ശാരീരിക അകലം സാമൂഹിക സുരക്ഷ. ശരീരംകൊണ്ട് അകന്നിരുന്നാലും മനസ്സുകൊണ്ട് ഒറ്റക്കെട്ടാവണം നമ്മൾ. ആതുരസേവ രംഗത്തെ മായാത്ത മുഖമായ ഫ്ലോറൻസ് നൈറ്റിംഗ് ഗെയിൽ പറഞ്ഞിട്ടുണ്ട് " ഞാൻ ആഗ്രഹിച്ചതു പോലെയുള്ള ആതുര സേവ സംഭവ്യം ആകണമെങ്കിൽ ഇനിയും 150 വർഷങ്ങൾ വേണ്ടിവരും". അന്താരാഷ്ട്രതലത്തിൽ നഴ്സുമാരുടെ വർഷമായ 2020, 1870 ൽ ജനിച്ച അവരുടെ 150 ആം ജന്മ വാർഷികം ആണ്. ആ വാക്കുകളും ചാരിതാർത്ഥ്യം അടയുന്നു. ലോകത്തിനു മുമ്പിൽ കൊറോണ പ്രതിരോധത്തിൽ ഒന്നാം സ്ഥാനമാണ് കേരളത്തിന്. പ്രതിരോധത്തിനായി അവർ സ്വീകരിക്കുന്നത് "കേരള മോഡൽ " ആണ്. ഇപ്പോൾ നാം രചിക്കുന്നത് പുതുചരിത്രം. ചരിത്രം അത് നമ്മെ സൃഷ്ടിക്കുകയല്ല വേണ്ടത്, മറിച്ച് നാം ചരിത്രം സൃഷ്ടിക്കുകയാണ് വേണ്ടത്. പൊരുതാം ഒറ്റക്കെട്ടായി... പ്രതിരോധിക്കാം കൊറോണയെ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |