ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം 2023-24
2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ വി.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കവയിത്രി അനിത വിശിഷ്ടാതിഥിയായെത്തി കുട്ടികളോട് സംവദിച്ചു.കുട്ടികൾക്ക് വ്യത്യസ്തമായ അനുഭൂതികൾ നൽകി കൊണ്ടാണ് ഈ അധ്യയന വർഷം ആരംഭിച്ചത്.റിമോട്ട് ക്ലിക്കിലൂടെ സ്ക്രീനിൽ തെളിയുന്ന തങ്ങളുടെ മുഖം കണ്ട് അവർ ഏറെ സന്തോഷിച്ചു.അക്ഷര മധുരം നുകരാനെത്തിയ നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. കുട്ടികൾക്ക് പായസവിതരണവും പഠനോപകരണ കിറ്റ് വിതരണവും നടന്നു.
-
-
ഉദ്ഘാടനം : വി.അബ്ദുൽകരീം
-
വിശിഷ്ടാതിഥി : കവയിത്രി അനിത
-
സ്വാഗതം : കെ.പി വിനോദ് കുമാർ
-
അദ്ധ്യക്ഷൻ : ബഷീറുദ്ധീൻ
-
-
-
-
-
-
-
പരിസ്ഥിതി ദിനം
മാങ്കടവ് ജി.എം.എൽ.പി സ്കൂൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന റാലി, തണൽ മരം വച്ചു പിടിപ്പിക്കൽ, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടന്നു.മുഖ്യാതിഥി ഭാർഗവൻ പറശ്ശിനിക്കടവ് പരിസ്ഥിതി ദിന സന്ദേശം നൽകി.സി.എച്ച് ഇസ്മായിൽ വി.ഇബ്രാഹിം എന്നിവർ പങ്കെടുത്തു.ഹെഡ് മാസ്റ്റർ കെ.പി വിനോദ്കുമാർ, ടി.വി രഞ്ജിത, സി.പി സുബൈബത്ത്, എം.മൃദുല,മേധാ മധു എന്നിവർ നേതൃത്വം നൽകി.കുന്നുംപുറം,സ്കൂൾ പരിസരം എന്നിവിടങ്ങളിൽ തണൽ മരം വച്ചു പിടിപ്പിച്ചു.തണൽ മരത്തിന്റെ പരിപാലനം കുന്നുംപുറം എം.കെ.പി സൺസ് ഏറ്റെടുത്തു.
വായന ദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായനാദിന മസാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഞാനും എൻറെ അക്ഷരവും, എൻറെ വായന, വായനാതെളിച്ചം, കാവ്യ മധുരം കവിത ശില്പശാല,രക്ഷിതാക്കൾക്കായി അമ്മ വായന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി.കുട്ടികളെ വായനയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി വിദ്യാലയത്തിലെ നവീകരിച്ച സ്കൂൾ ലൈബ്രറി 'കുട്ടിപുസ്തകപ്പുര' കുട്ടികൾക്കായി സമർപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾ തല പ്രവർത്തനോദ്ഘാടനവും നടന്നു. പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടകനായി എത്തി കഥകളും പാട്ടുകളുമായി കുട്ടികളോടൊപ്പം കൂട്ടു കൂടി.എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥിനിയെ ചടങ്ങിൽ അനുമോദിച്ചു.
-
ഉദ്ഘാടനം : പയ്യന്നൂർ കുഞ്ഞി രാമൻ
-
-
-
-
-
-
കുട്ടി പുസ്തകപ്പുര
ജൂൺ 19 വായനാദിനത്തിൽ വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറി 'കുട്ടിപുസ്തകപ്പുര'യുടെ ഉദ്ഘാടനം സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾ തല പ്രവർത്തനോദ്ഘാടനവും നടന്നു. ചടങ്ങിൽ വച്ച് മുൻ അധ്യാപിക റഷീദ ടീച്ചർ ലൈബ്രറിയിലേക്കുള്ള ഫർണിച്ചറിനാവശ്യമായ തുക കൈമാറി. ഒന്നാം ക്ലാസ് വിദ്യാർത്ഥി ഫാഹിഖ് നൗഷാദ് 10000/- രൂപയുടെ പുസ്തകങ്ങളും പുസ്തകപ്പുരയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ വി.അബ്ദുൽ കരീം,അജയൻ.ടി(വാർഡ് മെമ്പർമാർ ) ബി.ആർ.സി ട്രെയിനർ രാരീഷ്, മദർ പി.ടി.എ പ്രസിഡൻറ് സീനത്ത്, അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രഞ്ജിത.ടി.വി, മൃദുല.എം എന്നിവർ ആശംസയർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ബഷീറുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ സുബൈബത്ത് ടീച്ചർ നന്ദിയും പറഞ്ഞു. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാരിൽ നിന്നും ഫർഹാന,ഷഫീറ.സി എന്നിവരെ അമ്മ ലൈബ്രേറിയൻമാരായി ചുമതലപ്പെടുത്തി. കുട്ടി ലൈബ്രേറിയൻമാരായി 4,5 ക്ലാസിലെ കുട്ടികളെ തെരഞ്ഞെടുത്തു. അധ്യാപകരായ മൃദുല ടീച്ചർ, സുബൈബത്ത് ടീച്ചർ എന്നിവർക്ക് ലൈബ്രറി ഇൻ ചാർജ് നൽകി. കുട്ടിപുസ്തകപ്പുര കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.
കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.
ബഷീർ ദിനം "ഹുന്ത്രാപ്പി ബുസ്സാട്ടോ -ഒരു ബഷീറിയൻ പൂന്തോട്ടം"
വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. 'ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം' എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.
പ്രതിമാസ ക്വിസ്
2022 23 അധ്യയന വർഷം ആരംഭിച്ച വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളിൽ ഒന്നാണ് പ്രതിമാസ ക്വിസ്. കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, മറ്റു മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുക എന്നിവ ലക്ഷ്യമിട്ട് ഈ അധ്യയന വർഷവും പ്രതിമാസ ക്വിസ് നല്ല രീതിയിൽ നടന്നുവരുന്നു.പ്രതിവാരം കുട്ടികൾക്ക് പഠിക്കാനുള്ള ചോദ്യോത്തര ശേഖരം നൽകുകയും ഓരോ മാസവും ക്ലാസ് തലത്തിലും തുടർന്ന് സ്കൂൾതലത്തിലും മത്സരങ്ങൾ നടത്തി വിജയിയെ കണ്ടെത്തുന്നു.വിജയികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ തവണ വിജയിയായ വിദ്യാർത്ഥിയെ വാർഷിക ആഘോഷ പരിപാടിയിൽ പ്രത്യേകം അനുമോദിക്കുന്നു. വിദ്യാലയത്തിലെ ഷിൽന ടീച്ചർക്കാണ് ഈ വർഷത്തെ നിർവഹണ ചുമതല.
ബർത്ത് ഡേ വോൾ
വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും പിറന്നാൾ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ് ബർത്ത് ഡേ വോൾ.പിറന്നാൾ ദിനത്തിൽ വാളിൽ കുട്ടിയുടെ ഫോട്ടോ പതിപ്പിക്കുകയും അസംബ്ലി ചേർന്ന് ആശംസകൾ നേരുകയും ചെയ്യുന്നതോടൊപ്പം ഫോട്ടോ പകർത്തി ബർത്ത് ഡേ വിഷസ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുകയും ചെയ്യുന്നു.അന്നേദിവസം കുട്ടികൾ പുതുവസ്ത്രമണിഞ്ഞെത്തുകയും പിറന്നാൾ സമ്മാനം ഉച്ചഭക്ഷണത്തിലേക്കോ കുട്ടിപുസ്തകപ്പുരയിലേക്കോ നൽകുക എന്ന രീതികളും അവലംബിക്കുന്നു.
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
ശില്പശാലകൾ
സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ വിവിധ ശില്പശാലകൾ നടന്നു തുടങ്ങി.
- ഒന്ന്,രണ്ട് ക്ലാസുകളിലെ സചിത്ര പുസ്തകവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പഠനോപകരണ ശില്പശാല നടന്നു.
- മൂന്ന്,നാല് ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഗണിതോപകരണ നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു.
- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'കാവ്യമധുരം' കവിത ശിൽപ്പശാല സംഘടിപ്പിക്കാൻ സാധിച്ചു.മാതോടം എൽ പി സ്കൂൾ അധ്യാപകൻ സിദ്ദീഖ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്.
സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിൻറെ 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ പതാക ഉയർത്തി.വാർഡ് മെമ്പർ വി അബ്ദുൽ കരീം സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീറുദ്ധീൻ,മദർ പി ടി എ പ്രസിഡൻറ് ഷഫീറ.സി എന്നിവർ സംസാരിച്ചു.അസംബ്ലി, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. മൂവർണ്ണ തൊപ്പികൾ അണിഞ്ഞ് കുട്ടികൾ തീർത്ത ഇന്ത്യൻ ഭൂപടം ഏറെ ശ്രദ്ധേയമായി. പതാകകൾ ഏന്തിയും മുദ്രാവാക്യ ഗീതങ്ങൾ ആലപിച്ചും കുട്ടികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയെ പായസവും മധുരവും വിതരണം ചെയ്ത് മാങ്കടവ് നിവാസികൾ വരവേറ്റു. വിദ്യാലയത്തിലും പായസവിതരണം നടന്നു. രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗവാക്കായി.
മാങ്കടവോണം
വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബർ - 2024 ജനുവരി )
- ആമുഖം
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയെപ്പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഉതകുന്ന പാഠഭാഗങ്ങൾ ഉണ്ട്. പാഠപുസ്തകത്തിനപ്പുറത്ത് ജീവിതാനുഭവങ്ങളുമായി ഈ പാഠങ്ങളെയും അറിവുകളെയും ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.അറിവുകൾ പ്രായോഗിക തലങ്ങളിൽ കൊണ്ടുവരിക വഴി നല്ലൊരു സമൂഹ സൃഷ്ടിക്കായി നിലകൊള്ളുന്ന കുട്ടികളെ രൂപപ്പെടുത്തുക എന്നതാണ് പ്രോജക്ട് ലക്ഷ്യമിടുന്നത്. ലോകത്ത് എല്ലായിടത്തും മാലിന്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. നമ്മുടെ നാടും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വായു,ജലം,മണ്ണ് എന്നിവയുടെ മലിനീകരണത്തിനും നാശത്തിനുമൊക്കെ മാലിന്യങ്ങൾ കാരണമാകുന്നുണ്ട്.മാലിന്യങ്ങൾ മനുഷ്യനെ മാത്രമല്ല ചെറിയ സസ്യങ്ങൾ മുതൽ സകല ജീവജാലങ്ങളെയും നാശത്തിലേക്ക് നയിക്കുന്നു.മാലിന്യങ്ങൾ ഉണ്ടാവും, എന്നാൽ ഇവയ്ക്കെതിരെ രണ്ട് കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.ഒന്ന് മലിനീകരണത്തിന്റെ നിരക്ക് കുറക്കുക എന്നതും മറ്റൊന്ന് മാലിന്യങ്ങളുടെ സംസ്കരണവും ആണ്.അത് ജൈവമാലിന്യമായാലും അജൈവമാലിന്യമായാലും പരിസ്ഥിതിക്കും ജീവസമൂഹത്തിനും ദോഷം വരാത്ത രീതിയിൽ അതിനെ സംസ്കരിച്ച് മൂല്യമുള്ള വസ്തുക്കളായി മാറ്റുക എന്നുള്ളതാണ് പുതിയകാലം നമ്മോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന പ്രവർത്തനം. 2023 ലോക പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക പ്ലാസ്റ്റിക് മലിനീകരണം പരിഹാരമാർഗ്ഗങ്ങൾ എന്നതാണ്.പാഠ്യപദ്ധതി പ്രവർത്തനങ്ങളും സമകാലിക സാഹചര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ശുചിത്വമുള്ള വിദ്യാലയവും ശുചിത്വമുള്ള വീടും പരിസരവും ഒപ്പം മാങ്കടവ് പ്രദേശവും എന്നും വൃത്തിയോടെ നിലനിർത്താൻ മാങ്കടവ് ജി.എം.എൽ.പി യിലെ വിദ്യാർത്ഥികളുടെ മുൻകൈയിൽ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും വൃത്തിയുള്ള മാങ്കടവ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
- ലക്ഷ്യം സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത കേരളം പ്രാവർത്തികമാക്കേണ്ടത് വരും തലമുറയുടെ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ആരോഗ്യ-ശുചിത്വ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളിൽ എത്തുന്നുണ്ട്. പ്രായോഗിക തലത്തിൽ മാലിന്യമുക്ത കേരള പദ്ധതിയും പാഠ്യ വസ്തുവായ ആരോഗ്യ ശുചിത്വ ശീലങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് 'വൃത്തിയുള്ള മാങ്കടവ്'.
മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന വസ്തുതകൾ ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുന്നതോടെ ജൈവമാലിന്യ സംസ്കരണത്തിലും അജൈവമാലിന്യ സംസ്കരണത്തിലും പ്രകടവും ഗുണപരവുമായ സ്വഭാവ വ്യതിയാനങ്ങൾ കുട്ടികളിൽ പ്രകടമാവുകയും അത് മാതൃകയായി അയൽവീടുകളിലും മാങ്കടവിലും വ്യാപിപ്പിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.അതായത് കുട്ടികളിൽ സ്വഭാവ വ്യതിയാനങ്ങലളുണ്ടാക്കിയെടുക്കുന്നതോടൊപ്പം മാലിന്യ സംസ്കരണത്തോടുള്ള സാമൂഹ്യ മനോഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് പദ്ധതിയുടെ പരമമായ ലക്ഷ്യം.
പ്രവർത്തന റിപ്പോർട്ട്
- സെപ്റ്റംബർ - ശുചിത്വ സർവേ
കുട്ടികൾക്ക് അവരുടെ സ്കൂൾ-വീട് പരിസരവുമായി ബന്ധപ്പെട്ട് ജൈവ- അജൈവമാലിന്യങ്ങൾ, കമ്പോസ്റ്റ്, കുടിവെള്ള ലഭ്യത മുതലായ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ശുചിത്വ സർവേ നടത്തി. സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യമുക്ത ക്യാമ്പയിനിന്റെ തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം" എന്ന ബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
- ഉദ്ഘാടനം - 2023 സപ്തംബർ 26
മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ കുട്ടികളുടെ മാലിന്യമുക്ത ക്യാമ്പയിനായ വൃത്തിയുള്ള മാങ്കടവ് ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. സുശീലയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. എം.സുജയ പദ്ധതി വിശദീകരണം നടത്തി.തുടർന്ന് സ്കൂൾ ലീഡർ മുനവ്വിർ വൃത്തിയുള്ള മാങ്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി. അബ്ദുൽ കരീം, ടി.അജയൻ, മുല്ലക്കൊടി മാപ്പിള എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി. കെ.സുരേഷ് ബാബു, സ്കൂൾ പിടിഎ പ്രസിഡണ്ട് എം പി ബഷീറുദ്ധീൻ, മദർ പി ടി.എ പ്രസിഡണ്ട് സി. ഷഫീറ,സക്കരിയ അസ്അദി,സി.എച്ച്.ഇസ്മയിൽ,
വി.ഇബ്രാഹിം,സി.നൗഷാദ്, വി.സമീർ,ശ്രീമ ശ്രീധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപകൻ കെ പി വിനോദ് കുമാർ സ്വാഗതവും വൃത്തിയുള്ള മാങ്കടവ് കോ ഓർഡിനേറ്ററായ കെ രമ്യ നന്ദിയും പ്രകാശിപ്പിച്ചു
- 2023 സപ്തംബർ 29 - ഗ്രീൻ ബ്രിഗേഡ് രൂപീകരണം
2023,സപ്തംബർ 29 വെള്ളി ഗ്രീൻ ബ്രിഗേഡ് രൂപീകരണം നടന്നു. മൂന്ന്,നാല്,അഞ്ച് ക്ലാസുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. വൃത്തിയുള്ള മാങ്കടവ് ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിലും പരിസരപ്രദേശങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഏകോപിപ്പിക്കുകയുമാണ് ആർമിയുടെ ലക്ഷ്യം.
- 2023 ഒക്ടോബർ 2- സാമൂഹ്യ ശുചീകരണം
മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ. പി. സ്കൂൾ കുട്ടികളുടെ മാലിന്യമുക്ത ക്യാമ്പയിൻ വൃത്തിയുള്ള മാങ്കടവിന്റെ ഭാഗമായുള്ള സാമൂഹ്യ ശുചീകരണം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി.അബ്ദുൽ കരീം ഉദ്ഘാടനം നിർവഹിച്ചു. കുന്നുംപുറം മുതൽ ചാൽ റൈസ് മില്ല് വരെ വിദ്യാലയത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന റോഡുകൾക്ക് ഇരുപുറവും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശുചിത്വ പദ്ധതി വിളംബരം ചെയ്തു.
വൃത്തിയുള്ള മാങ്കടവിന്റെ വോളന്റീർമാരായ ഗ്രീൻ ബ്രിഗേഡ് അംഗങ്ങളുടെ നേതൃത്വത്തിൽ 3,4,5 ക്ലാസ്സുകളിലെ കുട്ടികൾ,പി.ടി.എ അംഗങ്ങൾ, വിവിധ സംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം. ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ, പി.ടി.എ വൈസ് പ്രസിഡണ്ട്മാരായ സി.അബ്ദുള്ള,എം.പി സയ്യിദ്, മദർ പി.ടി.എ പ്രസിഡന്റ് സി.ഷഫീറ, വി.ഇബ്രാഹിം, സി കെ അബ്ദുൾ റഷീദ്, അധ്യാപികമാരായ കെ രമ്യ, ശ്രീമ ശ്രീധരൻ, മേധ മധു , ടി.വി ഷിൽന, സി.പി സുബൈബത്ത്, എം.മൃദുല, കെ.സപ്ന, ചിത്ര, പിടിഎ അംഗങ്ങളായ ജംഷീറ,അജീല എന്നിവർ നേതൃത്വം നൽകി.
2023 ഒക്ടോബർ 13 വെള്ളി
- ഗ്രീൻ ബ്രിഗേഡ് പരിശീലനം.
- ഹരിത കർമ സേനാംഗങ്ങളുമായി അഭിമുഖം.
- രക്ഷിതാക്കൾക്കുള്ള ബോധവത്കരണം
പരിശീലന പരിപാടിയിൽ ക്ലാസ് നയിച്ചത് ന്യൂ മാഹിഎൽ പി സ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ ആയ കെ.പിസചീന്ദ്രൻ ആയിരുന്നു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. പാപ്പിനിശ്ശേരി V.E.O കെ.കെ കവിത ഹരിത കർമ സേനാംഗങ്ങളായ കെ.വി റീജ , ശ്രീലത എന്നിവർ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി. ഖരമാലിന്യ സംസ്കരണത്തിന് ഇത്തരം ഒത്തുചേരലുകൾ ഏറെ ഗുണകരമാകുമെന്ന് പരിപാടിയിൽ പൊതുവെ അഭിപ്രായം ഉയർന്നു.
ഹെഡ്മാസ്റ്റർ കെ. പി വിനോദ് കുമാർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ വി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി.അബ്ദുള്ള മദർ പി. ടി. എ. പ്രസിഡണ്ട് സി.ഷഫീറ., വി .ഇബ്രഹിം സി.കെ.സുരേഷ് ബാബു മാസ്റ്റർ എന്നിവർ പങ്കെടുത്ത പരിപാടിക്ക് കോ ഓഡിനേറ്റർ കെ.രമ്യ നന്ദി അറിയിച്ചു.
മുഖാമുഖത്തിന് ശേഷം ഒക്ടോബർ 2ന്റെ സാമൂഹ്യ ശുചീകരണ പരിപാടിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഹരിത കർമ സേനയ്ക്ക് കൈമാറി. ഹരിത കർമ സേനാംഗങ്ങളായ റീജ കെ.വി,ശ്രീലത എന്നിവർ പ്ലാസ്റ്റിക് വസ്തുക്കൾ ഏറ്റുവാങ്ങി.
2023 ഡിസംബർ 22 വെള്ളി
"നാടിനായി ഒരുങ്ങുന്നു ആയിരം തുണി സഞ്ചികൾ" എന്ന മുദ്രാവാക്യവുമായി തുണിസഞ്ചി നിർമാണവും പാഴ്‌വസ്തുക്കളിൽ നിന്നുള്ള കരകൗശല പ്രദർശനവും നടത്തി.പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി.അബ്ദുൽ കരീം പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച ഉപയോഗ യോഗ്യമായ തുണി ഉപയോഗിച്ചാണ് നാടിനായി 1000 തുണിസഞ്ചികൾ ഒരുക്കുന്ന പദ്ധതി സംഘടിപ്പിച്ചത്.വീടുകളിൽനിന്നും തയ്യൽ മെഷീനുകളുമായെത്തിയ സന്നദ്ധരായ അധ്യാപക രക്ഷാകർത്തൃ സമിതി അംഗങ്ങൾ സ്കൂളിൽ വച്ചു തന്നെ തുണിസഞ്ചികൾ തയ്യാറാക്കി.റിട്ടയേർഡ് ICDS സൂപ്പർവൈസർ സുധ തെക്കേയിൽ പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നിർമ്മിച്ചു നൽകി. പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രദർശനം കുട്ടികളെയും രക്ഷിതാക്കളെയും ഏറെ ആകർഷിച്ചു.സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രദർശനത്തിൽ സുധ തെക്കെയിൽ വസ്തുക്കളുടെ നിർമാണ രീതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.പി. സയ്യിദ്,മദർ പി.ടി.എ. പ്രസിഡന്റ് സി.ഷഫീറ, വൃത്തിയുള്ള മാങ്കടവ് കോ ഓഡിനേറ്റർ കെ. രമ്യ, ടി.വി.രഞ്ജിത , ശ്രീമ ശ്രീധരൻ, എം.മൃദുല. , ടി.വി.ഷിൽന , സി.പി.സുബൈബത്ത് , സി.എച്ച് ഇസ്മയിൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള തുണി സഞ്ചി വിതരണം പ്രധാന അധ്യാപകൻ കെ.പി വിനോദ് കുമാർ നിർവഹിച്ചു. തുണിസഞ്ചി നിർമാണത്തിന് സെലീന സി.എച്ച്,മൈമൂനത്ത് എന്നിവർ നേതൃത്വം നൽകി.
പഠന സാമഗ്രികൾ
- സർവേ -1
- ഗ്രീൻ ബ്രിഗേഡ് പരിശീലന വീഡിയോ
- ഗ്രീൻ ബ്രിഗേഡ് അംഗങ്ങൾക്കുള്ള ബോധവത്കരണ ക്ലാസ്
- വൃത്തിയുള്ള മാങ്കടവ് തീം സോംഗ്
- സർവേ -2
ഗ്രീൻ ബ്രിഗേഡ് ബോധവത്കരണ ക്ലാസ്
പദ്ധതിയുടെ ഗുണ ഫലങ്ങൾ
പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് | പദ്ധതി നടപ്പിലാക്കിയതിന് ശേഷം | ||
---|---|---|---|
വാർഡ് മൂന്നിൽ യൂസർ ഫീ നൽകിയ വീടുകൾ % ത്തിൽ | 60.9 | വാർഡ് മൂന്നിൽ യൂസർ ഫീ നൽകിയ വീടുകൾ % ത്തിൽ | 90.1 |
ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ | 235-270 KG | ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ | 305-360 KG |
- സർവേ -2 അപഗ്രഥനം
മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ 2023-2024 അധ്യയന വർഷത്തിൽ നടപ്പിലാക്കിയ മാലിന്യമുക്ത ക്യാമ്പയിൻ ആയ "വൃത്തിയുള്ള മാങ്കടവ് " കുട്ടികളിൽ ധാരാളം ഗുണപരമായ മാറ്റങ്ങൾ വരുത്തിയതായി ഈ സർവേയിലൂടെ വെളിപ്പെടുന്നുണ്ട്. മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് ഈ പദ്ധതിയിൽ ഇടപെട്ടതിലൂടെ സാധിച്ചു എന്നു തന്നെയാണ് ഈ സർവേയിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. ജൈവമാലിന്യവും അജൈവമാലിന്യവും വേർതിരിച്ചു സംസ്കരിക്കുവാനുള്ള ഒരു ശീലം ചെറിയ കുട്ടികളിൽ പോലും അവരുടെ വീടുകളിൽ നടത്തിയിട്ടുള്ള സംവിധാനത്തിന്റെ ഭാഗമായി രൂപപ്പെട്ടു വന്നിട്ടുണ്ട്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി നടത്തിയ സർവേയിലൂടെയാണ് ഇത്തരത്തിൽ ഒരു നിഗമനത്തിലേക്ക് എത്തിച്ചേർന്നത്. എല്ലാ കുട്ടികളും അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനു വേണ്ടി വീടുകളിൽ പ്രത്യേക സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ വീടുകളിൽ പ്ലാസ്റ്റിക് സാധനങ്ങൾ എത്തുന്നതിൽ ഗണ്യമായ കുറവ് വന്നതായി ഈ പഠനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. വൃത്തിയുള്ള മാങ്കടവ് പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് വീടുകളിൽ കൊണ്ടുവന്നിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് തുലോം കുറവാണ് ഇപ്പോഴത്തെ മാലിന്യത്തിന്റെ അളവ് എന്ന് ഈ സർവേ ഫലം വെളിപ്പെടുത്തുന്നു. അതുപോലെ സാധനങ്ങൾ വാങ്ങുന്നതിന് പാത്രങ്ങളും തുണിസഞ്ചികളും ഉപയോഗിക്കുന്ന ഒരു ശീലം കുട്ടികളിൽ പ്രകടമായിട്ടുണ്ട്.
- ശുചിത്വ സന്ദേശ യാത്രയും വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനവും
വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയയിലുള്ള മാങ്കടവ് ചാലിൽ നിന്നാരംഭിച്ച് മാങ്കടവ് മിൽ, കല്ലൂരി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുന്നുംപുറത്ത് അവസാനിക്കുന്ന രീതിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന സംഘം ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക രംഗങ്ങളിലെ പ്രമുഖർ സംസാരിച്ചു. കൂടാതെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പരിപാടികൾ അരങ്ങേറി.സമാപനവേദിയായ കുന്നുംപുറത്ത് വെച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ വൃത്തിയുള്ള മാങ്കടവ് പ്രഖ്യാപനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ,വാർഡ് മെമ്പർ അബ്ദുൽ കരീം വി, പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല, മദർ പി ടി എ പ്രസിഡണ്ട് സി ഷഫീറ, പിടിഎ വൈസ് പ്രസിഡണ്ട് എം പി സയ്യിദ്, സി എച്ച് ഇസ്മയിൽ ഹാജി, അധ്യാപികമാരായ രമ്യ കെ, രഞ്ജിത ടിവി, ശ്രീമ ശ്രീധരൻ, എം മൃദുല, സി പി സുബൈബത്ത്, ഷിൽന ടി വി, പ്രീത കെ, സപ്ന കെ എന്നിവർ സംസാരിച്ചു.
ഹൗസ് തല പ്രവർത്തനങ്ങൾ
ഓരോ ക്ലാസിലും കുട്ടികളെ ബ്ലൂ,റെഡ്,വൈറ്റ് എന്നീ അഞ്ചു ഹൗസുകളാക്കി തിരിച്ച് അവരുടെ നേതൃ പാടവം,വ്യക്തി ശുചിത്വം,പരിസര ശുചിത്വം,വായനാശീലം തുടങ്ങിയ മേഖലകളിലെ കഴിവ് വളർത്താനുതകുന്ന പ്രവർത്തനങ്ങൾ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ നടന്നു വരുന്നു.കുട്ടികൾ അറിയാതെ തന്നെ അവരെ വിലയിരുത്തപ്പെടുകയും മികച്ച ഹൗസുകളെ കണ്ടെത്തി പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
എൽ.എസ്.എസ് പരിശീലനം & അക്ഷര കളരി
വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും അവരുടെ നിലവാരത്തിന് അനുസരിച്ച് വിവിധ പരിശീലന ക്ലാസുകൾ നടത്തി വരുന്നു.
- എൽ എസ് എസ് പരിശീലനം
നാലാം തരം കുട്ടികൾക്കായി അധികസമയം കണ്ടെത്തി അധ്യാപകരുടെ നേതൃത്വത്തിൽ വിഷയാടിസ്ഥാനത്തിൽ മികച്ച പരിശീലനം നൽകുന്നു.
- അക്ഷര കളരി
എല്ലാ ക്ലാസിലും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി അക്ഷര കളരി നടന്നുവരുന്നു.അധ്യാപകരുടെ മേൽനോട്ടത്തിലാണ് പ്രത്യേക പരിശീലനം നടത്തുന്നത്.
യൂണിറ്റ് ടെസ്റ്റ്
പാദവാർഷിക അർദ്ധ വാർഷിക മൂല്യനിർണയങ്ങൾക്ക് പുറമേ ഓരോ യൂണിറ്റുകൾ പൂർത്തിയാകുന്ന മുറയ്ക്ക് യൂണിറ്റ് ടെസ്റ്റുകൾ നടത്തിവരുന്നു.
നവംബർ 14 ശിശു ദിനം
നവംബർ 14 ചാച്ചാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു.
- കെ ജി വിദ്യാർത്ഥികളുടെ ശിശുദിന റാലി
- ശിശുദിന ഗാനാലാപനം
- നെഹ്റു ചിത്രത്തിൽ റോസാപ്പൂ ചാർത്തൽ
- മധുര വിതരണം
- കളറിംഗ് മത്സരം
വിജയോത്സവം
വിവിധ മേളകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഡിസംബർ 7 ന് വിജയോത്സവം സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി അബ്ദുൽ കരീം സമ്മാനദാനം നിർവഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് സി. ഷഫീറ, പി.ടി.എ വൈസ് പ്രസിഡൻറ് സൈദ് എം.പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് സി.അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ കെ.പി.വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രഞ്ജിത.ടി.വി നന്ദിയും പറഞ്ഞു.
ഭാഷോത്സവം - കൂട്ടെഴുത്ത് പത്രനിർമാണവും പ്രകാശനവും
ഒന്നാം ക്ലാസുകാരുടെ ഭാവാവിഷ്കാരത്തിന്റെ നിറക്കാഴ്ചയായ ഭാഷോത്സവത്തിൽ കുട്ടികളുടെ കൂട്ടെഴുത്തിലൂടെ രൂപപ്പെട്ട പത്രം 'മിന്നാമിന്നി' യുടെ പ്രകാശനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു.ഒന്നാംതരം അധ്യാപിക ശ്രീമ ശ്രീധരൻ ചടങ്ങിന് നേതൃത്വം നൽകി.
ആർദ്രം പദ്ധതി
ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായകരമാകുന്ന പദ്ധതി. കുട്ടികളിൽ സഹായ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം അവർക്ക് ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജയ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുനവ്വിർ ആദ്യ തുക ആർദ്രം ബോക്സിൽ നിക്ഷേപിച്ചു.
സചിത്ര സംയുക്ത ഡയറി പ്രകാശനം
എസ്. എസ്. കെ യും കേരള വിദ്യാഭ്യാസ വകുപ്പും ആവിഷ്കരിച്ച ഒന്ന് രണ്ട് ക്ലാസുകളിലെ 'സചിത്ര സംയുക്ത ഡയറി' യുടെ ഭാഗമായി മാങ്കടവ് ജി.എം.എൽ.പി സ്കൂളിലെ കുട്ടിക്കുരുന്നുകളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ പ്രകാശനം സി.ആർ.സി കോഡിനേറ്റർ രാരീഷ് ചന്ദ്രൻ നിർവഹിച്ചു.കുട്ടികളിലെ ഭാഷാ ചിന്താവികാസത്തിന് വേണ്ടി ആവിഷ്കരിച്ച് ഈ ഒരു പദ്ധതി കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും ഗുണകരമായ മാറ്റങ്ങൾ കുട്ടികൾ പ്രകടമാവുകയും ചെയ്തു. അനുദിനം നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും അവയെ രക്ഷിതാവിൻറെ സഹായത്തോടെ എഴുതാനും ആണ് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നതെങ്കിൽ പിന്നീട് സ്വയം എഴുതാൻ സാധിക്കുന്ന തലത്തിലേക്ക് പല കുട്ടികളും മാറി എന്നത് പ്രതീക്ഷ ഉണർത്തുന്നു.എഴുത്തിനോടൊപ്പം വരയും കൂടിയാകുമ്പോൾ കുട്ടികളിലെ സർഗ്ഗാത്മകത കൂടി വികസിക്കുന്നു.ഒന്ന് രണ്ട് ക്ലാസ്സുകളിലെ അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രമ്യ.കെ, പ്രധാനാദ്ധ്യാപകൻ കെ.പിവിനോദ് കുമാർ എസ്. ഐ.ടി.സി സുബൈബത്ത്.സി.പി എന്നിവരുടെ മേൽനോട്ടത്തിൽ അക്ഷര വെളിച്ചം കണ്ട ഈ കുഞ്ഞു ഡയറികൾ വിദ്യാലയ മികവിന്റെ ഒരു സാക്ഷ്യപത്രം കൂടിയാവുകയാണ്. കൂടാതെ ഓൺലൈൻ ഫ്ലിപ്പ് ബുക്ക് രൂപത്തിലും പബ്ലിഷ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിക്കാൻ വിദ്യാലയത്തിന് സാധിച്ചു.
ഓലപ്പീപ്പി സീസൺ 2 -ദ്വിദിന സഹവാസ ക്യാമ്പ്
പഠനയാത്ര
ആരവം 2024 - സ്കൂൾ വാർഷികാഘോഷം
ജി.എം.എൽ.പി.എസ് മാങ്കടവ് 112 വാർഷികാഘോഷം 'ആരവം- '24 ' മാർച്ച് 8 വെള്ളിയാഴ്ച നടന്നു.പ്രശസ്ത നാടക ചലച്ചിത്ര നടി രജിത മധു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം പാപ്പിനിശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അൽ മാഹിർ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അശ്റഫ്,മാങ്കടവിന്റെ സ്വന്തം എഴുത്തുകാരി ബേനസീർ എന്നിവർ മുഖ്യാതിഥികളായി എത്തി. പി.ടി.എ വൈസ് പ്രസിഡൻ്റ് എം.പി സയ്യിദ്, AMSOS കൺവീനർ സി.എച്ച് ഇസ്മായിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡൻ്റ് സി. അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി രഞ്ജിത നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന് ശേഷം വേദിയിൽ അംഗനവാടി പ്രീപ്രൈമറി കുട്ടികളുടെ കലാവിരുന്നായ 'കൊലുസ്സ്' , യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാന ചടങ്ങ് 'ക്യാപ്&ഗൗൺ', സ്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്ന് 'മഴവില്ല്' , പൂർവ്വ വിദ്യാർത്ഥികളുടെ കലാവിരുന്നായ 'ഓളം' എന്നിവ വളരെ വർണ്ണാഭമായി നടന്നു.