പ്രവേശനോത്സവം 2026-27

ജവഹർ ഗവ. എൽ.പി.എസ്. തെന്നൂരിൽ അത്യന്തം വർണാഭമായും ഹൃദ്യമായും ആഘോഷിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറംസാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി കുട്ടികൾ ചേർന്ന് അക്ഷരദീപം തെളിയിച്ചു. തുടർന്ന് മനോഹരമായ അക്ഷരമരം ഒരുക്കുകയും നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ നിമിഷം ശ്രീ രാധാകൃഷ്ണൻ കുന്നുംപുറംസാർ കുട്ടികളോടൊപ്പം പാട്ടുപാടിയതായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റുപാടുകയും പരിപാടിക്ക് കൂടുതൽ മിഴിവേകുകയും ചെയ്തു. കൂടാതെശ്രീ.അഭിജിത്ത് കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ചു. കുട്ടികൾ അദ്ദേഹത്തോടൊപ്പം പാടിയും ആസ്വദിച്ചും പരിപാടിയെ ഉത്സവാന്തരീക്ഷത്തിലാക്കി.

സംഗീതവും സന്തോഷവും നിറഞ്ഞ ഈ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി. പരിപാടിയുടെ സമാപനത്തിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. നവാഗതരായ കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും അവിസ്മരണീയമായ അനുഭവമായി ഈ പ്രവേശനോത്സവം മാറി.

"പാട്ടും സന്തോഷവും നിറഞ്ഞ്, അക്ഷരവെളിച്ചത്തിന്റെ വഴിയിലൂടെ ഒരു പുതിയ അധ്യയന വർഷത്തിലേക്ക്.... ജവഹർ. ഗവ. എൽ. പി. എസ്. തെന്നൂർ.

പരിസ്ഥിതി ദിനാഘോഷം:-

ഗവ. എൽ.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പെരിങ്ങമ്മല കൃഷി ഓഫീസർ ശ്രീമതി സരിത എൻ. സ്കൂൾ പരിസരത്ത് പേരത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.

എസ്.എം.സി. ചെയർമാൻ ശ്രീ. അനി അധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജാറാണി സ്വാഗതം ആശംസിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ കാശിനാഥ് പരിസ്ഥിതി ദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.

ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കി. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ബാഡ്ജുകൾ തയ്യാറാക്കി ധരിക്കുകയും വിവിധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ക്ലാസ് മുറികളിൽ "ഭൂമിയമ്മയ്ക്ക് ഒരു കത്ത്" എന്ന സവിശേഷ പ്രവർത്തനവും സംഘടിപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുറുമി കൃതജ്ഞത രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കാൻ സഹായകമായ നിരവധി പ്രവർത്തനങ്ങൾ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.