പൂനൂർ പുഴ അതിരിട്ടൊഴുകുന്ന കുന്ദമംഗലം പഞ്ചായത്തിന്റെ വടക്ക് കിഴക്ക് പ്രദേശമാണ് ചൂലാംവയൽ. ആമ്പ്ര-കൂടത്താൽ മലകളുടെയും കുരുത്തോലക്കുന്നിന്റെയും താഴ്വരയിൽ പ്രകൃതി കനി‍‍ഞ്ഞനുഗ്രഹിച്ച ഗ്രാമം. കരുവാരപ്പറ്റ നായൻമാർ ഉൽസവം നടത്തിയപ്പോൾ ശൂലം കുത്തിയ വയൽ. പിന്നീട് ആവർത്തന പ്രയോഗത്തിൽ ശൂലംവയലും ചൂലാംവയലുമായി മാറിയതെന്ന് പഴമക്കാർ പറയുന്നു. കുരുത്തോലകൾകൊണ്ടുള്ള ഉത്സവദിവസങ്ങളിലെ ചമയങ്ങളും കാവുകളും അമ്പലപ്പറമ്പ് എന്ന പേരിലുള്ള പറമ്പുകളും പഴയ കാലത്തെ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. നെൽവയലുകളും കൈത്തോടും ഇടവഴികളും കുളങ്ങളും മുള്ളുവേലികളും ഓല മേഞ്ഞ വീടുകളും ഉണ്ടായിരുന്ന ചൂലാംവയൽ പ്രദേശം. മുളങ്കൂട്ടങ്ങളും ഈർമ്പനയും കുടപ്പനയും നിറഞ്ഞ പറമ്പുകൾ. വയലുകളിൽ തൊപ്പിപ്പാള വെച്ച കർഷകർ. വള്ളിച്ചെരിപ്പിൽ കാളകൾക്ക് പിന്നാലെ ചെളിപ്പാടങ്ങൾ. ഉഴുതുമറിച്ച വയലേലകളിൽ മുട്ടി കൊണ്ട് കട്ടയുടക്കുന്ന കർഷകർ. ദേശത്തിന്റെ ചരിത്രം ചികയുമ്പോൾ തെളിയുന്ന ചിത്രങ്ങൾ മുൻപേ കടന്നു പോയവർ വരച്ചുതരുന്നതിങ്ങിനെയൊക്കെയാണ്. പ്രശസ്തമായ തൊടുകയിൽ, തെക്കെയിൽ, ചാലിയിൽ തറവാടുകൾ മുസ്ലിംകളുടേത്. പിന്നെ കരുവാരപ്പന്ന നായൻമാരുടെയും അക്കരപ്പറമ്പത്ത് തിയ്യൻമാരുടെയും തറവാടുകൾ. തൊടുകയിൽ തറുവയിക്കുട്ടി ഹാജിയുടെയും ഒളോങ്ങക്കാരുടെയും കാളവണ്ടികൾ ചരക്കുഗതാഗതത്തിന്റെ പ്രധാന മാർഗങ്ങളായിരുന്നു. കോഴിക്കോട്ടേക്കും തിരിച്ചും കാർഷികോൽപ്പന്നങ്ങളുമായി അവ മണികിലുക്കത്തോടെ മുന്നിൽ തൂക്കിയിട്ട റാന്തൽ വിളക്കുമായി കടന്നുപോകുമായിരുന്നു. കാക്കാട്ടുപറമ്പിൽ നിന്നും തൊടുകയിൽ നിന്നും മറ്റും തലച്ചുമടായി ഓലയും മുളയും കൊണ്ടുവന്ന് മേൽക്കൂര കെട്ടിമേച്ചിൽ നടത്തിയിരുന്ന സ്കൂൾ ഷെഡും മുമ്പിലൊരു സ്രാമ്പിയയും നാട്ടിലെ പഴമക്കാർ ഇന്നും ഓർക്കുന്നു. ഒരിക്കൽ സ്രാമ്പിയയിൽ ദഫ് മുട്ട് നടത്തുമ്പോൾ ബ്രിട്ടീഷ് പട്ടാളം സ്രാമ്പിയിൽ ഓടിക്കയറി അക്രമം കാണിക്കുകയും എല്ലാം തച്ചുതകർക്കുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. മുളന്തണ്ട് ചെത്തിമിനുക്കി ഖലം എന്ന് വിളിക്കുന്ന പേനയുണ്ടാക്കി കരി കലക്കിയുണ്ടാക്കുന്ന മഷിയിൽ മുക്കി എഴുത്ത് പഠിക്കുന്ന കാലമായിരുന്നു അത്. സ്കൂളിലേക്ക് കാച്ചിത്തുണിയും തട്ടവും കുപ്പായവുമിട്ട മുസ്ലിം പെൺകുട്ടികളും മൊട്ടത്തലയും ചുവന്ന കരയുമുള്ള കിണ്ടൻ തുണിയുടുത്ത് വരുന്ന ആൺകുട്ടികളും. പലർക്കും ഷർട്ടുണ്ടായിരുന്നില്ല. മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് 1930 കളിൽ ഡപ്യൂട്ടി ഇൻസ്പെക്ടർമാർ നേരിട്ട് ചോദ്യം ചോദിക്കുന്ന പരീക്ഷാരീതിയായിരുന്നു. അന്നും ഒരു നിശ്ചിത കുട്ടികൾ വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ മാനേജറായിരുന്ന കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബ് തന്റെ കാക്കാട്ട് തറവാട്ടിലെ കുട്ടികളെ മുഴുവൻ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു. സ്കൂളിന്റെ മുമ്പിലെ കുഞ്ഞായിൻ കുട്ടിക്കായുടെ ചായപ്പീടികയിൽ കാപ്പിക്ക് ഒരു കാശും ചായക്ക് മൂന്ന് കാശും ഒരടുക്ക് പുട്ടിന് മൂന്ന് കാശും (ഒരണ സമം 6 കാശ്, 16 അണ സമം ഒരു രൂപ, ഒരുറുപ്പികക്ക് 16 ഗുണം 6 സമം 96കാശ്). വീടുകളിൽ പല്ലുതേയ്ക്കാൻ ഉമിക്കരിയും ചൂടുകാലത്ത് വിയർപ്പകറ്റാൻ കവുങ്ങിൻ പാള കൊണ്ടുള്ള വിശറിയും വെള്ളം കോരാൻ പാളയും. രാത്രി യാത്രക്കാർക്ക് വെളിച്ചമേകയിരുന്നത് ചൂട്ടുകറ്റകൾ. രാത്രിയിൽ നടക്കുമ്പോൾ വെളിച്ചമേകാൻ കടകളിൽ ഓലച്ചൂട്ട് വിൽപ്പനക്കുണ്ടായിരുന്നു.

കടപ്പാട്: സ്കൂൾ പൂർവാധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ആരാമ്പ്രം

"https://schoolwiki.in/index.php?title=ചൂലാംവയൽ&oldid=1688560" എന്ന താളിൽനിന്ന് ശേഖരിച്ചത്