നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു കൂട്ടം കുട്ടികളുടെ കൈകളിൽ വായന ഇന്നും സുരക്ഷിതമാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളാണ് മാതൃകാപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ജി.മോഹനന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ അക്ഷര സേന ” പ്രവർത്തിക്കുന്നത്. അക്ഷര സേന എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വായനയെ സംരക്ഷിക്കാൻ സന്നദ്ധരായ കുട്ടികൾ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് 'വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?' എന്നപേരില പുതിയ പദ്ധതിയുമായാണ് മുന്നോട്ടെത്തിയത്. സ്കൂൾ വായനശാലയുടെ നടത്തിപ്പും കുട്ടികളുടെ കരങ്ങളിൽ ഭദ്രം. ക്ലാസ്സുകളുടെ ഇടവേളകളിൽ മറ്റ് കൂട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നതും അത് അവരുടെ സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തുന്നതും സ്കൂൾ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതുമെല്ലാം കുട്ടികൾ തന്നെ. ഒഴാഴ്ചയാണ് ഒരാൾക്ക് ഒരു പുസ്തകം കൈവശം വെക്കാൻ കഴിയുന്നത്. നിശ്ചിത ദിവസത്തിന് ശേഷവും തിരികെ എത്താത്ത പുസ്തകങ്ങളെ തേടി അക്ഷര സേന എത്തും. പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ സ്റ്റോക് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലും അവർ ശ്രദ്ധിക്കുന്നു. പുതുതായി ലൈബ്രറിയിൽ എത്തുന്ന പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുതി നമ്പരിട്ട് സ്കൂൾ സീലും പതിച്ച ശേഷം മാത്രമെ വിതരണത്തിനെത്തു. ഓരോ ദിവസവും വിതരണം ചെയ്യുന്ന പുസ്തകങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. അവയുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മിക്ക സ്കൂൾ ലൈബ്രറികളുടെയും ലൈബ്രറിയന്മാരായി അദ്ധ്യാപകരാണുള്ളത്. അവർക്ക് ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ തങ്ങളുടെ ജോലിഭാരം അനുവദിക്കാറില്ല. എന്നാൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇവിടെ പ്രവർത്തനങ്ങൾക്കെല്ലാം പുതുജീവൻ കൈവരുന്നു. കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാനും അതിലൂടെ അവർക്ക് മുന്നിൽ ലോകജാലകം തുറക്കാനും നേതൃപാഠവം വളർത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. പി ടി എ യുടെയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെയും ഹെഡ്മിസ്ട്രസിന്റെയും പരിപൂർണ പിന്തുണയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമെന്ന് കുട്ടികൾ പറയുന്നു.