കോയിക്കൽ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ
അക്കാദമികമേഖല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിയ്ട്ടുള്ളത്. അക്കാദമികപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുമ്പോളാണ് സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സമഗ്രമായി കണ്ടു കൊണ്ടുള്ള ഒരു അക്കാദമിക ആസൂത്രണമാണ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ വിഷയങ്ങളെ ഉപമേഖലകളാക്കി തിരിച്ച് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സംസ്കൃതം, അറബിക് എന്നീ ഭാഷകളുമായി ബന്ധപ്പെട്ട വിവിധപ്രവർത്തനങ്ങൾ...
ഭാഷയുടെ സത്തയും അന്തസ്സും വിദ്യാർത്ഥികൾ ഉൾക്കൊള്ളേണ്ടതുണ്ട്. ലിഖിതവും വാചികവുമായ എല്ലാ കഴിവുകളും കുട്ടികൾ ആർജ്ജിച്ചിരിക്കണം.നല്ല മലയാളത്തോടൊപ്പം നല്ല ഇംഗ്ലീഷും കുട്ടികൾക്ക് ലഭ്യമാക്കണം. അതാത് സ്റ്റാന്റേർഡിൽ കരിക്കുലം ലക്ഷ്യം വയ്ക്കുന്ന നൈപുണികൾ കുട്ടികൾ നേടിയെന്ന് ഉറപ്പുവരുത്തണം.
(അക്ഷരബോധനം-പദകേളികൾ-വായനമത്സരം-സാഹിത്യപരിചയം-നാടകക്കളരി-ഫിലിംക്ലബ്ബ്-ശില്പശാലകൾ-സെമിനാറുകൾ-പ്രശ്നോത്തരികൾ-ഭാഷാലാബ്-കൈയെഴുത്തുമാസിക-ക്ലാസ്സ് ലൈബ്രറി-ഇലൈബ്രറി)
സർഗ്ഗാത്മകമേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ...
വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന് നല്ല മനുഷ്യരാക്കിത്തീർക്കുക എന്നതാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകശേഷികളെ പരിപോഷിപ്പിക്കലാണ് അതിനുള്ള എളുപ്പമാർഗ്ഗം. കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കുന്നതിലൂടെ പ്രസ്തുത ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ കഴിയും.
(കാവ്യമഞ്ജരി-പ്രസംഗവേദി-ഡിജിറ്റൽ ക്രിയേറ്റിവിറ്റി-നാടകവേദി-ഡോക്യുമെന്ററിനിർമ്മാണം)
ശാസ്ത്രപഠനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ...
ശാസ്ത്രപഠനം വസ്തുനിഷ്ഠവും കാര്യക്ഷമവും ആക്കേണ്ടതുണ്ട്. ശാസ്ത്രീയമായ അറിവുകളും കണ്ടെത്തലുകളും സ്വന്തം ജീവിതത്തിനും സാമൂഹികൊന്നമനത്തിനും ഉതകുന്ന തരത്തിലാക്കിത്തീർക്കാൻ കുട്ടികൾക്കു കഴിയണം. ചിട്ടയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.
(ലാബൊരുക്കം-ലഘുപരീക്ഷണങ്ങൾ-ശാസ്ത്രമാസിക-ശാസ്ത്രപാർക്ക്-ശില്പശാലകൾ-സെമിനാറുകൾ-പ്രശ്നോത്തരികൾ-അഭിമുഖങ്ങൾ-പഠനയാത്രകൾ-ശാസ്ത്രമേളാപരിശീലനം)
സാമൂഹികശാസ്ത്രപഠനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ...
സാമൂഹികബോധം ഉണർത്തുന്ന തരത്തിലാവണം സാമൂഹികശാസ്ത്രപഠനം. വ്യക്തികൾ ചേരുന്നതാണ് സമൂഹമെന്ന അടിസ്ഥാനചിന്ത കുട്ടികളിലുണ്ടാവണം. വ്യക്തിയുടെ വളർച്ച സമൂഹത്തിന്റെ വളർച്ചയാണെന്ന് തിരിച്ചറിയണം. നാടിന്റെ വികസനത്തിനും പുരോഗതിക്കും വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണ്. അത്തരത്തിലുള്ള അവബോധം വളർത്താനുതകുന്ന വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കുന്നു.
(പ്രാദേശികചരിത്രരചന-ക്വിസ്സ് മത്സരം-അറ്റ്ലസ് നിർമ്മാണം- ചരിത്രാന്വേഷണയാത്രകൾ-അഭിമുഖങ്ങൾ-ദിനാചരണങ്ങൾ)
ഗണിതപഠനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ...
വളരെ സവിശേഷതയുള്ള വിഷയമാണ് കണക്ക്. ഗണിതശാസ്ത്രം നന്നായി മനസ്സിലാക്കി പഠിക്കുവാനുള്ള അവസരങ്ങൾ ക്ലാസ്സ് മുറിയിലും പുറത്തും സജ്ജീകരിക്കുന്നു. രസകരമായി പഠിക്കാനുതകുന്ന തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.
(ഗണിതം മധുരം-ഗണിതലാബ്-ഗണിതരൂപങ്ങലുടെ നിർമ്മാണം-പസ്സിൽ പരിശീലനം-ഗണിതമാസിക)
ഹൈടെക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ...
പൊതു വിദ്യാഭ്യാസം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്. ഐ.സി.ടി.പഠനം യാഥാർത്ഥ്യമാവുകയാണ്. ഹൈടെക്ക് സ്കൂളിനു് അനുയോജ്യമായ പഠനപ്രക്രിയകൾ രൂപപ്പെടുത്തുന്നു. അത്യാധുനിക സങ്കേതങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അദ്ധ്യയനം നടപ്പിലാക്കുന്നു. കുറ്റമറ്റതും കാര്യക്ഷമവുമായ വിദ്യാഭ്യാസപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നു.
(ഹൈടെക്ക് ക്ലാസ്സ് മുറികൾ-കമ്പ്യൂട്ടർ പരിശീലനം-ഡിജിറ്റലൈസേഷൻ-ലിറ്റിൽ കൈറ്റ്സ്)
ക്ലബ്ബ് പ്രവർത്തനങ്ങലുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ...
പാഠാനുബന്ധപ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ആവശ്യമായ മുന്നൊരുക്കങ്ങളിലൂടെയും ക്രമീകരണങ്ങളിലൂടെയും നല്ല പ്രവർത്തനങ്ങൾ രൂപപ്പെടുത്താവുന്നതാണ്. രക്ഷാകർത്താക്കളുടെയും മറ്റും പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്. ക്ലാസ്സ് പഠനത്തിനു് തടസ്സം വരാത്ത തരത്തിൽ പരമാവധി എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ വേണം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്.
(ദിനാചരണങ്ങൾ-മാതൃകാ അസംബ്ലി-സെമിനാറുകൾ-പ്രദർശനങ്ങൾ-ടാലന്റ് ലാബ്-മത്സരപരീക്ഷാപരിശീലനം-ക്ലാസ്സ് സഭ-കൃഷിപരിപാലനം-മേളകൾ)
പഠനവും പരീക്ഷകളും വിലയിരുത്തലുകളും പി.ടി.എ.കളും കൃത്യമായി നടക്കണം. വിവിധ സമിതികളുടെ ക്രിയാത്മകമായ ഇടപെടലുകളും അനിവാര്യമാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഫണ്ടുകൾ കണ്ടെത്തേണ്ടതുണ്ട്.