ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഒഴുകി വന്ന തൂവലുകൾ..
ഒഴുകി വന്ന തൂവലുകൾ..
നദി കണ്ണാടി പോലെ തെളിനീരൊഴുക്കുകയാണ്. ആ ഓളങ്ങളിൽ അവളുടെ പ്രതിബിംബം താളം തുള്ളുകയാണ്. ആ മുഖത്ത് വല്ലാത്ത വിഷമം അലതല്ലുന്നു. എന്തിനെയോ പ്രതീക്ഷിച്ചു നിൽക്കയാണ് അവൾ.എന്നാൽ അവർക്ക് തൻ്റെ ആഗ്രഹം സാധിക്കുമെന്നതിൽ ഒരുറപ്പും ഇല്ലായിരുന്നു. കണ്ടഅങ്ങകലെ നിന്ന് ഒഴുകി വരുന്ന കറു കറുത്ത മാലിന്യത്തിൽ അവളുടെ പ്രതിബിംബം മാഞ്ഞു തുടങ്ങി. മഴ തൻ്റെ സംഹാര താണ്ഡവം ആടുന്നു. അവൾ നദിയിലേക്ക് തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ കണ്ട ആ സന്തോഷം പുഴകളുടെ ഓളങ്ങളിൽ നിന്ന് കട്ടെടുത്തതാണ്.മഴയുടെ ,തൻ്റെ വാർമുടി അഴിച്ചിട്ട് ഭ്രാന്തിയെപ്പോലുള്ള ചിരി അവളിൽ ഭയം ജനിപിച്ചിരുന്നു.എന്നാലും താൻ അമ്മയെ പോലെ കരുതുന്ന പുഴ തന്നെ ചതിക്കില്ല എന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. ആ പുഴയുടെ മാറിൽ നീന്തിക്കളിച്ച ആ പെൺകുട്ടിയെ പുഴക്ക് ചതിക്കാനാകുമോ? രാത്രിയിൽ പുഴയുടെ ചങ്ങാതിയായ പൂർണ ചന്ദ്രൻ്റെ പ്രതിബിംബം പുഴയിൽ വെള്ളത്തട്ടമിട്ടതു പോലെ ഓള മിടുമ്പോൾ അവൾ ആ തട്ടത്തെ തൻ്റെ കൈക്കുള്ളിൽ ആക്കാൻ ശ്രമിക്കുമായിരുന്നു. പെട്ടെന്നാണ് കാർമേഘം ആ പാൽ കിണ്ണത്തെ മറച്ചത്. കാർമേഘങ്ങൾക്കിടയിലൂടെ നിലാവിൻ്റെ അംശങ്ങൾ ചിന്നിച്ചിതറി വീണു. രാത്രിയുടെ മാറിൽ അവൾ ചാഞ്ഞുറങ്ങി. രാവിലെ കുളിക്കാനായി തോർത്തും ഒരു കഷണം തേഞ്ഞ സോപ്പുമായി നദീതീരത്തേക്ക് നടന്നു. തണുത്ത ജലത്തിലേക്ക് കാൽ വയ്ക്കാൻ തുടങ്ങിയപ്പോഴാണ് അകലെ നിന്ന് എന്തോ ശബ്ദം കേട്ടത്. ഓടുന്നതിനിടയിൽ കാൽ എന്തിലോ തട്ടി വേദനിച്ചു. വേദന അവഗണിച്ച് അവൾ ഓടി ശബ്ദം കേട്ട പുൽ തുരുത്തി നടുത്തെത്തി.അവൾ നദിയിലേക്ക് നോക്കി, പിന്നെ ആകാശത്തേക്കും.. 'ഇതെന്താ പകൽ സമയത്തും ചന്ദ്രനോ; വെളുത്ത പഞ്ഞിക്കെട്ടു പോലൊരു രൂപം. ചുവന്ന നീണ്ട ചുണ്ടുകൾ " ഇത് അരയന്നമാണ് ‘, അവൾ മന്ത്രിച്ചു.കൂട്ടം തെറ്റി വന്നതാണെന്നു തോന്നുന്നു. എന്തോ അപകടം പറ്റിയിട്ടുണ്ട്. അവളതിനെ വെള്ളത്തിൽ നിന്നെടുത്തു. 'നല്ല ഭാരം .കാലുകൾ ഒടിഞ്ഞിട്ടുണ്ട് ‘. അവൾ എന്തോ പച്ചില പറിച്ച് തിരുമി അതിൻ്റെ കാലിൽ വച്ചുകെട്ടി. അതിനെയും എടുത്ത് വീട്ടിലേക്ക് നടന്നു. അതിനെ പരിപാലിച്ചും ശുശ്രൂഷിച്ചും ദിവസങ്ങൾ കടന്നുപോയി. അരയന്നത്തിൻ്റെ കാലുകൾ ഭേദമായി.അവർ നന്നായി അടുത്തു. പുഴയുടെ ലോലമാം നീരിൽ അവർ നീന്തിത്തുടിച്ചു. ആ ദിവസം അവൾ വേദനയോടെ ഓർത്തു.. അമ്മ അരയന്നത്തോടൊപ്പം തൻ്റെ ചങ്ങാതി പോയത്. എന്നാൽ തൻ്റെ രക്ഷകയെ മറക്കാൻ ആ കുഞ്ഞ് അരയന്നത്തിനു കഴിഞ്ഞിരുന്നില്ല.. അത് എല്ലാ വർഷവും തൻ്റെ കുടുംബത്തോടൊപ്പം ചങ്ങാതിയെ കാണാൻ എത്തിയിരുന്നു. ഒരു വർഷത്തിനിടക്ക് എന്താണ് സംഭവിച്ചത്. പുഴയോരത്ത് വന്ന ആ ഫാക്ടറി മാലിന്യം മുഴുവൻ നദിയിൽ തള്ളാൻ തുടങ്ങി. ഫാക്ടറിയിലെ കറു കറുത്ത മാലിന്യം പുഴയുടെ സൗന്ദര്യം നശിപ്പിച്ചു. പുഴയിലേക്ക് ഇറങ്ങാൻ തന്നെ എല്ലാരും അറച്ചു.’ ജീവ ജാലങ്ങൾ ചത്തൊടുങ്ങി.ആ ദിവസങ്ങൾ അടുത്തു വരുന്തോറും അവളുടെ മനസിൽ വേവലാതിയായി. തൻ്റെ ചങ്ങാതിക്ക് ഈ മാലിന്യം നീന്തി കടക്കാൻ ആകുമോ? അവൾ ആകാംഷയോടെ വഴിക്കണ്ണുമായി കാത്തിരുന്നു. എന്തോ ബഹളം കേട്ട് അവൾ പിടഞ്ഞെഴുന്നേറ്റു. കരി കലർന്ന പുഴയിലൂടെ എന്തോ ഒഴുകി വരുന്നുണ്ട്. വെള്ളത്തൂവലുകൾ കാറ്റിൽ പറക്കുന്നു. അവൾ പുഴയോരത്തു കുടി മുന്നോട്ട് ഓടി. അവിടെ അമ്മ അരയന്നം നിസ്സഹായയായി നിൽക്കുന്നതാണ് കണ്ടത്. തൻ്റെ സുഹൃത്ത് ആ മലിനജലത്തിൽ മുങ്ങി ശ്വാസം മുട്ടി മരിച്ചിരിക്കുന്നു. കാറ്റിൻ്റെ ഓളങ്ങളിൽ തെന്നി വന്ന ആ തൂവലുകൾ കറുത്തിരുന്നു.എന്നിട്ടും അവൾ പ്രതീക്ഷയോടെ കാത്തിരുന്നു.. പുഴയുടെ കറുത്ത ഓളങ്ങൾ അവളുടെ അവളുടെ പ്രതിബിംബത്തെ മായ്ച്ചു കളഞ്ഞു, ഒപ്പം അവളുടെ മനസിൻ്റെ സന്തോഷത്തേയും.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |