കൊറോണ - അനുഭവം

കൊറോണ എന്ന വാക്ക് നമ്മൾ ഏതാണ്ട് ഡിസംബർ അവസാനത്തോടുകൂടി കേൾക്കുകയാണ്. അന്ന് നമ്മുടെ അയൽരാജ്യമായ ചൈനയിലാണ് കേട്ടത്. ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും, എന്തിന് നമ്മുടെ വീടിനടുത്തു വരെ എത്തി നിൽക്കുന്നു കൊറോണ. ഇതെന്താണെന്ന് ‍ഞാനും ഒരന്വേഷണം നടത്തി. എന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കുറച്ചു കാര്യങ്ങൾ ഞാൻ പറയാം. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ അനുനിമിഷം കൊണ്ട് പടർന്നു പിടിച്ച ഒരു വൈറസ് രോഗമാണ് കൊറോണ. 'കിരീടം' എന്നർത്ഥം വരുന്ന കൊറോണ ലോകമാകുന്ന രാജാവിനെ കിരീടമണിയിച്ചിരിക്കുകയാണ്. പാൻഡമിക് വിഭാഗത്തിൽപ്പെട്ട ഈ രോഗം മിക്കരാജ്യങ്ങളേയും വിഴുങ്ങിയിരിക്കുന്നു. കേവലം ഒരു ജലദോഷപ്പനിയായ കൊറോണയെ നാം ഭയക്കേണ്ടിയിരിക്കുന്നു, കാരണം രോഗപ്രതിരോധശേഷി കുറവായ പ്രായമായവരേയും കുട്ടികളേയും ഇത് വളരെ വേഗം ആക്രമിക്കുന്നു. നമ്മുടെ സർക്കാരിന്റെ 'ലോക്ഡൗൺ' എന്ന സംരംഭത്തിലൂടെ നാം വീട്ടിൽ തന്നെയിരുന്ന് കൊറോണയെ ചെറുക്കുകയാണ്. ഞങ്ങൾക്ക് ഇതിലും നല്ലൊരു അവസരം ഇനി കിട്ടിയെന്നു വരില്ല. ഞങ്ങൾക്ക് പുത്തൻ അറിവുകൾ പകർന്നു തരുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. മൊബൈൽ ലോകത്തേക്ക് വഴുതി വീണ രക്ഷിതാക്കൾ ഞങ്ങളോടൊപ്പം കളിക്കുകയാണ്. ഇതിലും വലിയ സന്തോഷം മറ്റെന്തുണ്ട്?. പണ്ടത്തെ കളികൾ ഒത്തിരി പരിചയപ്പെടാൻ എനിക്കു കഴിഞ്ഞു. അതോടൊപ്പം വീട്ടിലുള്ള വിഭവങ്ങൾ കൊണ്ടുള്ള സ്വാദേറിയ വിഭവങ്ങളും. വൈകുന്നേരങ്ങളിൽ അച്ഛനോടും അമ്മയോടും ഒപ്പം വാർത്ത കാണുന്നത് ഞാൻ പതിവാക്കി. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും കാണും. ഈ ലോക്ഡൗണിൽ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവവും എനിക്കുണ്ട്. ഞാനും ചേട്ടനും അനിയത്തിയും ചേർന്ന് അവബോധപരിപാടിയായി ഒരു ഡോക്യുമെന്ററിയും ചെയ്തു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോൾ ഒരു സിനിമയിൽ അഭിനയിച്ച സന്തോഷമായിരുന്നു എനിക്ക്. ലോക് ഡൗൺ പിരീഡ് നന്നായി ആസ്വദിക്കുന്നുണ്ടെകിലും കൊറോണ വൈറസ് ഈ ലോകത്ത്നിന്നും പിഴുത് കളഞ്ഞ് നമ്മുടെ ഭീതിയകറ്റാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കൂട്ടുകാരേയും ടീച്ചർമാരേയും കാണാൻ കൊതിയാകുന്നു. എന്തെല്ലാം വിശേഷങ്ങൾ പറയാനുണ്ടെന്നോ? കുറച്ചു ദിവസംകൂടി എല്ലാവരും'വീട്ടിലിരിക്കൂ സുരക്ഷിതരാകൂ'

തന്മയ് എസ് ബിനോയ്
3 B ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം