അതിജീവനം

കിഴക്ക് ദൂരെ സെലോന എന്ന ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബം താമസിച്ചിരുന്നു. ആ വീട്ടിലെ കുടുംബനാഥനായ റോട്ടസ് വിദേശത്ത് ജോലി ചെയ്യുകയാണ്. അവധിക്ക് റോട്ടസ് നാട്ടിൽ വന്നു. രണ്ടാഴ്ച്ചയ്ക്കു ശേഷം ഒരു ദിവസം രാവിലെ അടുത്തുള്ള മാർക്കറ്റിൽ പോയിവന്ന റോട്ടസ് വല്ലാതെ ക്ഷീണിതനായി .പെട്ടെന്ന് അയാൾ തലകറങ്ങി വീണു. കണ്ടു നിന്ന ഭാര്യ മെറിൻ അടുത്തുള്ള ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. ഡോക്ടർ വന്ന് റോട്ടസിനെ പരിശോധിച്ചു. റോട്ടസ് ഒരു വൈറസ് ബാധിതനായി എന്ന് ഡോക്ടർ മെറിനോട് പറഞ്ഞു. അവൾ അതീവ ദു:ഖിതയായി. ഡോക്ടർ മെറിനോട് എവിടെയെങ്കിലും പോയി വന്നപ്പോഴാണോ റോട്ടസ് ക്ഷീണിതനായത് എന്നു ചോദിച്ചു. “അദ്ദേഹം രണ്ടാഴ്ച്ചമുമ്പ് വിദേശത്തു നിന്ന് വന്നതാണ് എന്നാൽ അപ്പോഴോന്നും അദ്ദേഹത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇപ്പോൾ മാർക്കറ്റിൽ പോയിവന്നപ്പോഴാണ് ക്ഷീണം വന്ന് തല കറങ്ങി വീണത്.” എന്ന് മെറിൻ പറഞ്ഞു. പിന്നീട് ഡോക്ടർ മെറിനും മകൾക്കും വൈറസ് ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു. പക്ഷേ അവർക്ക് കുഴപ്പമൊന്നും ഇല്ല. എന്നാലും ഡോക്ടർ അവരോട് മാറിത്താമസിക്കാൻ പറഞ്ഞു. എന്നാൽ റോട്ടസിനെ വിട്ടുപോകുവാൻ മെറിനും മക്കളും തയ്യാറായില്ല. “ദയവായി നിങ്ങൾ ഞാൻ പറഞ്ഞത് കേൾക്കണം നിങ്ങൾ ഇവിടെ നിന്ന് മാറിത്താമസിച്ചേ പറ്റു" എന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടർ പറഞ്ഞത് വിഷമത്തോടെ അനുസരിച്ച് അവർ മാറിത്താമസിച്ചു. വീട്ടിൽ നിന്നും ചികിത്സിച്ച റോട്ടസ് പെട്ടെന്ന് ഗുരുതരാവസ്ഥയിലായി. അതോടെ വീട്ടിലെ ചികിത്സ ഒഴിവാക്കി ഡോക്ടർമാർ റോട്ടസിനെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ റോട്ടസിന് കോറോണ വൈറസാണ് എന്ന് സ്ഥിരീകരിച്ചു. അതേസമയം റോട്ടസ് പോയിരുന്ന മാർക്കറ്റിൽ നിന്ന് ഒരാൾക്ക് വൈറസ് ബാധസ്ഥിരീകരിച്ചു.രണ്ടുപേർക്ക് രോഗം വന്നതോടെ വൈറസ് വ്യാപകമായി പടർന്നോ എന്ന് ആരോഗ്യപ്രവർത്തകർക്ക് സംശയമായി. അവർ വൈറസ് കൂടുതലാവാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തു. അതേസമയം റോട്ടസിന്റെ ഭാര്യ മെറിനും മക്കളും റോട്ടസിനെ കാണുവാൻ ആശുപത്രിയിൽ വന്നു. എന്നാൽ ഡോക്ടർമാർ അവരെ ആശുപത്രിയുടെ അകത്തേക്ക് കടത്തിവിട്ടില്ല. റോട്ടസിന്റെ അവസ്ഥയെക്കുറിച്ച് ഡോക്ടർ മെറിനോട് പറഞ്ഞു "റോട്ടസിന് ബാധിച്ചത് കൊറോണ വൈറസ് ആണ്. റോട്ടസിന് വിദേശത്തു നിന്നാവണം വൈറസ് ബാധിച്ചത്. അതുകൊണ്ടു തന്നെ നിങ്ങൾ ഇവിടെ വരരുത്. വന്നാൽ വൈറസ് ബാധിക്കും " എന്ന് ഡോക്ടർ പറഞ്ഞു. ഇതൊക്കെ കേട്ട് മെറിനും മക്കളും തിരിച്ചു പോയി. ആ സമയത്ത് റോട്ടസിനെ ചികിത്സിക്കുന്ന ഒരു ഡോക്ടർക്കും വൈറസ് ബാധിച്ചു.അതു തിരിച്ചറിയാൻ വൈകിയത് കാരണം ഡോക്ടറുടെ സ്ഥിതി ഗുരുതരാവസ്ഥയിലായി.അദ്ദേഹം മരണമടഞ്ഞു.ആ വാർത്ത കേട്ട റോട്ടസിന് സങ്കടം സഹിക്കവയ്യാതായി. റോട്ടസ് ക്രമേണ രോഗമുക്തി നേടി. സന്തോഷത്തിന്റെ നാളുകളിൽ നിന്നും പെട്ടെന്ന് ഒരു ദിവസം കൊറോണ എന്ന വൈറസ് സന്തോഷത്തെ റാഞ്ചിയെടുത്തപ്പോൾ പുഞ്ചിരി നിറഞ്ഞ മുഖങ്ങൾ മെല്ലെ മെല്ലെ ദുഖങ്ങളിൽ വീണു പോയിരുന്നു. എന്നാൽ ഈ വാർത്ത കേട്ടപ്പോൾ ആ മുഖങ്ങൾ ഓരോന്നും ചെറുപുഞ്ചിരിയിൽ നിറഞ്ഞുതുടങ്ങി. രോഗമുക്തി നേടിയ റോട്ടസിനോട് കുറച്ചു ദിവസം കൂടി ആശുപത്രിയിൽ നിൽക്കുവാൻ പറഞ്ഞു. പിന്നീട് രോഗബാധിതനായ കൂടെയുള്ള ആളും രോഗമുക്തിനേടി. അവർ രണ്ടുപേരും അവർക്കുവേണ്ടി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരോട് ഒരുപാട് നന്ദി പറഞ്ഞ് ആശുപത്രി വിട്ടു.അന്ന് ആരോഗ്യപ്രവർത്തകർ വൈറസ് പടരുന്നത് തടഞ്ഞതോടെ പിന്നീട് ആർക്കും വൈറസ് ബാധിച്ചില്ല. റോട്ടസ് വീട്ടിൽ തിരിച്ചെത്തി ആ കുടുംബത്തിൽ അണഞ്ഞുപോയ വിളക്ക് വീണ്ടും സന്തോഷത്തിന്റെ നാളങ്ങളായി കത്തിജ്വലിക്കാൻ തുടങ്ങി.ഒരു ചെറു കരുതലോടെ അവർ വീണ്ടും സന്തോഷജീവിതത്തിലേക്ക് നടന്നു തുടങ്ങി.അവരുടെ പ്രാർത്ഥനകൾ അവർക്കുവേണ്ടി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർ,അവർക്കുവേണ്ടി ജീവൻ പൊലിഞ്ഞ ഡോക്ടർ എന്നിവർക്കായിരുന്നു ഗ്രാമത്തിൽഇനി ആർക്കും വൈറസ് ബാധിക്കില്ല എന്ന് ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളിൽ നിന്നും അവർ അറിഞ്ഞു. അങ്ങനെ അവർ സ്വന്തം ഗ്രാമത്തിൽനിന്നും കൊറോണ എന്ന മഹാമാരിയെ എന്നെന്നേക്കുമായി തുടച്ചു നീക്കി.

കൃഷ്ണ പി പി
9A ജിഎച്ച്എസ്എസ് അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ