നയനമുള്ളോർക്കല‍്പമെങ്കിലുമറിയുമോ
നയനമില്ലാത്തോർ തന്നുടെ നൊമ്പരം
നിറങ്ങളും പുഴകളും പൂക്കളും പ്രകൃതിയും
നിറയുന്ന ഭംഗിയെ കാണുന്ന നേത്രങ്ങൾ
വിലയൊട്ടുമില്ലെന്നു നാം ധരിക്കുമ്പോഴും
വിലയിടാനാവാത്ത വിലയാണീക്കണ്ണിന്
വലിയതും ചെറിയതുമായതെല്ലാറ്റിനേം
വിലയുള്ളതാക്കുന്നു കാഴ്‍ചതൻ മന്ത്രത്താൽ
കാണുന്ന സത്യങ്ങൾ കാണാത്ത രീതിയിൽ
കണ്ണടച്ചോടുന്ന മാനവ ചിത്രങ്ങൾ
കണ്ണിനു നന്നായി കാഴ്‍ചയുണ്ടാകിലും
കാഴ്‍ച്ചയില്ലാത്തവർക്കൊത്തതാം ജീവിതം
ഭൂമി തൻ ഭംഗിയെയാവോളം ദർശിച്ച്
ഭൂമി വിട്ടോടുന്ന കാലമെത്തുമ്പൊഴോ
ഭൂമിയെ കാണുവാനക്ഷികളിത്താത്ത
ഭ്രാതാക്കൾക്കായ് നമ്മൾ നയനങ്ങൾ നൽകുമോ
ദർശിക്കുമീയക്ഷിയാലിന്നു നാം
ദർശന സാഫല്യം നൽകുമീ നേത്രം
ദൈവകരുണയാൽ ലഭ്യമായ് ഇന്നിതാ
ദൈവദാനമാം നയനം മനോഹരം