സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു.

ചിന്നൻപിള്ളയാശാന്റെ കാലശേഷം ശ്രീ. പോത്തന്നുർ കുമാരൻപിള്ള തന്റെ വീട്ടുവരാന്തയിലേക്ക് മാറ്റിയ ഈ പാഠശാല തുടർന്ന് ഒമ്പത് സെന്റിൽ ഉണ്ടാക്കിയ ഒരു ഒാലപ്പുരയിലേക്ക് മാറ്റി. ഇദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനധ്യാപകനും മാനേജറും.

1920- നാലാം ക്ലാസ് വരെയുള്ള കുടിപ്പള്ളിക്കുടമായിമാറി. തുടർന്ന് 1945 – ൽ സർ. സി.പി യുടെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിപ്രകാരം ഒരു ചക്രം കൈപ്പറ്റികൊണ്ട് ഈ വിദ്യാലയം സർക്കാറിന് കൈമാറി. അങ്ങനെ 1947- ൽ‍ ഇതൊരു സർക്കാർ വിദ്യാലയമായിമാറി. അതോടൊപ്പം അഞ്ചാം ക്ലാസും അനുവദിക്കപ്പെട്ടു.

1961- പൊതുജനങ്ങളുടെ സംഘടിത ഫലമായി ശ്രീ. കേശവൻ നാടാർ പ്രധാനധ്യാപകനായിരിക്കുമ്പോൾ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നു. 1986- ൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പൊതുജനങ്ങൾ 90 ദിവസങ്ങൾ കൊണ്ട് അഞ്ച് മുറികളുള്ള കെട്ടിടം നിർമിച്ചത് കേരളത്തിൽ വാർത്ത സൃഷ്ടിച്ചിരുന്നു. നിയമസഭ സാമാജികനും മുൻമന്ത്രിയുമായിരുന്ന ശ്രീ. വി.ജെ തങ്കപ്പൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ശ്രീ. ഡോ. സി.എസ് കുട്ടപ്പൻ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

ഒമ്പത് സെന്റ് ഭൂമിയിൽ ഒാലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയമാണ് ഇന്ന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി പുരോഗതിയുടെ പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്.