ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വേനലവധി

കൊറോണക്കാലത്തെ വേനലവധി

നമുക്ക് തീരെ പരിചയമില്ലാത്ത കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഈ വേനലവധിയിൽ കൂട്ടുകാർ കൂടുതലായി കേട്ട വാക്ക് 'കൊറോണ' എന്നാണ്. ധാരാളം വാക്കുകൾ നമ്മുടെ അറിവിലേക്ക് സംഭാവന ചെയ്തു ഈ കൊറോണക്കാലം. കൊറന്റൈൻ, ഐസൊലേഷൻ, കോവിഡ് -19, സോഷ്യൽ ഡിസ്റ്റൻസിംഗ്, ലോക് ഡൗൺ..... അങ്ങനെയങ്ങനെ എന്തെല്ലാം എന്തെല്ലാം. പൊടുന്നനെ തുടങ്ങിയ വേനലവധി. വാർഷിക പരീക്ഷയുടെ ടെൻഷനുകൾ ഇല്ല. ഇതെല്ലാം വന്നപ്പോൾ കൂട്ടുകാർക്ക് നല്ല സന്തോഷമായി. എങ്ങനെ ഈ അവധിക്കാലം രസകരമാക്കാം എന്ന് സ്വപ്നങ്ങൾ കാണുന്നതിനിടയിൽ സാഹചര്യം കൂടുതൽ മോശമായി. കൂട്ടായ്മകൾ, യാത്രകൾ, കണ്ടുമുട്ടലുകൾ എല്ലാം വിലക്കപ്പെട്ടു. സ്വന്തം സഹോദരനെ കാണുമ്പോൾ ഹസ്തദാനം പോലും ചെയ്യാതെ പേടിയോടെ ദൂരെ മാറി നിൽക്കുന്ന കാലം. റോഡിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത വിധം ലോക്ക് ഡൗൺ. ഇതോടെ നമ്മുടെ സ്വപ്നങ്ങൾ നിലച്ചു. പക്ഷേ കൂട്ടുകാർ നമ്മുടെ രാജ്യവും ലോകവും കടന്നുപോകുന്ന സന്ദർഭത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ലോകം കോവിഡിനെ നേരിടുന്ന രീതിയും അതിദാരുണമായ വാർത്തകളും കാണുകയും കേൾക്കുകയും ചെയ്തു. നമുക്ക് അത് ഒരു പുതിയ തിരിച്ചറിവ് പകർന്നു തന്നു. ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നതൊക്കെ നാം ചെയ്യാൻ ശ്രമിച്ചു. ഒരു ചെറു വൈറസിനു മുന്നിൽ എല്ലാം നേടിയെന്നഹങ്കരിക്കുന്ന ലോകം മുട്ടുമടക്കുന്ന കാഴ്ച നാം കണ്ടു. നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങൾ തിരികെ വരുന്നത് നാം മനസ്സിലാക്കി. അപരനുവേണ്ടി കരുതൽ, ത്യാഗം, ക്ഷമ ഇതെല്ലാം നമ്മുടെ ജീവിതത്തിൽ വീണ്ടും ഇടം നേടി. രോഗം ബാധിച്ച പതിനായിരക്കണക്കിനാ ളുകൾ മരിച്ചു വീഴുന്നു. അതിനെതിരെ ജീവൻ പണയം വെച്ച് പൊരുതുന്ന ആരോഗ്യപ്രവർത്തകർ ഇക്കാലത്തെ ധീരതയുടെ കാഴ്ചകളാണ്. കൂടുതൽ വിശദീകരിക്കുന്നില്ല. നമ്മുടെ വീടുകൾക്കകത്ത് കഴിഞ്ഞ് കൊണ്ട് ചെയ്യാവുന്നതത്രയും ചെയ്യാം. അത്തരത്തിൽ പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയുമാറാകട്ടെ.

നിദാ ഫാത്തിമ
6 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം