ഗണിതക്ലബ്ബ്

കുട്ടികളിൽ ഗണിതശാസ്ത്രത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും യുക്തിചിന്തയും സർഗ്ഗാത്മകതയും വളർത്തുന്നതിനുമായി ഈ അധ്യയന വർഷം ജൂലൈ മാസത്തിൽ തന്നെ ഗണിത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാഠപുസ്തകത്തിനപ്പുറം ഗണിതത്തിൻ്റെ രസകരമായ ലോകത്തെ പരിചയപ്പെടുത്താൻ വിവിധങ്ങളായ പരിപാടികൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. യു പി വിഭാഗം കുട്ടികളുടെ വേഗതയും കൃത്യതയും വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്വിസ് മത്സരങ്ങൾ നടത്തി. ജ്യാമിതീയ രൂപങ്ങളും ചാർട്ടുകളും കുട്ടികൾ തന്നെ നിർമ്മിച്ച് ഗണിത ലാബിൽ പ്രദർശിപ്പിച്ചു. രാമാനുജൻ ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ഗണിതശാസ്ത്ര മേളയിൽ പുതുതായി ഉൾപ്പെടുത്തിയ മാധവപേപ്പർ പ്രസൻ്റേഷനിൽ A ഗ്രേഡ് ഓടെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞു. കൂടാതെ മറ്റ് മത്സര ഇനങ്ങളിലും രണ്ട്, മൂന്ന് സ്ഥാനങ്ങൾ A, B ഗ്രേഡുകളോടെ നേടാൻ കഴിഞ്ഞു. ഗണിത പ്രതിഭകളെ കണ്ടെത്തുന്ന NuMATS exam ൽ നമ്മുടെ കുട്ടികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് ഗണിതത്തോടുള്ള പേടി കുറയുകയും വിഷയത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതിനും ഗണിത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.