ഗവ. യു.പി. എസ്. പൂഴിക്കാട്/ചരിത്രം
1915 ൽ പൂഴിക്കാട് നായർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ തറയിൽ കൃഷ്ണക്കുറുപ്പിന്റെയും നിലയ്ക്കൽ കുഞ്ഞു പിള്ളയുടെയും നേതൃത്വത്തിലാണ് തലമുറകൾക്ക് അറിവിന്റെ അമൃതം പകരുന്ന ഈ സരസ്വതി വിദ്യാലയം ആരംഭിച്ചത്.ജൂനിയർ ബേസിക് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്.1984 ലാണ് ഇതൊരു പൂർണ്ണ സർക്കാർ വിദ്യാലയം ആവുന്നത്.1968 ൽ സർക്കാർ യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ദീർഘകാലം ഹെഡ് മാസ്റ്ററായിരുന്ന ശ്രീ പാച്ചുപിള്ള സർ , വെണ്മണി വടക്കേത്തിൽ ശ്രീ ഡാനീയൽ സാർ, ശ്രീ എൻ ജി രാഘവൻ പിള്ള, ശ്രീ കെ പി ചന്ദ്രശേഖര കുറുപ്പ്, ശ്രീരാമ വർമ്മ തമ്പുരാൻ, ശ്രീ പി കെ പി പോറ്റി, പടിഞ്ഞാറെ പാണോലിൽ ശ്രീ പത്മനാഭപിള്ള, കിഴക്കേതിൽ ശ്രീ കൊച്ചുണ്ണിക്കുറുപ്പ്, തൈമുക്കേൽ ശ്രീ നാരായണ പിള്ള, ശ്രീ ഉണ്ണൂണ്ണി സാർ, ശ്രീ യോഹന്നാൻ സർ, ശ്രീമതി ഏലിയാമ്മ ടീച്ചർ, പുത്തൻ വീട്ടിൽ ശ്രീരാമൻ ശങ്കരൻ, എ ഇ ഒ ശ്രീ ജോർജ്ജ്, ഫിലിപ്, ശ്രീ മുളങ്കോട്ട് നീലകണ്ഠപിള്ള, ലെയ്സൺ കമ്മിറ്റി ചെയർമാൻ ശ്രീ വെളിയം ഭാർഗ്ഗവൻ എന്നിവരാണ്.
2011-2012 സ്കൂൾ വർഷം അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിന്റെ ശ്രമഫലമായി 25 കുട്ടികൾ ഓടു കൂടി പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. ഒരു അധ്യാപികയും ഒരു ആയയും അന്ന് ജോലിയിൽ പ്രവേശിച്ചു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ഈ ഗോപിനാഥൻ പിള്ള സാറിനൊപ്പം പി ടി എ പ്രസിഡന്റ് ശ്രീ ടി എസ് രാധാകൃഷ്ണൻ, പന്തളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രതാപൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഡി എൻ ത്രിദീപ്, വാർഡ് മെമ്പർ ശ്രീ രാജു കല്ലുമ്മൂടൻ, എസ് എസ് ജി ചെയർമാൻ ഡോക്ടർ പി ജെ പ്രദീപ് കുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന മുഖ്യ രക്ഷാധികാരി ശ്രീ കെ പി ചന്ദ്രശേഖര കുറുപ്പ്, ചെയർമാൻ ശ്രീ കെ കെ ദാമോദരൻ എന്നിവർ പ്രീ പ്രൈമറി വിഭാഗം സ്കൂളിൽ ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകി.
ബഹുമാന്യനായ സ്ക്കൂൾ പ്രഥമാധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവും കൂടിയായ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ആശംഭിച്ച പ്രീ പ്രൈമറി വിഭാഗം സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാം. സ്കൂളിന്റെ വളർച്ചയ്ക്കും കുട്ടികളുടെ എണ്ണത്തിലുള്ള വർധനവിനും ഈ തുടക്കം സഹായിച്ചു. ഇന്ന് പ്രീ പ്രൈമറി വിഭാഗത്തിൽ175 കുട്ടികളും 6 അധ്യാപകരും 2 ആയമാരും പ്രവർത്തിക്കുന്നു. ശ്രീ ടി ജീ ഗോപിനാഥൻ പിള്ള സാർ പ്രഥമാധ്യാപകൻ ആയിരുന്ന കാലം (2005-06 മുതൽ 2018-19 വരെ) സ്കൂളിന്റെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാം.2005 ൽ150 കുട്ടികളും 8 അധ്യാപകരുമായി ആയിരുന്ന സ്ക്കൂളിൽ 2018-19 ആയപ്പൊഴേക്കും 630 കുട്ടികളും 20 അധ്യാപകരുമായി വളർന്നു.
സ്കൂളിന്റെ ശതാബ്ദി ആഘോഷം 2015 അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശ്രീ ആന്റോ ആന്റണി ( എം പി) , ശ്രീ ചിറ്റയം ഗോപകുമാർ MLA, ശ്രീ തൈക്കൂട്ടത്തിൽ സക്കീർ, മറ്റ് ജനപ്രതിനിധികൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. ഒരു വർഷം നീണ്ടു നിന്നിരുന്ന പരിപാടികളിൽ സാഹിത്യ സമ്മേളനം, നേത്രചികിത്സ ക്യാമ്പ്, പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം, സെമിനാറുകൾ, പ്രദർശനങ്ങൾ, ബോധവത്ക്കരണ ക്യാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. 2015-16 അധ്യയന വർഷം MLA യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസ് മുറികളും അന്താരാഷ്ട്ര നിലവാരമുളള ഡിജിറ്റൽ ക്ലാസ് മുറികൾ ആക്കീ തീർത്തു. MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു സ്ക്കൂൾ ബസും അനുവദിച്ചു.2010-11 അധ്യയന വർഷം മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നതിന് അന്നത്തെ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ രവി സാർ അനുവാദം നൽകിയത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കേണ്ടവർക്ക് വൻ തുക നൽകി അൺ എയ്ഡഡ് സ്കൂളിനെ ആശ്രയിക്കാതെ മെച്ചപ്പെട്ട വിദ്യാഭ്യാസം സൗജന്യമായി നൽകുവാൻ സഹായകമായി. 2016 -17 സ്കൂളിന്റെ പ്രഥമാധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ ടി ജി ഗോപിനാഥൻ പിള്ള സാറിനെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫസർ പീ ജെ കുര്യൻ സ്ക്കൂളിന്റെ അക്കാദമികവും ഭൗതീകവുമായ വളർച്ചയും കുട്ടികളുടെ എണ്ണത്തിലുള്ള വർധനവും നേരിട്ട് കണ്ട് മനസ്സിലാക്കി സാറിന്റെ നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായി 3 ക്ലാസ് മുറികൾ പണിയുന്നതിന്നുള്ള 20 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. അങ്ങനെ 3 ക്ലാസ് മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം ഈ കാലയളവിൽ നിലവിൽ വന്നു.
2018 -19 കാലയളവിൽ പി ടി എ പ്രസിഡന്റ് ശ്രീ ബിജു, മുൻ പി ടി എ പ്രസിഡന്റ് ശ്രീലാൽ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമായി പി ടി എ യുടെ സ്നേഹത്തോടെ ഒരു ബസ് കൂടി സ്കൂളിനു വേണ്ടി വാങ്ങി കുട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തി.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളായ ജൈവ പച്ചക്കറി കൃഷി, കലാകായിക പരീശീലനങ്ങൾ എന്നീ വയ്ക്കും ഒരു പോലെ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തി വരുന്നത്. അങ്ങനെ എല്ലാ മേഖലയിലും മികവിന്റെ കേന്ദ്രമായി പൂഴിക്കാട് ഗവൺമെന്റ് യൂ പി സ്കൂൾ മാറിയിരിക്കുന്നു.
2018 മുതൽ ശ്രീമതി ബി വിജയലക്ഷ്മി ടീച്ചർ പ്രഥമാധ്യാപികയായി തുടരുന്നു ഇപ്പോൾ പ്രീ പ്രൈമറി വിഭാഗം ഉൾപ്പടെ 930 കുട്ടികൾ പഠിക്കുന്നു. 27 അധ്യാപകരും 4 അനധ്യാപകരും ജോലി ചെയ്തു വരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന 10 ക്ലാസ് മുറികളുടെ പണിയും നടക്കുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ച സമയം പൂഴിക്കാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണ നിമിഷമായിരുന്നു. വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടുന്ന വിദ്യാലയമായ പൂഴിക്കാട് ഗവ യു പി സ്കൂൾ നാൾക്കുനാൾ വളർന്നു കൊണ്ടിരിക്കുന്ന ഒരു വലിയ വടവൃക്ഷമായി ഇന്നും നിലകൊള്ളുന്നു.