ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയർത്തി നില്കുന്ന കുടയത്തൂർ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു. ആനമുടി കഴിഞ്ഞാൽ ഉയരം കൂടിയത് കുടയത്തൂർ വിന്ധ്യനാണ്. മലനിരകളാലും നീലജലാശയത്താലും നയനമനോഹരമാണ് കുടയത്തൂർ. ഇവിടെ അപൂർവ്വങ്ങളായ പലതരം സസ്യജാലങ്ങളുണ്ട്. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്'-ൽ കുടയത്തൂർ മലനിരകളിലെ കുറുന്തോട്ടിയെക്കുറിച്ച് പരാമർശമുണ്ട്. മലകളിൽ നിന്നൊഴുകിയെത്തുന്ന അരുവികളും വെളളച്ചാട്ടങ്ങളും ആരെയും ആകർഷിക്കും. മലങ്കരജലാശയത്തിനരികിൽ സ്ഥിതി ചെയ്യുന്ന ഊ സ്കൂളിന്റെ പരിസരം കുളിർമയേറിയതാണ്.