സാമൂഹ്യ അകലം

കേരളം അടച്ചുപൂട്ടിയ ദിവസം മുതൽ മോൾക്ക് വലിയ ആശങ്കയും വിഷമവും ആയിരുന്നു. സ്കൂളിൽ പോകാനോ പഠിക്കാനോ കഴിയുന്നില്ല. ടീച്ചർ പഠിപ്പിക്കുന്നത് കേൾക്കാൻ അവളുടെ മനസ് വെമ്പൽ കൊണ്ടു. ഒരാൾ പോലും പുറത്തിറങ്ങാതെ എല്ലാവരും അടച്ചു പൂട്ടി വീട്ടിലിരിക്കുന്നു. കൂട്ടുകാരെ കാണാത്തതുകൊണ്ട് അവൾക്കു വലിയ സങ്കടം ഉണ്ടായി. "ഇനി എന്ന സ്കൂളിൽ പോകാൻ പറ്റും?" അവൾ അമ്മയോട് ചോദിച്ചു. "മുഴുവൻ മാറിയാലേ സ്കൂൾ തുറക്കൂ" . അവർ പറഞ്ഞു.

"കൊറോണ എന്ന അസുഖം മാറാത്തത് എന്താണമ്മേ?" അവൾ ചോദിച്ചു. "അതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്." അമ്മ പറഞ്ഞു. "ഈ കൊറോണ വരുന്നത് എവിടെ നിന്നാണ് അമ്മേ?" അവൾ ചോദിച്ചു. "അത് ചൈന എന്ന് പറയുന്ന ഒരു രാജ്യത്ത് നിന്നാണ് തുടങ്ങിയത്. ലോകത്ത്‌ എല്ലായിടത്തും ഇപ്പോൾ ഈ രോഗമുണ്ട്." 'അമ്മ പറഞ്ഞു.

"കൊറോണ എന്ന് പറയുന്നത് ഒരുതരം രോഗാണുവാണ്. അത് നമ്മുടെ ശരീരത്തിൽ എത്തിയാൽ ശ്വാസകോശത്തിൽ എത്തി ജീവൻ ഇല്ലാതാക്കും. അങ്ങനെ ലക്ഷക്കണക്കിന് ആൾക്കാർ മരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ചെയ്യേണ്ടത് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. പോയി വരുമ്പോൾ സോപ്പിട്ട് കൈ വൃത്തിയായി കഴുകണം. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അകലം പാലിക്കണം. പൊതുസ്ഥലത്തു തുപ്പരുത്. ഇതൊക്കെ രോഗം വരാതിരിക്കാനുള്ള നല്ല മാർഗങ്ങളാണ്. ടിവിയിൽ എന്നും കൊറോണയെക്കുറിച്ചു പറയുന്നുണ്ട്. എന്നിട്ടും ആൾക്കാർ പുറത്തിറങ്ങി നടക്കുന്നു. ഇത് രോഗം വിളിച്ചുവരുത്തുന്നതിനു തുല്യമാണ്"

"അമ്മേ , ഒത്തിരി ആൾക്കാർ ഭക്ഷണം കിട്ടാതെ കരയുന്നത് ഞാൻ ടിവിയിൽ കണ്ടു. ഇവർക്ക് കാശില്ലാത്തത് കൊണ്ടായിരിക്കും, അല്ലെ? ഇവർക്കൊക്കെ ആരാണ് ഭക്ഷണം കൊടുക്കുന്നത്? അവർക്ക് ഗവണ്മെന്റ് ഭക്ഷണം ഫ്രീയായി എത്തിച്ചു കൊടുക്കും." "ഞാൻ ഒരു കാര്യം പറയട്ടെ?" "എന്താ മോളേ, പറഞ്ഞോളൂ" "പറഞ്ഞാൽ അമ്മ എന്നോട് വഴക്കിടരുത്." "ഇല്ല, പറഞ്ഞോളൂ." "എന്റെ കുടുക്കയിൽ കുറച്ചു കാശ് ഉണ്ടല്ലോ. അത് പൊട്ടിച്ചു അവർക്ക് കൊടുക്കട്ടെ? അതുകൊണ്ട് അവർക്ക് ചോറുണ്ടാക്കി കഴിക്കാമല്ലോ.".

അതുകേട്ട് 'അമ്മ അവളെ കെട്ടിപ്പിടിക്കാൻ ഒരുങ്ങിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "അമ്മേ, സാമൂഹ്യ അകലം."

ശിവന്യ S.
1 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ