നീ തന്നെ ജനനി....
നീ തന്നെ രക്ഷ......
നീ തന്നെ സർവം....
ഓടിത്തളരുന്ന മർത്ത്യന്നു
ദാഹജലം നീ ഏകി.
തളിരായി കുളിരായി വേരായി
നീരായി, പാരേ നീ....
നീയാം മഴയേറ്റു തളിർക്കുന്ന
നാമ്പുകൾ നാം.....
നിന്നിൽ നിന്നടർന്ന
മുത്തുകൾ നാം
നിന്നിലേക്കു മടങ്ങുന്ന
കീടങ്ങൾ നാം.
അവൾ തന്ന വെയിലിന്റെ,
തണലിന്റെ സുഖം മറന്നു...
കാറ്റിന്റെ, പുഴയുടെ ഈണം മറന്നു...
കൊല്ലുന്നു നാമവളെ ഇഞ്ചിഞ്ചായി...
അവൾ പകർന്ന നന്മയെ
പാടെ മറന്നും...
അവളുടെ ചോരയെ ഊറ്റിക്കുടിക്കുന്ന
രക്തരക്ഷസ്സുകളല്ലേ നാം...
അലറിക്കരയുന്ന പെണ്ണാം പ്രകൃതിയെ
കണ്ടില്ലെന്നു നടിച്ചവരല്ലേ...
മുറിവേറ്റു പിടയുന്ന ജീവനെ വീണ്ടും
കുത്തിനോവിക്കും തിന്മതൻ മൂർത്തികൾ.....
വിസ്മരിക്കുന്നില്ലാ അവളൊന്നും...
തിരികെ തന്നിരുന്നു...
മാനവരാശിതൻ നാശമാം
മഹാമാരികളൊക്കെയും അവളായ് -
ത്തന്നെ സൃഷ്ടിച്ചതായിരുന്നു.
നൂറ്റാണ്ടിന്റന്ത്യങ്ങളിൽ അവൾ
കവർന്നെടുത്തില്ലേ പല ജീവൻ.
ഇനിയും പഠിച്ചില്ലയെന്നാൽ മർത്ത്യാ
നീ നിൻ മരണത്തിലേക്കടുക്കുന്നു.
വേദനിപ്പിച്ചീടരുതൊരിക്കലും പെണ്ണിനെ.
ഇന്നു നിശബ്ദമായിരിക്കാമെങ്കിലും
നാളെ പഞ്ചഭൂതങ്ങളേക്കാൾ
ശക്തരായിരിക്കാം.
തീയായി, മഴയായി, കാറ്റായി വന്നവൾ
കാർന്നുതിന്നീടും നിന്നെ...
അവൾ തന്നതൊക്കെയും തിരിച്ചെത്തീടും
നീതി നൽകാത്ത പ്രകൃതിനിയമമാകും.
സൃഷ്ടി സ്ഥിതി സംഹാര രൂപിയാം
പ്രകൃതിയിലേക്കു മടങ്ങുക മാനവാ....