പരിസരമലിനീകരണം
ഇന്ന് നമ്മുടെ പരിസ്ഥിതി മലിനീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് .പ്രകൃതിക്കു അതിന്റെതായ ഒരാവാസവ്യവസ്ഥയും ക്രമീകരണവും ഉണ്ട് .അതിനോടിണങ്ങിയാണ് നാമെല്ലാവരും ജീവിക്കേണ്ടത്. മറ്റു ജീവജാലങ്ങളെല്ലാം അതിനനുസരിച്ചാണ് ജീവിക്കുന്നത്. എന്നാൽ മനുഷ്യൻ മാത്രം പിണങ്ങി ജീവിക്കുന്നു. പുതിയ വ്യവസ്ഥകൾ ഭൂമി ഉൾകൊള്ളുന്നുണ്ടെങ്കിലും പൂർണ്ണമായിട്ടില്ല അതിനാൽ പ്രകൃതി പ്രളയം പോലുള്ള ക്ഷോഭങ്ങളിലൂടെ തിരിച്ചടിക്കുന്നു .
നമുക്ക് ചുറ്റുമുള്ള സർവ്വചരാചരങ്ങളും ജൈവവും അജൈവവും ആയതിനെയും കൂട്ടി പരിസ്ഥിതി എന്ന് വിളിക്കുന്നു .മനുഷ്യൻ തന്നെ ചെയ്യുന്ന പ്രവർത്തികളാണ് പലപ്പോഴും പരിസ്ഥിതിയെ തന്നെ തകർക്കുന്നത് .എല്ലാം കൃത്രിമ സുഖങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ടിത്തന്നെയാണ് .എന്നിരുന്നാൽ പോലും പ്രകൃതിയെ ആശ്രയിക്കാതെ മനുഷ്യന് നിലനിൽപ്പില്ല .പ്രകൃതി ശുദ്ധവായു ,ചൂട് ,തണുപ്പ്,കാറ്റ് എല്ലാം തരുന്നുണ്ട് .എന്നാൽ മനുഷ്യൻ സ്വാഭാവികമായ ചൂട് അകറ്റുന്നതിന് വേണ്ടി കൃത്രിമമായ തണുപ്പുണ്ടാക്കി പ്രകൃതിയോടിണങ്ങി ജീവിക്കാതെ വരുമ്പോൾ രോഗങ്ങൾ കടന്നു വരുന്നു .
മറ്റു തരത്തിലുള്ള മലിനീകരണങ്ങളും പരിസ്ഥിതിയെ സാരമായി ബാധിക്കുന്നു .അന്തരീക്ഷം ,ശബ്ദം ജലം മണ്ണ് എന്നിവ മലിനമാകുന്നതിലൂടെ വ്യവസ്ഥയ്ക്ക് തകരാർ സംഭവിക്കുന്നു .പ്രകൃതിയെ മലിനമാക്കുന്നതിൽ പ്ലാസ്റ്റിക്കിനു ഒരു സുപ്രധാന പങ്കുണ്ട്. മണ്ണിലേക്ക് ജലം ഊർന്നിറങ്ങുന്നതിനു പ്ലാസ്റ്റിക് തടസം സൃഷ്ടിക്കുന്നു .അങ്ങനെ ഭൂമിയുടെ ഉൾഭാഗത്തിലേക്കുള്ള ജലത്തിന്റെ അളവ് കുറയുന്നു ജലത്തിൽ പ്ലാസ്റ്റിക് കുറെ നാൾ കിടന്നാൽ അത് ജലത്തിലുള്ള ഓക്സിജൻ അളവ് കുറയുന്നതിന് കാരണമാകുന്നു.
കേരളത്തിലിപ്പോൾ കണ്ടു വരുന്ന ഒരു രീതിയാണ് വീടുകളുടെ മുന്നിലെ മുറ്റം മുഴുവൻ പൂശി ഓട് പാകുന്നത് .അങ്ങനെ അത് മണ്ണിലേക്ക് ജലം ഇറങ്ങുന്നതിനു തടസം നിൽക്കുന്ന ഒരു കാരണം കൂടിയാകുന്നു കൃഷി വേഗത്തിൽ വർധിപ്പിക്കുന്നതിനായി പ്രയോഗിക്കുന്ന രാസകീടനാശിനികളും വളങ്ങളും മണ്ണിന്റെ ഘടനയെ ബാധിക്കുന്നു. അങ്ങനെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നു .
പ്ലാസ്റ്റിക്, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ജൈവ വളങ്ങളും കീടനാശിനികളും പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ മലിനീകരണം തടയാൻ ഒരു പരിധിവരെ എല്ലാവർക്കും കഴിയും .പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊണ്ടു കൊണ്ടുള്ള ഒരാവാസവ്യവസ്ഥ വളർന്നു വരേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു .നല്ലൊരു നാളേക്കായി പ്രകൃതിയോടിണങ്ങി നമുക്ക് ജീവിക്കാം ......
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|