ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ പരിസര ശുചിത്വം രോഗപ്രതിരോധം
പരിസര ശുചിത്വം രോഗപ്രതിരോധം
ഒരിടത്ത് മഞ്ചാടിക്കുന്ന് എന്ന പേരുള്ള ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെയായിരുന്നു രാമു ജീവിച്ചിരുന്നത്. രാമുവിന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിച്ചു പോയി. ആരും ഇല്ലാതെ ഒറ്റയ്ക്ക് അവൻ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. രാത്രി ഹോട്ടലുകളിലും മറ്റ് കടകളിലും ജോലി ചെയ്തും പകൽ പഠിക്കാൻ പോയും അവൻ ഓരോ ദിവസവും കഴിഞ്ഞുകൂടി. ഒരു ദിവസം അവൻ സ്കൂളിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ റോഡരികിൽ ഒരു കാഴ്ച്ച കണ്ടു. ഒരു കുഞ്ഞു പെൺകുട്ടി നിന്ന് കരയുന്നു. അവളുടെ ദേഹത്തും വസ്ത്രത്തിലും നിറയെ അഴുക്കാണ്. ആ ബാലിക കരയുന്നത് കണ്ട രാമു അവളുടെ അടുത്തേക്ക് ഓടി. എന്തിനാ നീ കരയുന്നത് ?? അവൻ കാര്യം തിരക്കി. അപ്പോൾ അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു എനിക്ക് വിശക്കുന്നു എന്റെ അമ്മ ആഹാരത്തിനുവേണ്ടി പോയിട്ട് കാണുന്നില്ല. ഇതുകേട്ട രാമു തിരിഞ്ഞുനോക്കിയപ്പോൾ ഒരു സ്ത്രീ നടന്നുവരുന്നത് കണ്ടു. അവരുടെ കയ്യിൽ ആരോ തിന്നതിന്റെ ബാക്കി ഭക്ഷണവും ഉണ്ട്. അവരും ഈ ബാലികയെ പോലെ തന്നെയാണ്. വൃത്തിഹീനമായ രൂപവും വേഷവും. അവർ ഓടി കൊണ്ടുവന്ന് ആഹാരം ആ ബാലികയുടെ കയ്യിൽ കൊടുത്തു. മോള് വേഗം കഴിച്ചോളൂ അമ്മ പറഞ്ഞു. അവൾ ആ ആഹാരം വാരിവലിച്ചു തിന്നു. "എവിടെയോ മാലിന്യത്തിൽ കിടന്ന ആഹാരമാണ് അമ്മ മകൾക്ക് കൊണ്ടുവന്നു കൊടുത്തത്.. പാവം" രാമു മനസ്സിൽ പറഞ്ഞു. രാമു അവരോട് കാര്യം തിരക്കി. അവർ ഒരു കാൻസർ രോഗിയാണ്. ആ അമ്മ തന്റെ സങ്കടങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ രാമു ആ കുട്ടിയെയാണ്ശ്രദ്ധിച്ചത്. ആ ബാലികയുടെ കയ്യിലും കാലിലും ചൊറിയും ചിരങ്ങും മുറിവുകളും.മുറിവുകളിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. രാമു അമ്മയോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു നിങ്ങൾ ഈ കുഞ്ഞിനെ വൃത്തിയായി നോക്കിയിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു അവൻ ആ അമ്മയെയും കുഞ്ഞിനെയും കൂട്ടി കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. ആ വീടിന്റെ മുറ്റത്ത് നിറയെ വെള്ളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. അതിൽ നിറയെ കൊതുക് മുട്ടയിട്ടിരിക്കുന്നു. വീടിന്റെ പുറവും അകവും എല്ലാം മാലിന്യമായിരിക്കുന്നു . ഇതെല്ലാം കണ്ട രാമുവിനു ഒരു കാര്യം മനസ്സിലായി ഇവരുടെ രോഗത്തിന്റെ കാരണം വൃത്തിയില്ലായ്മയാണ്. അവൻ അവന്റെ സമ്പാദ്യത്തിൽ നിന്നും പണം എടുത്ത് അവരുടെ വീടും പരിസരവും വൃത്തിയാക്കി കൊടുത്തു. ആ കുഞ്ഞിനു നല്ല ചികിത്സ കൊടുത്ത് അസുഖം ഭേദമാക്കി. അതിനുശേഷം അവൻ ആ അമ്മയോട് പറഞ്ഞു " ഞാൻ ആരും ഇല്ലാത്ത ഒരാളാണ് ഞാനും ഇതുപോലെ കഴിഞ്ഞിരുന്നുവെങ്കിൽ എനിക്കും അസുഖങ്ങൾ വരുമായിരുന്നു" പരിസരം വൃത്തിയായി കിടന്നാൽ നമുക്ക് ഒരു അസുഖവും വരില്ല. രോഗത്തെ എപ്പോഴും പ്രതിരോധിക്കുക തന്നെ വേണം. അതിന് ഒരു മാർഗ്ഗമാണ് പരിസരശുചിത്വം. രാമുവിന്റെ ഇടപെടൽ കാരണം ആ അമ്മ ദൃഢപ്രതിജ്ഞ എടുത്തു "ഇനി വരും നാളുകളിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചുകൊണ്ട് അസുഖങ്ങളെ പ്രതിരോധിക്കും".
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |