ഗവ.എച്ച് .എസ്.എസ്.പാലയാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടക്കാലത്ത് കൊടുവള്ളിക്കുന്നിൽ സ്ഥാപിതമായ മുൻസിപ്പൽ ഹൈസ്ക്കൂൾ 1960 ൽ ചിറക്കരയ്ക്കു മാറ്റപ്പെട്ടതോടെ ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വടക്കുമ്പാട് പ്രദേശങ്ങളിലെ പഠിതാക്കൾ തീർത്തും വിഷമത്തിലായി. ഈ സാഹചര്യത്തിൽ ധർമ്മടത്തെ വിദ്യാതൽപരരായ പൊതുപ്രവർത്തകർ ഒരു ഹൈസ്ക്കൂൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മുമ്പോട്ടു വന്നു. 1962 ൽ ട്രെയിനിങ് സ്ക്കൂളിൽ ചേർന്ന യോഗത്തിൽ, പയ്യനാടൻ കുഞ്ഞിക്കണ്ണൻ പ്രസിഡണ്ടും കൊലാരത്ത് കുമാരൻ വൈസ് പ്രസിഡണ്ടും എം.പി.ബാലകൃഷ്ണൻ, അരയാക്കണ്ടി അച്ചുതൻ എന്നിവർ സെക്രട്ടറിമാരും വി. അനന്തൻ ഖജാൻജിയും മറ്റ് 11 പ്രമുഖ വ്യക്തികൾ അംഗങ്ങളുമായുള്ള ഒരു സെക്കണ്ടറി സ്ക്കൂൾ കമ്മിറ്റി രൂപീകൃതമായി.മുൻമന്ത്രിയും അന്നത്തെ തലശ്ശേരി എം.എൽ.എ.യുമായ ബഹുമാനപ്പെട്ട വി. ആർ കൃഷ്ണയ്യരുടെ സേവനങ്ങൾ കമ്മിറ്റിക്ക് ലഭ്യമായിരുന്നു.
1962-ൽ ഗവ. ബേസിക് ട്രെയിനിങ് സ്കൂളിന്റെ മോഡൽ യു.പി. വിഭാഗം ധർമ്മടം സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ, പിന്നീട് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന പി.കെ ഉമാ ശങ്കറും തലശ്ശേരി ഡി.ഇ.ഒ. കുളത്തു അയ്യരും ആയിരുന്നു. ട്രെയിനിങ് സ്കൂൾ ഹെഡ് മാസ്റ്ററായ പി.വി. മാധവൻ നമ്പ്യാർക്ക് പുതിയ സെക്കണ്ടറി സ്കൂളിന്റെ ചുമതല കൂടി നൽകി. അടുത്ത സെക്കണ്ടറി സ്കൂളിലെ ആറേഴ് അധ്യാപകരുടെ സേവനം ഇവിടേക്ക് ലഭ്യമാക്കിയിരുന്നു. മോഡൽ യു.പി. വിഭാഗം ട്രെയിനിങ് സ്കൂളിന് അനുപേക്ഷണീയമായതിനാൽ പുതിയ എട്ടാം ക്ലാസ് സെക്കണ്ടറി സ്കൂൾ എന്ന പ്രത്യേക സ്ഥാപനമായി തന്നെ പരിഗണിക്കപ്പെട്ടു. ഈ കോമ്പൗണ്ടിൽ തന്നെ നാട്ടുകാരുടെ സഹായസഹകരണത്തോടു കൂടി 7 ക്ലാസ് മുറികളടങ്ങുന്ന ഒരു താൽക്കാലിക ഷെഡ്ഡ് ഉണ്ടാക്കുവാൻ കമ്മിറ്റിക്ക് കഴിഞ്ഞു. ഷെഡ്ഡിനുള്ള ശിലാസ്ഥാപനവും സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും നിർവഹിച്ചത് അന്നത്തെ കേരളഗവർണർ വി. വി. ഗിരിയായിരുന്നു. 232 കുട്ടികളുടെ ഹാജരോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ധർമ്മടം മോഡേൺ വുഡ് ക്രാഫ്റ്റ് ഉടമയും വ്യാപാരിയുമായിരുന്ന സി.ജെ. റവേൽ 3 ക്ലാസുകൾക്ക് വേണ്ട ഫർണിച്ചർ സംഭാവനയായി തന്നിരുന്നു. കുമാരി എ.സി. മാലതിയാണ് ആദ്യത്തെ ഹെഡ് മിസ്ട്രസ്. 1997-ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു.
1980-ൽ ഇവിടെ വെച്ചു നടന്ന കണ്ണൂർ ജില്ലാ യുവജനോത്സവം ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയായിരുന്ന ഇ.കെ നായനാരായിരുന്നു. 1989-ൽ കണ്ണൂർ ജില്ലാ യുവജനമേളയും ഇവിടെ വെച്ചു നടന്നു. ഒരാഴ്ചക്കാലം പഞ്ചായത്തിലെ തൊഴിലാളികളും സ്പോർട്സ്-കലാസമിതികളും മറ്റും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി സ്കൂലിന് സ്റ്റേജും ഗ്രൗണ്ടും ലഭിച്ചു. 1989-ഒക്ടോബറിൽ ആഘോഷപൂർവ്വം മേള ഇവിടെ നടന്നു. നീലലോഹിതദാസ് രണ്ടു മൂന്നു തവണ അക്കാലത്ത് സ്കൂളിൽ വന്ന് ഈ സംരംഭങ്ങൾക്ക് നേതൃത്വം നൽകി
സ്പോർട്സ് രംഗത്ത് ഒരുപാട് റിക്കാർഡുകൾ സ്ഥാപിച്ച വിദ്യാലയമാണിത്. ഗ്രാമീണ സ്പോർട്സ് വികസനം ലക്ഷ്യം വെച്ചുള്ള പരിശീലന പരിപാടികൾ റിട്ട. അധ്യാപകൻ സി. ദാമുവിന്റെ നേതൃത്വത്തിൽ നടന്നു പോരുന്നു.