അരുതേ....അരുതരുതേയെന്നൊരായിരം
തവണ ചൊല്ലിയില്ലേ നിഷാദാ...
മാതാവിനും, സഹോദരങ്ങൾക്കും നേരെ
നീകാട്ടും നെറികേടിനൊരറുതിയില്ലേ
പൃഥ്വിയാം മാതാവിൻ വസ്ത്രാക്ഷേപം നടത്തിയും
പുലിയും, നരിയും, കിളിയുമാം കൂടപ്പിറപ്പിൻ
അരുംകൊല നടത്തിയും
ആർത്തട്ടഹസിച്ചപ്പോൾ നിനക്കു ലഭിച്ചുവോ
ആനന്ദത്തിൻ അനശ്വര സാഗരം???
സന്തതിതൻ പാപം പ്രളയമായി
കഴുകി കളഞ്ഞു നിൻ അമ്മ
കൂടപ്പിറപ്പിൻ അപരാധം
നിപ്പയായി ശിക്ഷിച്ചു സോദരങ്ങൾ
എന്നിട്ടും നിഷാദാ....
നീയെന്തേ മാറിയില്ല???
ഓരോ പ്രതിധ്വനിയും, പ്രതിഷേധവും
ജലരേഖയാകുമ്പോൾ
കൊറോണയല്ലാതെന്താണു മകനെ
ചെയ്യേണ്ടതീശൻ???
മലിനമാണിവിടെ വായുവും, നീരും
ശബ്ദവും ആവാസവുമെല്ലാം
പക്ഷേ ഈ മലിനതയിൽ ശുദ്ധതനിറയാൻ
കഴിഞ്ഞു ഇപ്പോൾ, നിന്നഭാവത്തിൽ
ദൃഷ്ടി തുറക്കൂ....നിൻ കൂടപ്പിറപ്പുകളെ
ദർശിക്കാമിപ്പോൾ
മിഴികളുണർത്തൂ....നിൻ മാതാവിൻ
ശോഭയറിയാം ഇപ്പോൾ
മലിനതയായവശേഷിക്കുന്നതായി
ഒന്നേയുള്ളു ഈയുലകിൽ
അത് നിൻ സ്വരൂപമാണ്
ചെറുകോവിടിനു മുന്നിൽ
മുട്ടുമടക്കും നിന്നോട്
അദൃശ്യനാം വിനാശകാരിയെ
ഭയക്കും നിന്നോട്
ഒരായിരം തവണ ചൊന്നതല്ലേ
അരുതേ അരുതരുതേയെന്ന്
മാനിഷാദായെന്നോതിയ വാത്മീകി
മൊഴിഞ്ഞതുമിതുതന്നെയല്ലേ....
ആദിമ പുരാണവും, ആധുനിക
ശാസ്ത്രവും ഇതുതന്നെയല്ലേ ചൊല്ലിയത്
എന്നിട്ടുമെന്തേ നന്നായില്ല???
ഇതുവരെ നന്നാവാത്തതെന്തേ നീ???