ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പൗരബോധം
പൗരബോധം
എല്ലാകാലത്തും മാതൃകാപരമായ പൗരബോധം പ്രകടമാക്കിയിട്ടുള്ള ജനതയാണ് നാം. സഹജീവികളോടുള്ള കരുതൽ ഈ പൗരബോധത്തിന്റെ ആണികല്ലാണുതാനും. ലോകത്തെയാകെ ആശങ്കയിലായ്ത്തിയിട്ടുള്ള കൊറോണ ബാധയുടെ ഈ നാളുകൾ നമ്മുടെ പൗരബോധവും ഉത്തരവാദിത്ത ബോധവും തെളിയിക്കാനുള്ള അവസരം കൂടിയാണ് നമ്മുടെ രാജ്യത്തും ലോകമാകെത്തന്നെയും കൊറോണ ബാധിതരിൽ ബഹുഭൂരിപക്ഷവും ചികിത്സയിലൂടെ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് എന്നതിനാൽ അതിരുവിട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നോർക്കാം. ഭയമോ ആശങ്കയോ കൂടാതെ ആത്മവിശ്വാസത്തിന്റെ കൈപിടിച്ചാവണം നാം കൊറോണയോടു പടപൊരുതാൻ. കേരളത്തിന്റെ അതിജിവനശേഷി നമുക്ക് ഈ പോരാട്ടത്തിൽ ഊർജം പകരുമെന്നു തീർച്ച. കൂട്ടായ്മ കൊണ്ടും കരുതൽകൊണ്ടും ഏകോപനശേഷികൊണ്ടും രണ്ടുതവണ നിപ്പയെ നാം തോൽപ്പിച്ചതാണെന്നു നമ്മെ തന്നെ വീണ്ടും ഓർമിപ്പിക്കാം. ഏതു പകർച്ച വ്യാധിയോടും പതിവായി സമൂഹം കാണിച്ചുപോരുന്ന മുൻ കരുതൽ കുറെക്കൂടി ഉണ്ടാവണമെന്നു മാത്രമാണ് ഇപ്പോഴത്തെ സാഹചര്യം ഓർമ്മിപ്പിക്കുന്നത് കൊറോണ വൈറസ് രോഗത്തിനെതിരായ പോരാട്ടത്തിൽ മാതൃകാപരമായ മുൻകരുതലാണ് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഓരോ പൗരന്റെയും സഹകരണം കൊണ്ടു മാത്രമേ ഈ മുൻകരുതൽ വിജയത്തിലെത്തു. രോഗ ബാധവ്യാപകമായിട്ടുള്ള രാജ്യങ്ങളിലൂടെ സഞ്ചിരിച്ചു നാട്ടിലെത്തിയവരും അവരുമായി ബന്ധപ്പെടാനിടയായവരും അക്കാര്യം മറച്ചുവയ്ക്കുന്നത് സഹ ജിവികളോടു ചെയ്യുന്ന തെറ്റാണ്. ഇങ്ങനെയുള്ളവർ വിവരം ബന്ധപ്പെട്ടവരെ അറിയിച്ച് കരുതൽ ചികിത്സ നേടാനും മുൻകരുതൽ എടുക്കാനും ഒട്ടും വൈകരുത്. അവരവരോടു മാത്രമല്ല, സമൂഹത്തേടു തന്നെയുള്ള ഉത്തരവാദിത്തമാണിത് രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ വിവരം മറച്ചുവയ്ക്കുന്നതു നിയമ വിരുദ്ധവും ശിക്ഷാർഹവുമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണം ഉണ്ടായിട്ടും വിവരം അറിയിച്ചില്ലെങ്കിൽ കേസെടുക്കാം. സ്വയം അറിയിക്കാത്തവരെക്കുറിച്ചു സമീപവാസികൾക്കു പൊലീസിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കാം. ശുചിത്വവും കരുതലും ജാഗ്രതയും കൊണ്ടു കൊറോണയെ തോൽപ്പിക്കാൻ നമുക്കാവും; ആകണം. അതിനുവേണ്ടത് ഓരോ പൗരന്റെയും സാമൂഹിക ബോധവും ഉത്തരവാദിത്ത ബോധവും തന്നെയാണ്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ അക്ഷരം പ്രതി പാലിച്ചും സംയമനം പാലിച്ചും കൊറോണയെ നമുക്കു തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |