ശുഭചിന്ത


പരിഭവം നിറഞ്ഞ ഉത്കണ്ഠയോടെ അവൾ ചുറ്റും നോക്കി, തനിക്ക് മാറ്റങ്ങൾ സംഭവിക്കുന്നുവോ? ചുറ്റും കണ്ട കിളികളോടും പേരറിയാത്ത മറ്റുള്ളവയോടും അവൾ ചോദിച്ചു, "എൻ്റെ കറക്കത്തിന് പതിവിലും സുഖം അനുഭവപ്പെടുന്നുവോ? എൻ്റെ പാതകൾ സുഗമമായ് തീർന്നുവോ? പരസ്പരം മത്സരിച്ചും കലഹിച്ചും നടന്ന എൻ്റെ മനുഷ്യമക്കൾ ,മാതാപിതാക്കൾക്കും, മക്കൾക്കുമൊപ്പം യാതൊരു തിരക്കുമില്ലാതെ കളിചിരികളുമായി ദിവസങ്ങൾ ചിലവഴിക്കുന്നുവോ? അവർ വല്ലാതെ മാറിയോ "?................

അല്ല, "അവൾ" ആരെന്നു പറയാൻ മറന്നുപോയി; നമ്മളെയൊക്കെ കരുണയോടെ പോറ്റി വളർത്തുന്ന നമ്മുടെ സ്വന്തം ഭൂമി;......... മനുഷ്യർക്കൊപ്പം തനിക്കുമുണ്ടായ മാറ്റത്തെക്കുറിച്ച് തിരക്കുകയാണവൾ; ഒരെത്തും പിടിയും കിട്ടുന്നില്ല.
പടിഞ്ഞാറൻ കാറ്റ് എന്തോ ഒരു വൈറസിനെ പറ്റി പറയുന്നത് അവ്യക്തമായി അവൾ കേട്ടു.അതിൽ നിന്നവൾക്ക് കാര്യമായി മനസ്സിലാക്കാൻ കഴിഞ്ഞത് ഈ വാചകമാണ്; "മാലാഖമാരുടെ പ്രതീകമായ തൂവെള്ള വസ്ത്രമണിഞ്ഞ നഴ്സുമാരും,ആരോഗ്യപ്രവർത്തകരും, നിയമ പാലകരും അധികാരികളും ചേർന്ന് മനുഷ്യനെ തടവിലാക്കി യിരിക്കുന്നു; അവരുടെ ജീവൻ രക്ഷിക്കാനായി- സ്വന്തത്തെ പോലും അവഗണിച്ച് ."...! അവർക്ക് മനസ്സാ നന്ദി അറിയിക്കുമ്പോഴുംതൻ്റെ ഓരോ മക്കളെ പറ്റിയും കരുതലോടെ ചിന്തിക്കുന്ന ആ അമ്മ മനസ്സ് പിടയുകയായിരുന്നു........

ഒരു വശത്ത് ഭീതിയുടെ ഒരായിരം സംശയങ്ങൾ നിലനിൽക്കുമ്പോഴും അവൾക്ക് ആശ്വസിക്കാനായി ഒന്നുണ്ടായിരുന്നു, അതെന്തെന്നോ? പ്രകൃതി ഇപ്പോൾ സന്തോഷത്തിലും, സമാധാനത്തിലുമാണ്. കാരണം മണ്ണുമാന്തികളുടെ ഘോരശബ്ദം ഇപ്പോൾ മുഴങ്ങുന്നില്ല, അവളുടെ രക്തധമനികളായ പുഴകളിൽ ഫാക്ടറികളുടെ  വിഷപ്പുകയും, ഹോട്ടലുകളിലെ ഭക്ഷണാ വശിഷ്ടങ്ങളും ഇപ്പോൾ ഒഴുകുന്നില്ല. നല്ല തെളിഞ്ഞ ശുദ്ധമായ വെള്ളം! പുതുതലമുറയ്ക്ക് അജ്ഞാതമായ ആ പഴയ കാലത്തിലേക്ക് താൻ നീങ്ങുകയാണോ? ശുചിത്വത്തിൻ്റെയും, വിഷമയമില്ലാത്ത സാധാരണ നാട്ടു തൊഴിലിൻ്റെയും ലോകത്തേക്ക് മടങ്ങുകയാണോ തൻറെ മക്കൾ ?! ഭൂമിയമ്മയ്ക്ക് ആശ്ചര്യമായി, ഒപ്പം ആശ്വാസവും ......... താൻ സ്വതന്ത്ര യാകാൻ പോകുന്നു വെന്ന് ആയിരം വട്ടം വിളിച്ചു കൂവാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു.

ആനേരം ചിറകടിച്ച് അവിടേക്ക് പറന്നുവന്ന ഓലഞ്ഞാലിക്കിളി, ഭൂമിയുടെ ഉത്സാഹവും സന്തോഷവുമൊ ക്കെ കണ്ടപ്പോൾ ഒരു ദീർഘശ്വാസം വിട്ടു കൊണ്ട് മന്ദമാരുതനോടായി പറഞ്ഞു; " പാവം ഭൂമിയമ്മ; എത്ര നിഷ്കളങ്കമായ മനസ്സാണവളുടേത്?! അവൾചിന്തിക്കുന്നുണ്ടാവില്ല, ഈയൊരു മഹാമാരി പെയ്തൊഴിഞ്ഞാൽ ആ നിമിഷം തന്നെ അവളുടെ മക്കൾ പൂർവാധികം ശക്തിയോടെ വീണ്ടും അവളെ നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുമെന്ന്,. മരങ്ങൾ മുറിച്ചും പുഴകൾ മലിനമാക്കിയും അവർതന്നെ ദ്രോഹിക്കുമെന്ന്"..... മന്ദമാരുതൻ പറഞ്ഞു "നീ ഭൂമി അമ്മയോട് ഒന്നും പറയണ്ട;പാവം! ഈ മഹാമാരി പെയ്തൊഴിയും വരെയെങ്കിലും അവൾ സന്തോഷത്തോടെ സമാധാനമായി കഴിയട്ടെ".........
അപ്പോഴും ഭൂമി അമ്മ തൻ്റെ മക്കൾക്ക് വന്ന മാറ്റത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു.തനിക്ക് കൈവന്ന സമാധാനത്തെപ്പറ്റിയും...... ( താത്കാലികമെങ്കിലും) ?!

 

ആഫിയ ഫാത്തിമ.ജെ
7B ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ