ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ആമുഖം

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി(എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

സ്റ്റൂഡന്റ് പോലീസ് കേഡറ്റ്

സംസ്ഥാന ആഭ്യന്തരവകുപ്പിൻെറയും വിദ്യാഭ്യാസവകുപ്പിൻെറയും സംയുക്ത ആഭിമുഖ്യത്തിൽ 2010 ൽ ആരംഭിച്ച എസ്.പി.സി. പദ്ധതി 2013 മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പൗരബോധവും സേവനസന്നദ്ധതയുമുളള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സേവനപരിപാടികൾ എല്ലാ അദ്ധ്യയനവർഷവും എസ്.പി.സി .യൂണിറ്റ് സംഘടിപ്പിച്ചു വരുന്നുണ്ട്. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങൾക്കും സ്കൂളിലെ എല്ലാ പൊതുപരുപാടികൾക്കും പ്രധാനമായും നേതൃത്വം നൽകുന്നത് എസ്.പി.സി. കേഡറ്റുകൾ തന്നെയാണ്.

കോവിഡ് കാല പ്രവർത്തന റിപ്പോർട്ട് 2020- 21

     2020 മാർച്ച് മാസത്തിൽ എസ് പി  സി ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച നിർദ്ദേശം അനുസരിച്ച് മഹാമാരിയെ നേടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ജി എച് എസ് പ്ലാവൂർ യൂണിറ്റിന് കീഴിൽ ആരംഭിച്ചു. അതിന്റെ ഭാഗമായി മാർച്ച് മാസത്തിൽ  ഒരു വയറൂട്ടാം പദ്ധതി നടപ്പിലാക്കി. അതിൻ പ്രകാരം കഷ്ടതയിൽ കഴിഞ്ഞിരുന്ന 15 കുടുംബങ്ങൾക്ക് യൂണിറ്റിന്റെ  നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കേഡറ്റുകൾ സ്വയം നിർമ്മിച്ച മാസ്കുകൾ സമൂഹത്തിൽ വിതരണം ചെയ്തു. ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതിയിലൂടെ 17 വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകാൻ സാധിച്ചു. കൂടാതെ ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ വയറിങ് ചെയ്ത് വൈദ്യുതി എത്തിക്കാനും  രണ്ട് വിദ്യാർത്ഥികളുടെ വീടുകളിൽ കേബിൾ കണക്ഷൻ പുതുതായി ഏർപ്പെടുത്തുന്നതിനും സാധിച്ചു.

ഓണം, ക്രിസ്ത്മസ്, നേച്ചർ ക്യാമ്പ് 2022-23

          2022 - 23 അധ്യയന വർഷം ചിരാത് എന്ന പേരിൽ ഓണം ക്യാമ്പും സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന ആപ്തവാക്യം മുൻനിർത്തി ക്രിസ്മസ് ക്യാമ്പും സംഘടിപ്പിച്ചു. സുസ്ഥിരവികസനത്തെ കുറിച്ച് കളിയിലൂടെയും പാട്ടിലൂടെയും ഗെയിമുകളിലൂടെയും ആശയം കേഡറ്റുകൾ ഉൾക്കൊള്ളുകയും പ്ലാസ്റ്റിക് ക്ലാസ് കളിലും സ്കൂളിന്റെ പരിസരത്തും വലിച്ചെറിയാതെ ഇക്കോബ്രിക് എന്ന ഒരു സംരംഭത്തിന് കേഡറ്റുകൾ സ്കൂളിൽ തുടക്കം കുറിക്കുകയും ചെയ്തു. മൂന്നുദിവസത്തെ നേച്വർ ക്യാമ്പും കേഡറ്റുകൾക്ക് നൽകി പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാൻ പേപ്പാറ വന്യജീവി സങ്കേതത്തിൽ വച്ച് നടത്തിയ നേച്വർ ക്യാമ്പ് സഹായിച്ചു. വനം, വന്യജീവികളെ കുറിച്ച് ധാരാളം വിവരങ്ങൾ സ്വന്തമാക്കാൻ ഫോറസ്റ്റ് ഓഫീസേഴ്സ് കേഡറ്റുകൾക്ക് ഒപ്പം ഉണ്ടായിരുന്നു. വനം സംരക്ഷിക്കാനുള്ള അവസരവും കേഡറ്റുകൾക്ക് ലഭിച്ചു. വാഴ്‌വാൻ  തോട് വെള്ളച്ചാട്ടം സന്ദർശിക്കാൻ സാധിച്ചത് കേഡറ്റുകൾക്ക്  ഒരു വേറിട്ട അനുഭവമായിരുന്നു.

പാസിംഗ് ഔട്ട് പരേഡ് 2022

        തിരുവനന്തപുരം റൂറൽ ജില്ല കാട്ടാക്കട സബ് ഡിവിഷനിലെ 11 സ്കൂളുകളിലെ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി സല്യൂട്ട് സ്വീകരിച്ചു. കൂടാതെ എസ് പി സി യുടെ വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ വച്ച് നടന്ന സെറിമോണിയൽ പരേഡിലും സ്കൂളിലെ കേഡറ്റുകൾ പങ്കെടുത്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം, റിപ്പബ്ലിക് ഡേ എന്നീ ദിനാചരണങ്ങളിൽ കേഡറ്റുകളുടെ  നേതൃത്വത്തിൽ സെറിമോണിയൽ   പരേഡ് നടത്തി.

ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ

        ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എസ് പിvസി യുടെ നേതൃത്വത്തിൽ യോദ്ധാവ് പദ്ധതിയുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ നടത്തി. സൈക്കിൾ റാലി, തെരുവുനാടകം, ഫ്ലാഷ് മോബ് എന്നിവ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സ്കൂളിന് പുറത്ത് കാട്ടാക്കട, മംഗലക്കൽ തുടങ്ങിയ ജംഗ്ഷനുകളിൽ നടത്തി. മനുഷ്യ ചങ്ങല, സൈക്കിൾ റാലി തുടങ്ങിയ ലഹരി വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. ജൂലൈ 21 ഇന്റർനാഷണൽ യോഗ ദിനത്തോടനുബന്ധിച്ച് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന യോഗയിൽ കേഡറ്റുകൾ പങ്കെടുത്തു. 

റോഡ് സുരക്ഷാ ബോധവൽക്കരണം

      റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിളെ കേഡറ്റുകളും കാട്ടാക്കട പോലീസ് സ്റ്റേഷനിലെ സി ഐ  മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം നിരത്തിലിറങ്ങി വാഹനങ്ങൾ പരിശോധിക്കുകയും നിയമം പാലിച്ച വ്യക്തികൾക്ക് മധുരം നൽകുകയും മറ്റുള്ളവർക്ക് റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. 

രക്ഷാകർതൃ യോഗവും മറ്റു പ്രവർത്തനങ്ങളും

        എസ്  പി  സി  കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ഈ അധ്യയന വർഷത്തിൽ നാല് തവണ വിളിച്ചു കൂട്ടുകയും കേഡറ്റുകളുടെ  പഠന നിലവാരം വിലയിരുത്തുകയും സ്വഭാവത്തിൽ ഉണ്ടായ മാറ്റം ചർച്ച ചെയ്യുകയും ചെയ്തു. ഡയറിയെഴുത്ത്, ന്യൂസ് പേപ്പർ റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയ ശീലങ്ങൾ കേഡറ്റുകളിൽ വളർത്തുകയും ചെയ്യുന്നു. എസ് പി സിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ സായിഗ്രാമിൽ വച്ച് നടന്ന നോളജ് ഫെസ്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കേഡറ്റുകൾ   പങ്കെടുത്തു. എസ്പിസി കുട്ടികൾ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട് ജൈവകൃഷിരീതി മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഈ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ സ്കൂളിൽ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും മറ്റ് ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്തു വരുന്നു.കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഫുൾ എ പ്ലസ് വാങ്ങിയ 38 കുട്ടികളിൽ 22 പേർ എസ് പി സി കുട്ടികളായിരുന്നു. കേഡറ്റുകൾക്ക് നൽകുന്ന പിടി, പരേഡ് എന്നിവ ശാരീരിക മാനസികാരോഗ്യം പ്രധാനം ചെയ്യുന്നതിൽ നല്ലൊരു പങ്കുവഹിക്കുന്നു നേതൃപാടവം, സഹിഷ്ണുത, നല്ല മൂല്യങ്ങൾ,സേവനമനുഭവം, ഉത്തരവാദിത്വബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തുന്നതിൽ സ്കൂളിലെ എസ് പി സി യുടെ പ്രവർത്തനങ്ങൾ മുൻനിരയിലാണ്


ചിത്രശാല

പാസിംഗ് ഔട്ട് 2022

ക്രിസ്മസ് ക്യാമ്പ്

മുൻവർഷത്തെ പ്രവർത്തനങ്ങൾ

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/എസ്.പി.സി മുൻവർഷത്തെ പ്രവർത്തനങ്ങൾ