ബാലലോകം - കുട്ടികളുടെ പ്രപഞ്ചം - ആർ.പ്രസന്നകുമാർ.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

2. ലോകം കാണാനിറങ്ങിയ മഹർഷിമാർ.
-വേദകഥകളുടെ പുനരാഖ്യാനം - ആർ.പ്രസന്നകുമാർ - 19/04/2010
നൈഷ്ഠിക ബ്രഹ്മചാരികളായ മൂന്ന് മഹർഷിമാരുടെ കഥയാണിത്. അവരുടെ പേരറിയേണ്ടേ...? തല്കാലം നമുക്കവരെ ഏകതൻ, ദ്വിതൻ ത്രിതൻ എന്ന് വിളിക്കാം. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു കുട്ടികളേ...അല്ലേ..?
പത്മാസനത്തിലുള്ള കഠിനതപം ഏറെയായപ്പോൾ ഇനി അല്പം ലോകസഞ്ചാരം നടത്തി പ്രയോഗിക പരിജ്ഞാനവും നേടിക്കളയാം എന്നവർ കരുതി. അതിനായി പുറപ്പെട്ട് ഇപ്പോൾ അവർ ഒരു വലിയ മരുഭൂമിയുടെ മുന്നിലെത്തിച്ചേർന്നു. മരുഭൂമി കടക്കാതെ മുന്നോട്ടുള്ള പ്രയാണം അസാദ്ധ്യമാണ്. ഇങ്ങനെ ഒരു മരുഭൂമി വഴിയിലുണ്ട് എന്നവർ കരുതിയതുമില്ല.
മരുഭൂമിയിലെ യാത്ര ദുഷ്കരവും സാഹസികവുമാണ്. അതിന് ചില മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. പ്രത്യേകതരം വസ്ത്രങ്ങൾ, കുടിവെള്ളം, ആഹാരം, കൂടാരം തീർക്കാനുള്ള സാമഗ്രികൾ തുടങ്ങിയവ കൂടിയേ തീരു. പക്ഷെ ഈ മഹർഷിമാരുടെ കൈയ്യിൽ ഇത്തരം കാര്യങ്ങളൊന്നും തന്നെയില്ല. മുന്നിലെ വിശാല മരുഭൂമി കണ്ട് അവർ ആദ്യം പകച്ചു, യാത്ര തിരിച്ചതിനെച്ചൊല്ലി വിഷമിച്ചു, അവസാനം സ്വന്തം മന:ശക്തിയുടെ പിൻബലത്തിൽ മുന്നോട്ട് യാത്ര തുടരാൻ നിശ്ചയിച്ചു.
മരുഭൂമിയുടെ ഉള്ളിലേക്കു കടക്കും തോറും പിന്നിൽ പച്ച പിടിച്ച പ്രകൃതി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. എവിടെയും മണൽ കൂമ്പാരങ്ങൾ മാത്രം. അവയെ ശക്തിയായി വീശുന്ന കാറ്റ് കോതി കോറിയിട്ടിരിക്കുന്നു. ഇടക്ക് കാറ്റിന് കലിയിളകും, പൊടിക്കാറ്റ് ഉയരും, യാത്ര ദുരിതപൂർണ്ണമാകും.

കത്തിക്കാളുന്ന വെയിൽ, താഴെ ചുട്ടു പഴുത്ത മണൽപ്പാടം. വീശുന്ന വായുവിൽ നേർത്ത മണലിന്റെ തരികൾ, ഇടയ്കവ കണ്ണുകളിൽ തടഞ്ഞ് കാഴ്ച മറയ്കുന്നു. ചൂടിന്റെ കാഠിന്യത്തിൽ വല്ലാത്ത ദാഹം തോന്നിപ്പിക്കുന്നു. കൈയ്യിലുള്ളത് അല്പം ജലം മാത്രം. അടുത്തു കണ്ട ഒരു ഈന്തപ്പനയുടെ ചെറുനിഴലിൽ അവർ തളർന്നിരുന്നു. അവശേഷിച്ച ജലം അവർ മത്സരിച്ച് കുടിച്ചു തീർത്തു. അത് വീണ്ടും പരദാഹത്തിലേക്ക് നയിച്ചു എന്നു മാത്രം.
'ജലമെവിടെ...?' കണ്ണുകൾ ചുറ്റുപാടുകളിലേക്ക് അന്വേഷണാത്മകമായി നീണ്ടു. മനസ്സ് മെല്ലെ മന്ത്രിച്ചു-
'ഇനി മരണമാണ് മുന്നിൽ... വേറെ വഴിയൊന്നുമില്ല. തിരിച്ചു പോകാമെന്നു വെച്ചാൽ, എവിടെ നോക്കിയാലും മണൽപ്പരപ്പാണ്. ദിശയറിയണ്ടേ....?ദൂരമറിയേണ്ടേ...?'
വീണ്ടും മുന്നോട്ടു നീങ്ങവെ, ഒരു പക്ഷി പറന്നു പോയതായി ത്രിതനു തോന്നി.
'അല്ല അത് തോന്നലല്ല, കണ്ടതാണ്, അതു മാത്രമല്ല, അതു പറന്നു വന്ന ദിശയിലേക്ക് നടന്നു ചെന്നാൽ ഒരു പക്ഷെ അവിടെ തടാകവും ജലവും ആഹാരവും കാണും. മരുഭൂമിയിലെ ചതുപ്പാണവിടം. അവിടെ ചൂടും കുറവായിരിക്കും.ഞാൻ ഭാഗ്യവാനാണ്.'-അയാൾ തറപ്പിച്ചു പറഞ്ഞു.
ത്രിതന്റെ അനുമാനങ്ങൾ മറ്റ് രണ്ടുപേരിലും ആശ്വാസത്തിനു പകരം പകയാണ് ജനിപ്പിച്ചത്. അതു കൊണ്ട് ത്രിതന്റെ പാത പിന്തുടരാൻ അവർ ആദ്യം വിസ്സമ്മതിച്ചു. പിന്നീട് മനസ്സില്ലാ മനസ്സോടെ, ദൃഢചിന്തയാൽ നടന്നു നീങ്ങിത്തുടങ്ങിയ ത്രതനോടൊപ്പം അവരും ചേർന്നു. പക അവരിൽ അനുനിമിഷം വളരുന്നുണ്ട്, കൂടെ പുച്ഛവും പരിഹാസവും.
'തടാകമുണ്ടത്രെ...തടാകം...ഫൂ....' അവർ പരസ്പരം പിറുപിറുത്തു.
പക്ഷെ ത്രിതൻ കണ്ടത് ഏകദേശം ശരിയായി വന്നു. അവിടവിടെ പച്ചപ്പുകൾ തെളിഞ്ഞു തുടങ്ങി, മണ്ണിന്റെ ഘടനയിൽ മാറ്റമായി. ചെറിയ നനവ് പടർന്നിരിക്കുന്നു. ത്രിതന്റെ മുഖം സന്തോഷം കൊണ്ടു തുടുത്തു, മറ്റുള്ളവരുടെ മുഖം കറുത്തിരുണ്ടു. നോക്കണേ മനുഷ്യ മനസ്സിന്റെ പ്രതികരണ രീതി. തുള്ളി വെള്ളം കുടിക്കാനില്ല, എന്നിട്ടും തനതു സ്വഭാവം വിട്ടു മാറുന്നില്ല. സത്യത്തിൽ ജലം കണ്ടെത്തിയതിൽ സന്തോഷഭരിതരായി ത്രിതനെ ആലിംഗനം ചെയ്യുകയല്ലേ വേണ്ടത്...?
ചെറുപാറക്കല്ലുകളിൽ തട്ടി പൊട്ടിച്ചിതറി വീഴുന്നതിന്റെ ജലപതന ശബ്ദം കേൾക്കുന്നില്ല. പക്ഷെ അവിടെ ഒരു കൊച്ചു നീരുറവയുണ്ട്. ഒരു കുന്നിറങ്ങി ചെല്ലണം എന്നു മാത്രമേയുള്ളു. മനുഷ്യർ കടന്നു പോയതിന്റെ കാലടികളും ഭക്ഷണാവശിഷ്ടങ്ങളും അവിടെയുണ്ട്. നീരുറവ കണ്ടതോടെ ഏകതനും ദ്വിതനും ഓടിയടുത്തു. മതിയാവോളം ആ തെളിനീർ കോരിക്കടിച്ചു. ഏറ്റവും അവസാനം കുടിക്കാനണഞ്ഞ ത്രിതന് കിട്ടിയതോ, തൊണ്ടയൊന്ന് നനക്കാൻ കഷ്ടിച്ച് ഒരു കവിൾ ജലം മാത്രം.
ഏകതനും ദ്വിതനും ജലപാനം മതിയാക്കി കരയ്കു കയറി. പാടുപെട്ട് തൊണ്ട നനക്കുവാൻ മാത്രം കഴിഞ്ഞ് കയറി വന്ന ത്രിതനെ, അവർ മതിയാവോളം പരിഹസിച്ചു. ഒട്ടും പരിഭവം കാട്ടാതെ ത്രിതൻ വീണ്ടും നീരുറവയിലേക്ക് ഒരിക്കൽ കൂടി ഇറങ്ങി. കൈയിലിരുന്ന വലിയ പാത്രത്തിൽ അല്പം കരുതൽ ജലം സംഭരിക്കുകയാണ് ലക്ഷ്യം.
'അല്പം കാത്തു നിന്നാൽ വീണ്ടും ജലം ഊറിക്കൂടുമായിരിക്കും' ത്രിതൻ മനസ്സിൽ പറഞ്ഞു. പക്ഷെ ത്രിതൻ താഴെയിറങ്ങി അവിടെ തൊട്ടപ്പോൾ ഉറവ വീണ്ടും നീരണിഞ്ഞു... യഥേഷ്ടം നല്ല കണ്ണുനീർ പോലത്തെ ശുദ്ധജലം നിറഞ്ഞു.

ജലം തന്ന ദേവതകളെ ത്രിതൻ വാഴ്ത്തി. നീരുറവയുടെ കുളിരിൽ മതിമയങ്ങാതെ മരുഭൂമിയിലെ അത്ഭുതശക്തിയെ ഉള്ളം നിറഞ്ഞ് സ്തുതിച്ചു.
യാത്രക്കാവശ്യമായ ജലം പാത്രത്തിലേന്തി, പരസഹായമില്ലാതെ മുകളിലേക്ക് ത്രിതൻ ഒരുവിധം കയറി വന്നു. ജലം നിറച്ച പാത്രം തട്ടിയെടുത്തിട്ട് ഏകതനും ദ്വിതനും ചേർന്ന് , അസൂയയും കോപവും മൂത്ത് ,ത്രിതനെ വീണ്ടും ആ നീരുറവയുള്ള പടുകഴിയിലേക്ക് തള്ളിയിട്ടു. ത്രിതനെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം. തിരിഞ്ഞുപോലും നോക്കാതെ അവർ ജലം നിറച്ച പാത്രവുമായി കടന്നു കളഞ്ഞു.
പെട്ടന്നുള്ളതും നിനച്ചിരിക്കാത്തതും ആയ ആ പതനം ത്രിതനിൽ പരുക്കണ്ടാക്കി. പക്ഷെ ത്രിതൻ ആ പതനത്തിൽ പതറാതെ ദേവതകളെ വീണ്ടും ഉച്ചത്തിൽ സ്തുതിച്ചു. ഇതാണ് അചഞ്ചലമായ ഭക്തി. ആപത്തിലും അടിതെറ്റാതെ നിന്ന് ഈശ്വരനാമം ഉരുവിടുക, മുറുക്കെ സർവ്വശക്തനിൽ രക്ഷകാണുക.
ത്രിത മഹർഷിയുടെ ദേവതാ സ്തുതി എന്തെന്ന് അറിയണ്ടേ...?
'പ്രയദേവതമാരേ, കഠിനമായ ആപത്തിലകപ്പെട്ടല്ലോ...?മരിക്കുവാൻ ഭയമേതുമില്ല. ഗാർഹികജീവിതം എനിക്കിങ്ങനെ നിഷേധിച്ചാൽ എന്റെ മാതാപിതാക്കൾക്ക് ആത്മസന്തോഷം ഞാൻ കൊടുക്കുന്നതെങ്ങനെ..?അല്ലയോ ദേവ, അഗ്നേ, ഇന്ദ്ര എന്നെ അത്തരത്തിൽപെടുത്താതെ സംരക്ഷിക്കൂ. എന്റെ മുൻകാല യാഗകർമ്മങ്ങൾ ഓർത്ത് എന്നിൽ സംപ്രീതനായി നല്ലതു വരുത്തുക. എന്റെ കൂട്ടുകാർ അറിയാതെ ചെയ്ത പാപാദികൾ പൊറുക്കുക. എന്റെ അവസ്ഥയിൽ അവർക്ക് മനസ്താപം ഉണ്ടാവാതിരിക്കുവാൻ അത്തരം കാര്യങ്ങൾ അവരുടെ ബോധതലത്തിൽ നിന്നും മായ്ചു കളയുക. പണ്ടൊരിക്കൽ എന്നെ ചെന്നായയിൽ രക്ഷിച്ച ദേവ, ഇവിടെയും എന്നോടൊപ്പം നിന്നാലും. സൂര്യരശ്മികളെ പരിപാലിക്കുംപോലെ എന്നെയും കാത്തുകൊള്ളുക.'
ത്രിത സ്തുതിയിൽ സന്തുഷ്ടരായ ദേവതകൾ മഹർഷിയെ രക്ഷിച്ചു. അപ്പോഴും ത്രിതനിൽ ഉറഞ്ഞുകൂടിയത് പകയല്ല...അനുതാപമാണ്. നിറഞ്ഞ സ്നേഹമാണ്.

ഗുണപാഠം
കോപവും വിദ്വേഷവും ഒന്നും നേടുന്നില്ല. പകയും പരിഭവവും പാരിൽ പറുദീസയൊരുക്കില്ല. വേണ്ടത് അനുതാപമാണ്. നിറഞ്ഞ സ്നേഹമാണ്. പക, പ്രതികാരം ഭീരുവിന്റെ ലക്ഷണമാണ്. അറിവില്ലായ്മയെ നേരിടേണ്ടത് മറ്റൊരു അറിവില്ലായ്മ കൊണ്ടല്ല. ഒരാളിന്റെ തെറ്റുകുറ്റങ്ങൾ മനസ്സിലാക്കി തെറ്റുകാരന് പശ്ചാത്തപിക്കാൻ അവസരമൊരുക്കുക, ക്ഷമയോടെ അയാൾക്ക് മാപ്പേകുക. ഇതാണ് മഹനീയ ലക്ഷണം...മഹത്വവും.


>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

1.അമ്മയുടെ കുഞ്ഞ്.... കുഞ്ഞിന്റെ മുത്തു...
- പുനരാഖ്യാനം - ആർ.പ്രസന്നകുമാർ. 25/02/2010
ഒരിടത്ത് ഒരിടത്ത് ഒരു അമ്മയും കുഞ്ഞുമുണ്ടായിരുന്നു. നല്ല ചന്തമുള്ള ഒരു കുഞ്ഞ്..... നിങ്ങളെപ്പോലെ തന്നെ. ആർക്കും ആ കുഞ്ഞിനെ കണ്ടാൽ ഒന്നെടുത്ത് ഉമ്മ വെയ്കാൻ തോന്നും...വാരിപ്പുണരാൻ ആഗ്രഹിച്ചുപോകും. നീണ്ട പ്രാർത്ഥനയുടെ ഫലമായി ഭഗവാൻ കനിഞ്ഞു നൽകിയ ആ വാത്സല്യത്തിടമ്പിനെ അമ്മ തറയിലും തലയിലും വെയ്കാതെയാണ് വളർത്തുന്നത്. അതുവരെ അവർക്ക് ആകെയുണ്ടായിരുന്ന കൂട്ട് ഒരു കീരിയായിരുന്നു. പേര് മുത്തു. എന്താ രസം തോന്നുന്നോ...? കീരിയെ കുഞ്ഞിലേ എടുത്തു വളർത്തിയതിനാൽ അതിന് ഒരു മൂത്ത മകന്റെ അവകാശമുണ്ടെന്നു തോന്നും കണ്ടാൽ....! അന്യരാരും ആ പൊടിക്കുഞ്ഞിനെ ഒന്നു നോക്കുന്നതു പോലും കീരിക്ക് ഇഷ്ടമല്ലായിരുന്നു. അതു പോലെ കീരിയും കുഞ്ഞും തമ്മിലുള്ള കേളികൾ ഒന്നു കാണേണ്ടതു തന്നെ. അതേ അമ്മയും കുഞ്ഞും കീരിയും അടങ്ങിയ കൊച്ച് സന്തുഷ്ട കുടുംബം.
വലിയ കാടിന്റെ ഓരത്ത് ചരിവിലായി അവർ താമസിച്ചു വന്നു. തുണയ്ക് മറ്റാരും ഇല്ല. കുടുംബനാഥൻ പണ്ടേ ഉപേക്ഷിച്ചു പോയതാണ്. അതിനാൽ പകലന്തിയോളം കഷ്ടപ്പെട്ടാണ് അമ്മ കുഞ്ഞിനെ പോറ്റിയിരുന്നത്. അമ്മ പുറത്തു പോകുമ്പോൾ കുഞ്ഞിനു കാവൽ കീരിയാണ്. കുഞ്ഞും കീരിയും കളിച്ചും ഉറങ്ങിയും അമ്മ വരും വരെ നേരം പോക്കും, അന്തിയാവുമ്പോൾ അമ്മ ലഘുഭക്ഷണം കൊണ്ടു വരുന്നതും കാത്ത് അവർ വഴിക്കണ്ണുമായി നില്കും... അതൊരു പതിവു കാഴ്ചയാണ്.
കാടിന്റെ ഓരത്ത് താമസിക്കുന്നതിനാൽ വെള്ളവും വിറകും സുലഭമാണ്. അന്നും പതിവു പോലെ തലയിൽ വിറകും ഒക്കത്ത് വെള്ളം നിറച്ച ചെമ്പുകുടവുമായി അമ്മ സന്ധ്യക്ക് വന്നു.
'ങേ... ഇന്ന് കീരി ഒറ്റക്ക് കാത്തു നിൽപാണല്ലോ...? കുഞ്ഞും കൂടെ കാണേണ്ടതാണല്ലോ...?' അമ്മ പരിഭ്രാന്തയായി തിടുക്കത്തിൽ ഓടി വന്നു. കീരി തലങ്ങനേയും വിലങ്ങനേയും ഓടി നടക്കുന്നു. മാത്രമല്ല അതിന്റെ ദേഹമാസകലം ചോരത്തുള്ളികൾ കട്ടിപിടിച്ച പോലുണ്ട്. കടവായിൽ ചോര ഒലിച്ചിറങ്ങിയ പാടുകളുണ്ട്.

'എടാ... നീ എന്റെ കുഞ്ഞിനെ കടിച്ചു കൊന്നല്ലോടാ ദുഷ്ടാ' എന്ന് ആക്രോശിച്ചു കൊണ്ട് അവർ വിറക് കെട്ട് കീരിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു. കീരി പ്രാണ വെപ്രാളത്തോടെ പിടച്ച് വീണ്ടും അമ്മയോട് എന്തോ സൂചിപ്പിക്കാനെന്നവണ്ണം നോക്കവെ കൈയിലിരുന്ന ചെമ്പുകുടം കൊണ്ട് അതിനെ തച്ചു കൊന്നു.
നിലവിളിയോടെ വീട്ടിനകത്തേക്ക് കയറിയ അമ്മയെ കൊച്ചരിപ്പല്ലുകൾ കാട്ടി കുഞ്ഞു വിളിച്ചു -
' അമ്മേ....' ആ വിളി ജീവിതത്തിലേറ്റവും മധുരോദാതമായി തോന്നി.
'ഹാവു... എന്റെ കുഞ്ഞിനൊന്നും പറ്റിയില്ലല്ലോ...?'. കുഞ്ഞിനെ വാരിയെടുക്കാൻ കുനിയവെ പെട്ടെന്ന് ഞെട്ടി മാറി.
'അയ്യോ...ഒരു മൂർക്കൻ പാമ്പ് '. അതിനെ പല കഷണങ്ങളായി കടിച്ചു കീറിയിട്ടിരിക്കുന്നു. കുഞ്ഞു കിടന്ന പായുടെ വക്കിലും പരിസരത്തും ചോരത്തുള്ളികൾ.
പെട്ടെന്ന് കീരിയെ ഓർമ്മ വന്നു.
'അയ്യോ... ഞാനെന്താണ് ചെയ്തത് എന്റെ ദൈവമേ....'
കുഞ്ഞിനേയും വാരിയെടുത്ത് ആ അമ്മ ഭ്രാന്തിയെപ്പോലെ പുറത്തേക്കു വന്നു.... ചോരക്കളത്തിൽ കീരി തല തകർന്ന്, ഉടലൊടിഞ്ഞ് ചത്തു കിടക്കുന്നു. ചോരച്ചാലിലൂടെ, രൂക്ഷഗന്ധത്തിലൂടെ ശവംതീനിയെറുമ്പുകൾ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞു.
'മുത്തൂ.... '
കൈയിലിരുന്ന് നിഷ്കളങ്കമായി ഒന്നുമറിയാതെ കുഞ്ഞ് കീരിയെ നീട്ടി വിളിച്ചു...
'മുത്തൂ....'
പക്ഷേ കുഞ്ഞിന്റെ മുത്തു മറുലോകത്തേക്കുള്ള പര്യടനത്തിലായിക്കഴിഞ്ഞ്രുന്നു...
നികൃഷ്ടതയുടെ പരിവേഷമില്ലാത്ത, ചമയങ്ങളുടെ പൊള്ളത്തരങ്ങളില്ലാത്ത മറ്റൊരിടത്തേക്ക്...
നന്മയുടെ ലോകം... വൃത്തികെട്ട മനുഷ്യനില്ലാത്ത ലോകം...!


സാരാംശം :- മനുഷ്യൻ ഒരു വികാരജീവിയാണ്. വളരെപ്പെട്ടെന്ന് കോപിക്കുകയും അടങ്ങുകയും ആനന്ദിക്കുകയും സന്താപപ്പെടുകയും നിയന്ത്രണമില്ലാതെ പ്രവർത്തിക്കുകയും ഒക്കെ ചെയ്യുന്ന വെറും മൃഗം. മൃഗീയവാസനകളിൽ നിന്ന് ഉയർന്ന് പെരുമാറുമ്പോളാണ് അവൻ മനുഷ്യനാകുന്നത്. കോപം ഒരു തരം ഭ്രാന്തമായ വികാരം നമ്മിലുണർത്തുന്നു. പകക്കണ്ണുമായി നാം പ്രശ്നങ്ങളെ നേരിടുന്നു. പരിണിതഫലം പ്രവചനാതീതമാണ്. കുഞ്ഞുങ്ങളേ... ഇവിടെ തന്നെ ഈ കഥയിൽ ആ അമ്മയുടെ കോപം, അതും കാര്യമറിയാതെയുള്ള കോപം കീരിയുടെ മരണത്തിലേക്ക് നയിച്ചില്ലേ... കഷ്ടം തോന്നുന്നുണ്ടോ...? കീരി യഥാർത്ഥത്തിൽ കുഞ്ഞിനെ രക്ഷിക്കയല്ലേ ചെയ്തത്....? ഇനി ആവശ്യമില്ലാതെ കോപിക്കുമ്പോൾ ഇക്കഥ തീർച്ചയായും ഓർക്കുമല്ലോ....