കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം/വാഗമണ്ണിൻ വാസന്തതീരത്ത്
വാഗമണ്ണിൻ വാസന്തതീരത്ത്
കോട്ടയം, ഇടുക്കി ജില്ലകളിലായി സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിശ്വ സുന്ദരവും അനന്തവും അനന്യവും അതുല്യവുമായ അത്യപൂർവ്വതാഴ്വര. പ്രാപഞ്ചിക സൃഷ്ടിയുടെ ആവിർഭാവത്താൽ കരുപ്പിടിപ്പിച്ച പച്ചില ചാർത്തിന്റെയും വനഭൂ ഭാഗത്തിന്റെയും ജലധാരകളുടെയും ഹൃദ്യമായ സൃഷ്ടി, വാഗമണ്ണിലേക്കുള്ള എന്റെയാത്ര ജീവിത വിസ്മൃതിയിലെ അഭനമമായ ഒരേടായിരുന്നു. ഇടതൂർന്നുനിൽക്കുന്ന പൈൻ മരത്താൽ സമ്പന്നമായ പൈൻവാലി. അവിടുത്തെ കാറ്റിന് സുഖകരമായ സ്പർശനം. നിബിഡതകളിൽ എവിടെയോ നിന്ന്, ഉറയ്ക്കാത്ത കാലുകളിൽ ആടിക്കുഴഞ്ഞു തളർന്നുവരുന്ന ഒരു നാടൻ സംഘഗാനത്തിന്റെ ഇമ നനയ്ക്കുന്ന സംഗീതംപോലെ ഏതോ പക്ഷിയുടെ മൂളൽ തുറന്ന കണ്ണുകളെ കോരിത്തരിപ്പിക്കുന്ന കാഴ്ചകൾ. അവിരാമമായ നാമജപത്തിലേർപ്പെട്ടിരി ക്കുന്ന ആലിലചാർത്തുകളുടെ അനന്തതയ്‌ക്കൊപ്പം തിളങ്ങുന്ന സൂര്യശോഭ. പർവ്വത ശൃംഗത്തിലെ തുഞ്ചാണിക്കൊമ്പത്തൊ രിടത്ത് നിൽക്കുന്നത് പോലത്തെ ഇരുപത് വർഷത്തിൽ ഒരിക്കൽ വെട്ടിമാറ്റുന്ന പൈൻമരങ്ങൾ. പൈൻവാലിയിൽ നിന്ന് 25 കിലോമീറ്റർ ദൂരെ സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടങ്ങളുടെ ഹരിതശോഭ. നോക്കെത്താദൂരം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടങ്ങളാൽ സമൃദ്ധമായ കുട്ടിക്കാനം. ഇലകളിൽ പറ്റിയിരിക്കുന്ന മഴത്തുള്ളികൾ സൂര്യകിരണത്താൽ ഹൃദ്യമായ ശോഭയായ് വിസ്മയിപ്പിക്കുന്ന മായാജാലക്കലവറ. മഞ്ഞുതുള്ളിയിൽ ദൃശ്യമാകുന്ന മാരിവില്ലിന്റെ വർണ്ണശോഭ. ബ്രിട്ടീഷ് ഭരണകാലത്ത് വേനൽക്കാല തലസ്ഥാനമായിരുന്നിട്ടും ആംഗലേയ പരിഷ്കാരങ്ങൾക്കടിമപ്പെടാത്ത കുട്ടിക്കാനം. കുട്ടിക്കാനത്തിനടുത്തായി അയ്യായിരം വർഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന മഹാഭാരത യുദ്ധവേളയിൽ അജ്ഞാതവാസം നയിച്ച പാണ്ഡവരുമായി ചേർന്ന് ഐതിഹ്യം നിലനിൽക്കുന്ന പവിത്രമായ ഭൂമി. ആദിത്യകിരണങ്ങളാൽ അനന്യമായ പുണ്യനാട് "പാഞ്ചാലിമേട്". മലനിരകളുടെ ശ്യാമ ധൂളികളിൽ നിന്ന് പ്രഭാതത്തിന്റെ ചുവന്ന പ്രകാശം വന്നു തുടങ്ങുന്നു. അവിടെ നിൽക്കുന്ന കാട്ടു മൂലിക മരത്തിൽ വന്നിരിക്കുന്ന രണ്ടു പക്ഷികൾ മേഘമാലകളുടെ കുളിരണി പന്തലിൽ കാട്ടുമുലീക പൂക്കളുടെ രക്തതാരണ്യം. പാഞ്ചാലിമേടിനോട് ചേർന്നൊഴുകുന്ന ചെറിയ പുഴ. പുഴയിലെ ജല തരംഗങ്ങളുടെ മന്ത്രസംഗീതം പുഴ നിറഞ്ഞൊഴുകുകയാണ്. മുകളിലെ സഹ്യപർവത സീമയിൽ നിന്ന് ഇന്നലെ ഇവിടെയും മഴ പെയ്തിട്ടു ണ്ടാകണം. ഇന്നലത്തെ ആ മഴ ആരുടെയോ വറ്റാത്ത കണ്ണുനീരായിരിക്കും. പുഴനിറഞ്ഞൊഴുകുകയാണ്. ഇന്നലത്തെ മഴയുടെ നീരൊഴുക്കിലൂടെ. യാത്ര തിരിച്ചപ്പോൾ നേരം കുറെ ഇരുട്ടിയിരുന്നു. കറുത്തിരുണ്ട ആകാശം ആ വിസ്മൃതിയിൽ തിളങ്ങുന്ന താരകങ്ങൾ. മനസ്സ് ഉദ്ബുദ്ധമാകുന്നു. നക്ഷത്രങ്ങളിൽ ചിലത് ഒറ്റപ്പെട്ടു നിൽക്കുന്നവ ചിലത് താഴേക്കിപ്പോൾ വീണു പോയേക്കുമെന്ന് പേടിച്ചു നിൽക്കുന്നവ. സമുച്ചയങ്ങളായി ബലിഷ്ഠത കാട്ടുന്നവ. ആകാശവിതാനത്തിലെ ഈ ഉച്ചനീചത്വങ്ങൾ ഭൂമിയിലേക്ക് പ്രതിഫലിച്ചതാണോ. കാറ്റിന്റെ താളവും, പൂക്കളുടെ ഗന്ധവും, കിളികളുടെ ഉറയ്ക്കാത്ത കീർത്തനങ്ങളും എല്ലാംകൂടി ഉണ്ടാക്കുന്ന ശ്രുതി സംഗീതം. ഏതോ........ സ്വപ്നസദൃശ്യമായ കാഴ്ചകൾ.
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |