പാഠം

നട്ടുച്ച സമയത്ത് മാനത്ത് അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട മഴ മേഘങ്ങൾ മനസ്സിന് വല്ലാത്ത ആശ്വാസം നൽകുന്നതായി തോന്നി. എന്തൊക്കെയോ പ്രതീക്ഷകൾ. അകലെ നിന്ന് പറന്നു വരുന്നത് പോലീസിന്റെ നിരീക്ഷണ ഡ്രാഗണാണെന്നാണ് ആദ്യം തോന്നിയത്. ഞാൻ നിൽക്കുന്നത് വീട്ടിനുള്ളിൽത്തന്നെയാണെന്ന് ഉറപ്പു വരുത്തിയ ശേഷം ജനലിലൂടെ വീണ്ടും മാനത്തേക്കു നോക്കി. അടുത്തെത്തിയപ്പോഴാണ് ആളെ ശരിക്കും കണ്ടത്. വടക്കു ഭാഗത്തെ പാടവരമ്പത്ത് വല്ലപ്പോഴും കണ്ടിരുന്ന ദേശാടനപ്പക്ഷിയായിരുന്നു അത്. ഏപ്രിൽ മാസത്തെ പൊരിവെയിലിലും തളിർത്തു നിൽക്കുന്ന മുരിങ്ങ മരത്തിൽ വന്നിരുന്ന് അതെന്നെ നോക്കിയപ്പോൾ ഞാൻ പകച്ചു പോയി. മനുഷ്യശാല കാണാനെത്തിയ മൃഗങ്ങൾ എന്ന കാർട്ടൂൺ എന്റെ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കി.

എത്ര തവണ ഞാനിവന്റെ പിന്നാലെ ക്യാമറയുമായി നടന്നിട്ടുണ്ട്.ഒരു ഫോട്ടോയെടുത്ത് സയൻസ് ടീച്ചർക്ക് കാണിച്ചു കൊടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പാവം ടീച്ചർ പടിയിറങ്ങുമ്പോൾ യാത്രയാക്കാൻ കഴിഞ്ഞില്ല. പെട്ടെന്നാണെല്ലാം മാറി മറിഞ്ഞത്. പള്ളിയുമില്ല പള്ളിക്കൂടവുമില്ല എന്നു പറഞ്ഞതു പോലെയായി.

ഇതിപ്പോൾ തീവണ്ടിയിൽ യാത്ര ചെയ്യുന്ന പോലെയാണ്. എല്ലാ സ്റ്റേഷനുകൾക്കും ഒരേ രൂപം. ദിവസങ്ങൾ ബോഗികൾക്കുള്ളിൽ തളച്ചിട്ട പോലെ. ചലിക്കാത്ത തീവണ്ടി. റൂമുകളൊക്കെ വെറും ബോഗികൾ. ദിവസങ്ങളും വിഭവങ്ങളും ഒരുപോലെ തനിയാവർത്തനം.ശനിയും ഞായറും അറിയുന്നില്ലെന്ന നാലാം ക്ലാസ്സുകാരൻ അനിയന്റെ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പുലരിയിൽ വീടിന്റെ കിഴക്കുഭാഗത്തു വന്നു നിന്ന് ഉദയം കാണും.വൈകുന്നേരം ഈ കൂടിന്റെ പടിഞ്ഞാറു ഭാഗത്തു വന്നു നിന്നാൽ അസ്തമയവും കാണാം.

വരാന്തയിലെ ബഹളം എന്നെ ചിന്തയിൽ നിന്നുണർത്തി. റിയാദിൽ നിന്ന് മൂത്താപ്പ വിളിക്കുകയാണ്. വല്ലപ്പോഴും വരാറുള്ള വിളിയാണ്. കൊച്ചനിയൻ മൊബൈൽ വിട്ടുകൊടുക്കാത്തതിന്റെ ബഹളമാണ്.

"മൂത്താപ്പയെന്താ ബിൽഡിംഗിന്റെ മുകളിൽ കയറി നിൽക്കുന്നത് "
മൊബൈൽ പിടിച്ചു വാങ്ങി ഞാൻ ചോദിച്ചു.
മറുപടിയായി മൂത്താപ്പ റൂമിലെ ദൃശ്യങ്ങൾ കാണിച്ചു തരികയായിരുന്നു.
അഭയാർത്ഥി ബോട്ടിനേക്കാളും കഷ്ടം.
പിന്നെയൊന്നും ചോദിച്ചില്ല.
കഴിഞ്ഞ വേനലിലൊരു രാത്രി കറണ്ടു പോയപ്പോൾ ആടുജീവിതത്തിലെ അനുഭവങ്ങൾ അയവിറക്കി സുഖമായി കിടന്നുറങ്ങിയപോലെ എല്ലാ വിരസതകളും അലിഞ്ഞില്ലാതായി.
അപ്പോൾ ദേശാടനപ്പക്ഷി എന്തൊക്കെയോ ചിലക്കുന്നുണ്ടായിരുന്നു.

ഫാതിമ സഫ പറക്കോട്ടിൽ
7 M കെ.എസ്.കെ.എം.യു.പി.എസ് ചെറുകുളമ്പ
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ