കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/രോഗം പഠിപ്പിച്ച പാഠങ്ങൾ
രോഗം പഠിപ്പിച്ച പാഠങ്ങൾ
കോവിഡ് 19 എന്ന ഭീകരരോഗം ലോകത്തെ കീഴടക്കിക്കൊണ്ട് അനിയന്ത്രിതമായി കുതിക്കുകയാണ്. ഈ കുതിപ്പിന് തടയിടാൻ നമ്മുടെ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും നിയമപാലകരും ജീവന്മരണ പോരാട്ടം നടത്തുകയാണ്. കോവിഡ് 19 നിരവധി പാഠങ്ങളും നമുക്ക് നൽകുന്നു. ലോകസൃഷ്ടാവ് എന്ന് കരുതുന്ന ഈശ്വരന്മാർ പോലും ഇതിന്റെ മുന്നിൽ നിഷ്ക്രിയരാണ്. മതങ്ങളുടെ പേരിൽ തമ്മിലടിക്കുന്ന സമൂഹത്തിന് മുന്നിൽ മതങ്ങളെക്കാൾ മൂല്യം മനുഷ്യനാണെന്ന പാഠം കൊറോണക്കാലം മനസ്സിലാക്കിത്തരുന്നു. കോവിഡ് എന്ന മഹാമാരിക്ക് മുൻപിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വലുപ്പ ചെറുപ്പമില്ല. 2020 ൽ ഭൂമിക്ക് തന്നെ ഭീഷണിയായി തീർന്നേക്കാവുന്ന ഈ വൈറസിനെ നമുക്ക് ഒന്നായി നിന്ന് ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്. ഓരോരുത്തരും സാമൂഹിക അകലം പാലിക്കുമ്പോൾ സുരക്ഷിതരാവുന്നത് എല്ലാവരുമാണെന്ന് നാം ഓർക്കുക. ഈ വൈറസ്, ആഘോഷങ്ങളെ കവരുമ്പോഴും നമ്മുടെ സന്തോഷനിമിഷങ്ങൾ ലോകനന്മയ്ക്കായി മാറ്റിവെക്കുകയാണെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. കൊറോണ കാലത്ത് കടന്നുപോയ ഈ ആഘോഷങ്ങൾ അതിജീവനത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. കോവിഡ് 19 നെപറ്റി പല വ്യാജവാർത്തകളും പ്രചരിച്ചുകൊണ്ടിരിക്കുന്നു. കൊറോണയെപ്പോലെ വ്യാജവാർത്തകളും നാം അകറ്റി നിർത്തേണ്ടത് അനിവാര്യമാണ്. ഒരുപക്ഷെ കൊറോണയെക്കാൾ ഭീകരമായി വ്യാജ വാർത്തകൾ ലോകത്തെ ബാധിച്ചേക്കാം. വൈറസിനെ ചെറുക്കാൻ രാജ്യം അടച്ചുപൂട്ടിയപ്പോൾ തകർന്നത് ദിവസവേത നക്കാരായ അനേകം ജനങ്ങളാണ്. ഉത്തരേന്ത്യയിൽ റോഡിലൂടെ ഒഴുകിപ്പോകുന്ന പാൽ തെരുവ് നായ്ക്കൾക്ക് സമീപം ഒരാൾ കൈക്കുമ്പിളിലാക്കി മൺകുടത്തിൽ നിറക്കുന്ന കാഴ്ചയും പട്ടിണിമൂലം ഒരമ്മ തന്റെ മക്കളെ ഗംഗാനദിയിൽ എറിഞ്ഞ വാർത്തയും ലോക്ഡൗണിന്റെ മറുപുറമാണ്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ. കേരളം ലോകത്തിന് മുന്നിൽ മാതൃകയാവുകയാണ്. ഈ അടച്ചു പൂട്ടലിൽ പട്ടിണിയായത് മനുഷ്യൻ മാത്രമല്ല മറ്റ് ജീവജാലങ്ങൾ കൂടിയാണ്. ഇവർക്ക് കൂടി കരുതലാവുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങൾ സഹോദരങ്ങളെ പോലെ ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ്. അങ്ങനെയിരിക്കെ ഈ മഹാമാരിയിൽ കർണാടക കേരളത്തോട് കാട്ടിയ മനുഷ്യത്വരഹിതമായ പെരുമാറ്റം വളരെ അസഹനീയമാണ്. കോവിഡ് 19 എന്ന മഹാരോഗത്തെ ജാഗ്രതയോടെ കാണാതെ അലസമായി കണ്ട ഭരണാധികാരികളും ഉണ്ട് ഈ ലോകത്ത്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കൊറോണയുടെ ഭീകരത മനസ്സിലാക്കാതെ ജലദോഷപ്പനിയോട് ഉപമിക്കുകയാണ് ചെയ്തത്. എന്നാൽ അങ്ങനെ അലസമായി കൊറോണയെ നോക്കിക്കണ്ട അമേരിക്കയിൽ കാൽലക്ഷത്തിലധികം പേർ മരണത്തിന് കീഴടങ്ങി. ബ്രിട്ടനിൽ അലസമായി നോക്കിക്കണ്ട ഭരണാധികാരികൾക്കും രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ച സംസ്ഥാനമായ കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് 19 എന്ന ഭീകരനെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. കേരളത്തിൽ രോഗത്തിന്റെ തോത് അടിസ്ഥാനമാക്കി പല മേഖലകളായി തിരിക്കുകയും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതിനാൽ കോവിഡ് നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുന്നു. നമ്മുടെ ഭരണാധികാരികൾ ഒറ്റക്കെട്ടായി നിന്ന് ഊണും ഉറക്കവുമില്ലാതെ കേരള ജനതയ്ക്ക് സംരക്ഷണവലയം തീർക്കുന്നു. ഓരോ ദുരന്തങ്ങളും ഓരോ പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ദുരന്തങ്ങളെയൊക്ക അടിച്ചമർത്തി നമ്മൾ ഭാവിയിലേക്ക് കുതിക്കും. മനുഷ്യരെ ഒരുമിപ്പിക്കാനും ചിലകാര്യങ്ങൾ മനസ്സിലാക്കാനുമുള്ള പാഠങ്ങളായി കണക്കാക്കി ഇതിനെ തുരത്താൻ നമ്മൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുക. ഈ കോവിഡ് കാലം മറയുമെന്നും അതിജീവനത്തിന്റെ സൂര്യൻ ആഴിയിൽ നിന്നും കുതിച്ചുയരുന്ന ഒരു ദിനം വരും എന്ന പ്രത്യാശയോടെ......
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |