എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ/അക്ഷരവൃക്ഷം/ പ്രസംഗം
പ്രസംഗം
സ്നേഹം നിറഞ്ഞ അധ്യാപകരെ, പ്രിയപ്പെട്ട കൂട്ടുകാരെ, എന്റെ അവധിക്കാലത്തെ കുറിച്ച് സംസാരിക്കുവാനാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.നിർഭാഗ്യമെന്ന് പറയട്ടെ ഈ അവധിക്കാലം സന്തോഷകരമായ ഒരു നിമിഷം പോലും എനിക്ക് സമ്മാനിച്ചില്ല.ഞാൻ ഓർക്കുന്നു. അന്ന് ഞങ്ങൾ പഠനോത്സവത്തിന്റെ തിരക്കിലായിരുന്നു. (Three butterflies) എന്ന പാഠം ഞങ്ങൾ നാടകമായി അവതരിപ്പിക്കാൻ തീരുമാനിച്ചു. മാഷും ഞങ്ങളും അതിന്റെ അവസാന മിനുക്കുപണി നടത്തുമ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത വന്നത്, കൊറോണ എന്ന വൈറസിന്റെ വ്യാപനംമൂലം സ്ക്കൂളിലെ പരീക്ഷകളും പരിപാടികളും മാറ്റിവയ്ക്കാനും നേരത്തേ അടക്കാനും സർക്കാർ ഉത്തരവിട്ടു. എനിക്ക് സങ്കടമായി.പെട്ടെന്ന് ഒരു ദിവസം എന്റെ കൂട്ടുകാരെ പിരിയണമല്ലൊ? വീട്ടിലെത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ശരിക്കും പിടി കിട്ടിയത്.പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്ന് കൊണ്ട് കൈകൾ നന്നായി ശുചിയാക്കിക്കൊണ്ടു മാത്രമേ ഈ വൈറസിനെ നമുക്ക് തടയാൻ പറ്റൂ.അത് കൊണ്ട് തന്നെ എന്റെ കൂട്ടുകാരോടൊപ്പം കളിക്കുവാനോ എന്റെ ബന്ധുക്കളുടെ വീട്ടിൽ പോകുവാനോ ഒന്നും എനിക്ക് സാധിച്ചില്ല.പണ്ട് കൂട്ടുകാരോടൊപ്പം പാടത്ത് കളിച്ചതും മണ്ണപ്പം ചുട്ടതും മൂവാണ്ടൻ മാവിൽ മാങ്ങയെറിഞ്ഞതും എല്ലാം ഒരുൾപുളകത്തോടെ ഞാൻ ഓർക്കുന്നു. ഇനി ആ കാലം തിരിച്ച് വരുമോ? കൂട്ടിലിട്ട കിളികളുടേയും മൃഗങ്ങളുടേയും അവസ്ഥ അപ്പോഴാണ് ഞാൻ ശരിക്കും തിരിച്ചറിഞ്ഞത്. സ്വാതന്ത്ര്യമില്ലാതെ എന്തുണ്ടായിട്ടും എന്ത് കാര്യം? അവധിക്കാലത്തിന്റെ ഏറിയ പങ്കും അടച്ചിരുന്നു തന്നെ മടുത്തു. ഞങ്ങൾക്ക് സ്വതന്ത്രമായി കളിക്കാനും ചിരിക്കുവാനും പിണങ്ങാനും ഇണങ്ങാനും എല്ലാം അവസരമുള്ള ഒരവധിക്കാലം വരുമെന്ന പ്രതീക്ഷയോടെ എന്റെ ഈ വാക്കുകൾ ശ്രദ്ധിച്ച എല്ലാവർക്കും നന്ദിയറിച്ച് നിർത്തുന്നു.നമസ്ക്കാരം📝
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |