എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം
ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു തോൽപ്പിക്കുവാനും അനാചരങ്ങളുടെ ചങ്ങല കെട്ടുകൾ തകർത്തെറിയുവാനും കേരളീയ സമൂഹത്തിൽ നവോത്ഥാന നായകർ വിത്തുപാകിയപ്പോൾ ആ വിത്ത് ഉറച്ച തായ് വേരുകളോടെ മുളച്ചു പന്തലിച്ചതിന് ഉദാഹരണമാണ് 1923 ൽ വില്ലൂർ ജുമാ അത്ത് പള്ളിയുടെ താഴെ കൈതക്കൽ അഹമ്മദ് ഹാജി സ്ഥാപിച്ച എ.എം എൽ.പി സ്കൂൾ വില്ലൂർ എന്ന ഈ കൊച്ച സരസ്വതീമന്ദിരം. ഇടത്തരക്കാരനും സമ്പന്നരുമായ വിഭാഗങ്ങളിൽ ഇന്നത്തെ തലമുറക്ക് അതിദരിദ്രമായ ജീവിതത്തിൽ നിന്നും ഉന്നത പടവു കയറാൻ സഹായകമായിതീർന്നത് അവരവരുടെ നാട്ടിലെ പൊതുവിദ്യാലയങ്ങൾകൊണ്ടാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. “വിത്തമെന്തിന് മർത്യന് വിദ്യകൈവശമെങ്കിൽ' എന്ന കവിതാശകലം പിൻ തലമുറയെ സംബന്ധിച്ചിടത്തോളം ആപ്തവാക്യം തന്നെയായിരുന്നു. നമ്മുടെ വിദ്യാലയം വളർന്നു വന്നത് ഗവൺമെന്റിന്റെ ഗ്രാന്റ് ഇൻ എയ്ഡ് മാത്രമല്ല സ്വന്തം നാട്ടിൽ വിദ്യാലയങ്ങൾ വളർന്നുവരണമെന്നാഗ്രഹിച്ച് ജനാവലിയുടെ നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് കൂടിയാണ്.
സഹകരണവും ജനകീയ അടിത്തറയും അതിശക്തമായി നമ്മുടെ വിദ്യാലയത്തിൽ നിലനിൽക്കുന്നുവെന്ന് പിൽകാല പ്രവർത്തനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. കുഴിക്കാട്ടിൽ അലവികുട്ടി മുസ്ലിയാർ ആണ് സ്ഥാപക മാനേജർ സ്കൂൾ നിർമ്മിച്ചതെങ്കിലും കൂടുതൽസൗകര്യാർത്ഥം തന്റെ സ്വന്തം സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും എട്ട് വർഷക്കാലം വിദ്യാലയം അവിടെ പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് വിദ്യാലയത്തെ അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ എറ്റെടുക്കുകയും അദ്ദേഹം സ്കൂൾ വട്ടപ്പാറയുടെ മേൽഭാഗത്തേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു. 1943 ൽ ഉണ്ണീൻ കുട്ടി മാസ്റ്റർ മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർക്ക് വിദ്യാലയം കൈമാറുകയും കാലഘട്ടത്തിനനുസരിച്ചുളള സൗകര്യങ്ങളൊരുക്കാനായി വിദ്യാലയം വില്ലൂരങ്ങാടിയിലുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . സ്കൂളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായി മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസുമുറികൾ ഉണ്ടാകുകയും ചെയ്തു.2003 ൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈനബ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു.
കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടവും കേവലം പതിനേഴ് സെൻ്റിൽ മാത്രം സ്ഥിതി ചെയ്യുകയും ചെയ്യുന്ന കെട്ടിടം ആധുനിക കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന് പി.ടി.എ കമ്മറ്റി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ 2008 മുതൽ സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു വരികയും പുതിയ കെട്ടിടം ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ നിലവിലെ സ്ഥലത്ത് കെട്ടിടം ഉണ്ടാക്കിയാൽ ഉളള കളിസ്ഥളം നഷ്ടപ്പെടുന്ന സ്ഥതി വിശേഷവും ബാത്റൂമും കിണറും അടുക്കളയും അടുത്തടുത്ത് വരുന്നത് കുട്ടികൾക്കും തൊട്ടടുത്ത വീട്ടുകാർക്കും ആരോഗ്യപ്രശ്നം ഉണ്ടാകുമെന്നും അഭിപ്രായങ്ങളും പരാതികളും ഉയർന്നു വരികയും ചെയ്തതോടെ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. പ്രദേശത്തെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് സ്ഥലങ്ങൾ ചൂണ്ടികാണിക്കപ്പെട്ടു. അതിൽ ഒന്നാമത്തെ സ്ഥലം വയലും യാത്രാ സൗകാര്യം ഇല്ലാത്തതുമായിരുന്നു. മറ്റൊരു സ്ഥലം വില്ലൂർ പളളിയുടെ സ്മശാനതോട് ചേർന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പധികൃതരുടെ അനുവാദം കിട്ടാൻ പ്രയാസമായിത്തീരുമെന്നുള്ളതുകൊണ്ട് ആ സ്ഥലം ഉപേക്ഷിച്ചു. തുടർന്ന് വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം കണ്ടെത്തുകയും എല്ലാ സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ച് സ്ഥാപനം മാറ്റി സ്ഥാപിക്കുവാൻ വിദ്യാഭ്യാസ അധികൃതരെ സമീപിച്ചപ്പോൾ ഏതാനും ചില ആളുകൾ എതിർപ്പുമായി വരികയും മാറ്റത്തിന് തടസ്സം നേരിട്ടു. എന്നാൽ പി.ടി.എയും ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാലയം മാറ്റിസ്ഥാപിക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. 2015-16 അധ്യയന വർഷം ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കാൻ പി.ടി.എ. ഐക്യകണ്ഠേന തീരുമാനം എടുത്തു. ഇതേ വർഷം തന്നെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയും ചെയ്ത സാഹചര്യം ഉണ്ടായി. ഇതേ തുടർന്ന് മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ശ്രീമതി മാധവിക്കുട്ടി ടീച്ചർ സ്കൂൾ സന്ദർശിക്കുകയും അടിയന്തിരമായി വിദ്യാലയം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനും രേഖ മൂലം നിർദ്ദേശിച്ചു. സ്കൂൾ അധികൃതർ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ഉപജില്ലാ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചതിൻ്റെയും സ്കൂൾ മാറ്റത്തെ എതിർക്കുന്നവർ ജില്ലാ കലക്ടർക്ക് പരാതി കൊടുത്തതിതന്റെയും ഭാഗമായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജയപ്രകാശ് മാസ്റ്ററും ഓഫീസ് ക്ലാർക്കായ ഷൗക്കത്തും സ്കൂൾ സന്ദർശിക്കുകയും പരാതിക്കാരേയും സ്കൂളിനെയും കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതാണ് അനുയോജ്യം എന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഡി.പി.ഐയിൽ നിന്നും എത്തിയ ക്യു.ഐ.പി. ഓഫീസർമാർ പഴയ സ്ഥലത്തുതന്നെ തുടരണമെന്ന് ഡി.പി.ഐ.ക്ക് റിപ്പോർട്ട് കൊടുത്തു. ഇതോടുകൂടി സ്കൂളിന്റെ അപേക്ഷ ഡി.പി.ഐ. നിരസിച്ചു. തുടർന്ന് മാനേജർ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ.അബ്ദുറബ്ബിന് ഡി.പി.ഐ.യുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് നിവേദനം നൽകുകയും വിദ്യാഭ്യാസമന്ത്രി വിദ്യാലയം സന്ദർശിക്കാൻ ഡി.പി.ഐ യെ ചുമതലപ്പെടുത്തുകയും ചെയ്തു.2015 മെയ്മാസം 28-ാം തിയ്യതി അന്നത്തെ അഡീഷണൽ ഡി.പി.ഐ. ആയിരുന്ന
ശ്രീ മുരളീധരൻ സാർ വിദ്യാലയത്തിൽ നേരിട്ടെത്തുകയും അൺഫിറ്റായ വിദ്യാലയവും പുതിയതായി നിർമ്മിച്ച വിദ്യാലയവും സന്ദർശിക്കുകയും ചെയ്തതിന്റെ അടിസ്ഥാ നത്തിൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ സർക്കാറിനോട് ശുപാർശ ചെയ്യുകയും ചെയ്തു. പഴയ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ എ.ഇ.ഒ.യുടെ റിപ്പോർട്ടും ഡി.പി.ഐ.യുടെ ശുപാർശ റിപ്പോർട്ടും അടിസ്ഥാനമാക്കി പി.ടി.എ. കമ്മിറ്റി സർക്കാർ ഉത്തരവ് വരുന്നതുവരെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും 2015 ജൂലൈ 30ന് താൽക്കാലികമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പഴയ കെട്ടിടത്തിനു സമീപമുള്ള ഏതാനും പേർ വൈകാരികമായി ഇതിനെ കാണുകയും നീക്കത്തെ എതിർക്കുകയും ചെയ്തതോടുകൂടി അന്നു തന്നെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥലം സന്ദർശിക്കുകയും താൽക്കാലികമായി മദ്രസയിൽ വിദ്യാലയം പ്രവർത്തിക്കുകയും ചെയ്യട്ടെ എന്ന് നിർദ്ദേശിച്ചു. ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കൾ ഈ നീക്കത്തെ എതിർക്കുകയും ശ്രീ.കബീർ പട്ടാമ്പിയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിൽ ബദലായി പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യവും ഉണ്ടായി.സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് 2015-16 അധ്യയന വർഷം കടന്നുപോയത് എന്ന് പറയാതിരിക്കാൻ വയ്യ. ഭൂരിഭാഗം വിദ്യാർത്ഥികൾ സ്കൂളിൽ ഹാജരാകുന്നില്ലയെന്ന് ജില്ലാ കലക്ടർ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരൂർ തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും അദ്ദേഹം ആഗസ്റ്റ്1ന് തന്നെ കലക്ടർക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. തുടർന്ന് അന്നത്തെ മലപ്പുറം കലക്ടറായിരുന്ന ഭാസ്കരൻ സാർ സ്കൂളിൽ നേരിട്ടെത്തി അടിയന്തിരമായി സ്കൂൾ മാറ്റിസ്ഥാപിക്കുവാൻ സർക്കാറിനോട് ശുപാർശ ചെയ്തു.സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കെട്ടിടം അടിയന്തിരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ഉത്തരവിടുകയും ചെയ്തു. ഇതിനിടയിൽ പ്രാദേശിക പ്രശ്നം എന്ന നിലയിൽ ജനങ്ങൾ രണ്ടു വിഭാഗങ്ങളായതും പ്രധാനാധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററെ കയ്യേറ്റം ചെയ്തതും സ്കൂളിന് ഏറെ പ്രയാസമുണ്ടാക്കിയെന്ന് ദുഃഖത്തോടെ ചരിത്ര രേഖയിൽ കുറിക്കട്ടെ.
മുഴുവൻ റിപ്പോർട്ടുകളും സർക്കാർ പരിശോധിക്കുകയും സ്കൂൾ അധികൃതരേയും പരാതിക്കാരേയും നേരിട്ട് കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ 23-ാം തിയ്യതി സ്കൂൾ പുതിയ കെട്ടിടത്തി ലേക്ക് മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവും പുറപ്പെടു വിച്ചു. തുടർന്ന് നവംബർ 24ന് നാടിന്റെ ജനകീയ പ്രക്ഷോഭത്തിന്റെ വിജയം ആഘോഷിച്ചുകൊണ്ട് ക്ലാസ്സാരംഭിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ നവംബർ 23 വരെ ഒരു നാട് ഒറ്റകെട്ടായി നിന്നതിന്റെ പോരാട്ട വിജയം ചരിത്രത്തിൽ എന്നും വിദ്യാലയം ഓർക്കും. കബീർ പട്ടാമ്പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ക്ലാസ് നഷ്ടപെടാതിരിക്കാൻ ആരംഭിച്ച സമാന്തര ക്ലാസ് എന്നും സ്മരിക്കേണ്ടതാണ്. പി.ടി.എം വില്ലൂർ ,സലാവുദ്ധീൻ പട്ടാമ്പി അന്നത്തെ പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് അമ്പലവൻ എന്നിവരുടെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്
കുറച്ചു രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ ടി.സി. വാങ്ങി മറ്റ് വിദ്യാലയങ്ങളിലേക്ക് പോയ അവസ്ഥയും ഉണ്ടായി. 2015-16 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു വെങ്കിലും പിന്നീടങ്ങോട്ട് കുട്ടികളുടെ വർദ്ധനവ് ഉണ്ടായത് ഏറെ സന്തോഷ കരമാണ്
അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റേയും ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് ഈ വിജയത്തിന് കാരണമെന്ന് സന്തോഷത്തോടെ രേഖപ്പെടുത്തട്ടെ. സ്കൂൾ മാറ്റത്തിന് വേണ്ടി നേതൃപരമായ പങ്ക് വഹിച്ചത് ഇപ്പോഴത്തെ പ്രധാനാധ്യാപകനായ സിദിൻമാസ്റ്റർ ആണ്. കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 2016 മാർച്ച് 31ന് പ്രശസ്ത സിനിമാ നടനും സാഹിത്യകാരനുമായ ശ്രീ.മധുപാൽ ആയിരങ്ങളെ സാക്ഷി നിർത്തി ഉദ്ഘാടനം ചെയ്തു.
2014ൽ തയ്യാറാക്കിയ സ്കൂൾ ഡവലപ്മെന്റ് പ്ലാനിന്റെ അടിസ്ഥാനത്തിൽ 3 ക്ലാസുകൾ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ വൽക്കരിക്കുകയും എൽ.കെ.ജി.ക്ലാസ് എ.സി. ആക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണം ശ്ലാഘനീയമാണ്. പ്രവാസി വികസന സമിതി ചെയർമാൻ പി.ടി.എം.വില്ലുർ സ്കൂളിലെ പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ ഇടപെടുന്നു. 2017 മാർച്ച് 5-ാം തിയ്യതി സ്കൂളിൽ വികസന സെമിനാർ വിളി ച്ചുചേർക്കുകയും മികച്ചൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുതന്നെ ഉള്ള ഏറ്റവും മികച്ച മാതൃകാ വിദ്യാലയമാക്കി മാറ്റുക എന്നതു തന്നെയാണ് ഇനിയുള്ള നമ്മുടെ ലക്ഷ്യം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |