സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട്

ക്ലബ്ബുകളെ പരിചയപ്പെടാം

വിദ്യാരംഗം കലാ സാഹിത്യവേദി

 
2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു
 
2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു
 
2015ലെ ഉപജില്ലയിലെ ഏറ്റവും മികച്ച മാഗസീൻ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാലയം പ്രസിദ്ധീകരിച്ച കളിയൂഞ്ഞാലിന് ലഭിച്ചു
 
2015-16 അധ്യയന വർഷത്തേ മികച്ച വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാം സബ് ജില്ലയിൽ എൽ.പി. തലത്തിൽ ഒന്നാം സ്ഥാനം . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ജയപ്രകാശ് സാറിൽ നിന്ന് ഏറ്റ് വാങ്ങുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭം ആയ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഏറ്റവും ശക്തമായ ഒരു ഘടകം കഴിഞ്ഞ കുറേ കാലമായി നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ്‌ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം ആയി തെരെഞ്ഞെടുക്കുന്നത് നമ്മുടെ കൊച്ചു വിദ്യാലയത്തെ ആണ്

2017 യിൽ ജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം

 
2017 ൽ വിദ്യാരംഗം മലപ്പുറം ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു

2017 അധ്യയന വർഷത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയം ആണ്.ജൂൺ മാസം സ്കൂൾ തുറന്ന് വായന വാരം മുതൽ ഫെബ്രുവരി 21 വരെ നമ്മൾ നടത്തുന്ന ചിട്ടയായ സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ലയിലും, ഉപജില്ലയിലും മികച്ച വിദ്യാലയമായി ഈ കൊച്ചു വിദ്യാലയത്തെ തെരെഞ്ഞെടുക്കാൻ കാരണം.

2018 വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലയിലെ മികച്ച വിദ്യാലയം

            2018/19 അധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് സബ്ജില്ലാ തലത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം 28-ാം തീയതി വിദ്യാരംഗം കോഡിനേറ്റർ മാരുടെ യോഗത്തിൽ ഫസീല ടീച്ചർ ഏറ്റുവാങ്ങി.

 
2018 ലെ മികച്ച വിദ്യാരംഗം സ്കൂളിനുള്ള പുരസ്കാരം ഫസീല ടീച്ചർ ഏറ്റുവാങ്ങുന്നു

വിദ്യാരംഗത്തിൻ്റെ ചില പ്രവർത്തനങ്ങൾ

2011 അധ്യയന വർഷം മുതൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് നടത്തുന്നത്.ജൂൺ 19 മുതൽ നടക്കുന്ന വായന വാരാഘോഷത്തിൻ്റെ ഭാഗമായാണ് എല്ലാ വർഷവും സ്കൂളിൽ വിദ്യാരംഗം പ്രവർത്തന ഉദ്ഘാടനം നടക്കുന്നത്.

അമ്മ മലയാളം

 

2013 ൽ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിന് ശേഷം എല്ലാ വർഷവും നവംബർ മാസം മുതൽ മാതൃഭാഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നടന്നുവരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ആണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുള്ളത്.കഥ ശിൽപശാല, കവിത ശിൽപശാല, നാടകശിൽപശാല, വിവിധ യാത്രകൾ, മാഗസീനുകൾ, ചലച്ചിത്രോത്സവങ്ങൾ, അഭിമുഖങ്ങൾ തുടങ്ങീ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു.

വേദിക കലാ കേന്ദ്രം

 
വേദിക കലാ കേന്ദ്രം ഉദ്ഘാടന പോസ്റ്റർ

വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്

ലൈബ്രറി നിറക്കൽ

 
ലൈബ്രറി നിറക്കൽ പദ്ധതിക്ക് പിന്തുണ തേടികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾക്ക് അയച്ച കത്തിൻ്റെ മാതൃക


 
ലൈബ്രറി നിറക്കൽ ഉദ്ഘാടന ബാനർ

സ്കൂളിലെ നിലവിലുണ്ടായിരുന്ന ലൈബ്രറി പുസ്തകങ്ങൾ കാലപ്പഴക്കം കൊണ്ട് കുറേ നശിച്ച് പോയിരുന്നു.അതു പോലെ ആവശ്യത്തിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ഇല്ലായിരുന്നു.ഇത് പരിഹരിക്കാനാണ് വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറി നിറയ്ക്കൽ എന്ന പേരിൽ ഒരു വ്യത്യസ്ഥ പരിപാടി ആസൂത്രണം ചെയ്തത്.ഒരു ലക്ഷം രൂപയുടെ പുസ്തങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. പരിപാടിയുടെ ധനസമാഹാരണത്തിനായി വിദ്യാർത്ഥികളുടെ വീടുകളിൽ തുണികൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടി സ്ഥാപിച്ചു.കുട്ടികളും വീട്ടുകാരും അതിൽ പണം നിക്ഷേപിച്ചു.അങ്ങനെ കിട്ടിയ പണവും പൂർവ്വ വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളും നൽകിയ ഫണ്ട് ഉപയോഗിച്ച് മികച്ച ഒരു ലൈബ്രറി ഒരുക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ലോകമാതൃഭാഷ ദിനത്തിൽ പുസ്തകങ്ങൾ പ്രശസ്ത കവി പവിത്രൻ തീക്കുനി[1] സ്കൂളിന് കൈമാറി. പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി വലിയപറമ്പിൽ നിന്നും സ്കൂളിലേക്ക് നടന്ന ഘോഷയാത്രയും മനോഹരമായിരുന്നു.

വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം

 
2017 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശ്രീ.മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018ലെ പ്രവർത്തന ഉദ്ഘാടനം സിനിമ നാടക നടൻ ശ്രീ മുഹമ്മദ് പേരാമ്പ്രയാണ് നിർവ്വഹിച്ചത്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഏറെ ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, പി.ടി.എം വില്ലൂർ ,കബീർ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. വിദ്യാരംഗം 2018ലെ പ്രവർത്തന ഉദ്ഘാടനം

 
വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം ശ്രീ മണമ്പൂർ രാജൻ ബാബു നിർവ്വഹിക്കുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 ലെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത കവി ശ്രീ മണമ്പൂർ രാജൻ ബാബു ആണ്

ഗ്രീൻലൈൻ ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ്

ആമുഖം

ഗ്രീൻ ലൈൻ ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ്.

സ്കൂളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര ബോധവും അവർക്ക് പരിസ്ഥിതി ബോധവും ഉണ്ടാക്കാനായി 2010 ൽ ആണ് ഗ്രീൻ ലൈൻ എന്ന പേരിൽ ഒരു ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ് ഉണ്ടാക്കിയത് .

ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 2010 ജൈവവൈവിധ്യ വർഷത്തിൻ്റെ ഭാഗമായി വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ നൂറോളം പുസ്തകങ്ങൾ ഉണ്ടാക്കിയത് ശ്രദ്ധയമായിരുന്നു.

പരിസ്ഥിതി ദിനങ്ങൾ

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും വളരെ പ്രാധാന്യത്തോടെ സ്കൂളിൽ സംഘടിപ്പിക്കുന്നു.

100 മഴ കുഴികൾ

2013 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഏറ്റവും മികച്ച പ്രവർത്തനമാണ് വിദ്യാർത്ഥികളുടെ വീട്ടിൽ 100 മഴക്കുഴികൾ നിർമ്മിച്ചത്.പരിപാടിയുടെ ഉദ്ഘാടനം അന്നത്തെ വാർഡ് കൗൺസിലർ പി.എം ഖൈറുന്നിസയുടെ വീട്ടിൽ മഴക്കുഴി നിർമ്മിച്ച് കൊണ്ടാണ് നിർവ്വഹിച്ചത്.

അന്നത്തെ എ.ഇ.ശ്രീമതി മാധവി ടീച്ചർ,ബി.പി.ഒ മഞ്ചു ടീച്ചർ സ്കൂളിൽ പങ്കെടുത്തു.ബി.ആർ.സി തല ഉദ്ഘാടനവും സ്കൂളിൽ വെച്ചാണ് നടന്നത്. കൗൺസിലറുടെ വീട്ടിലേക്ക് റാലി നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

 
എ.ഇ.ഒ ശ്രീമതി മാധവി ടീച്ചർ മഴക്കുഴി നിർമ്മാണം ഉദ്ഘാടനം ചെയ്യുന്നു
 
പരിസ്ഥിതി ദിന റാലി






പരിസ്ഥിതി ദിനം - 2014

 
2014ലെ പരിസ്ഥിതി ദിന പരിപാടിയിൽ നിന്ന്

രണ്ടായിരത്തി പതിനാലിലും ഏറെ വ്യത്യസ്ഥമായ രീതിയിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.പരിസ്ഥിതി ദിന റാലിയോടെ ആരംഭിച്ച് മഹാൻമാരുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ അവരുടെ പേരുകളിൽ റോഡ് സൈഡുകളിൽ മരതൈകൾ വെച്ചുപിടിപ്പിച്ചു.

ഗണിത ക്ലബ്ബ്

ആമുഖം

ഗണിത പ്രവർത്തനങ്ങൾ ലളിതമാക്കാനും , കുട്ടികളിൽ ഗണിത താൽപര്യം വർദ്ധിപ്പിക്കുവാനും സ്കൂളിൽ ഒരു ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുള്ളതാണ് ക്ലബ്

ദിനാചരണങ്ങൾ, ശിൽപശാലകൾ, ഗണിത മാഗസീനുകൾ എന്നിവയൊക്കെയാണ് പ്രധാന പരിപാടികളായി സംഘടിപ്പിക്കാറുള്ളത്.

ക്ലബ്ബിൻ്റെ ചില പ്രവർത്തനങ്ങൾ

ഭീമൻ ഗണിതം

ദേശീയ ഗണിത വർഷത്തിൻ്റെ ഭാഗമായി സ്കൂളിലെ ഗണിത ക്ലബ്ബ് പുറത്തിറക്കിയ ഭീമൻ ഗണിതം പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. കുട്ടികളുടെ ഗണിതവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ലളിതമായ പ്രവർത്തനങ്ങൾ അടങ്ങിയതായിരുന്നു പുസ്തകം

 
ഭീമൻ ഗണിതം പുറം ചട്ട

വളരുന്ന ഗണിതപ്പെട്ടി

ഒന്നാം ക്ലാസിൽ എത്തുന്ന ഓരോ കുട്ടിക്കും ഒരു ഗണിതപ്പെട്ടി നൽകുന്ന പ്രവർത്തനം സ്കൂളിൽ നടന്നുവരുന്നു. കുട്ടികൾക്ക് ഓരോ ക്ലാസിലും ഗണിതപഠനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും പെട്ടിയിൽ ശേഖരിച്ച് വെക്കുന്നു . അടുത്ത ക്ലാസിലേക്ക് അവ കൊണ്ടു പോകുന്നു. അങ്ങനെ നാല്ലാം ക്ലാസിൽ എത്തുമ്പോൾ വിദ്യാർത്ഥിക്ക് ഗണിതപഠനം ലളിതമാക്കാൻ കഴിയും.

ഗണിത ശിൽപശാല

 
രക്ഷിതാക്കൾക്കുള്ള ഗണിത ശിൽപശാലയിൽ നിന്ന്


ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗണിത ശിൽപശാല സംഘടിപ്പിച്ചു.ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്.തുടർന്ന് അവർ സി.പി.ടി.എ യോഗത്തിൽ മറ്റ് രക്ഷിതാക്കൾക്കും പരിശീലനം നൽകി.

കാർഷിക ക്ലബ്ബ്

ജനങ്ങളുടെ സാംസ്കാരിക അടിത്തറ, പാരമ്പര്യം, അനുഭവജ്ഞാനം എന്നിവയെല്ലാം നിരന്തരം അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

സംവത്സരങ്ങളായി ജനങ്ങളെ താങ്ങി നിർത്തിയിരുന്ന കാർഷിക സമ്പത്ത്‌ പൂർണമായും കൊള്ളയടിക്കപ്പെടുവാനും, അത് നമ്മുടെ കാർഷിക തൊഴിലുകളിൽനിന്നും അകറ്റാൻ ഇടയാക്കിയിരിക്കുകയാണ്.

മൂലധന ശക്തികളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളമാക്കി അവികസിത രാജ്യങ്ങളെ മാറിയിരിക്കുന്നു.

പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ഉൽപ്പന്നങ്ങൾവലിയതോതിൽ ഇറക്കുമതി ചെയ്യുകയും കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം കുത്തക കമ്പനികൾ കയ്യടക്കുകയും ചെയ്തിരിക്കുകയാണ്.

വികലമായ ആസൂത്രണത്തിൻെറ ഫലമായി നമ്മുടെ കുടിവെള്ളവും അന്തരീക്ഷവും മലിനമാക്കുകയും അതുവഴി ശുദ്ധജലവും ശുദ്ധവായുവരെ വിൽപ്പനച്ചരക്കാക്കി ജനങ്ങളെ കൊള്ളയടിക്കുവാൻ അവസരം കൈവന്നിരിക്കുകയാണ്.

മേൽവിവരിച്ചിട്ടുള്ള സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഒരു ചെറിയ കാൽവെപ്പ് എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളിൽ കാർഷിക ക്ളബ്ബുകൾ എന്ന പദ്ധതിയിൽ കൃഷിയെ പഠന വിഷയമാക്കുക, ഒപ്പം കൃഷിയിലൂടെ പഠിക്കുക എന്ന പ്രസ്ഥാനത്തിന് രൂപം നൽകിട്ടുള്ളത്.

വിദ്യാലയങ്ങളിൽ കാർഷിക ക്ളബ്ബ് വഴി

തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക, കര നെൽകൃഷി, കാർഷിക രംഗത്ത് കലാ_സാംസ്‌കാരിക കൂട്ടായ്മകൾ, പച്ചക്കറി ഉത്പാദനം അതിന്റെ സംഭരണ വിതരണ കേന്ദ്രം, കാർഷിക നേഴ്സറി, വീട്ടുവളപ്പിൽ പച്ചക്കറി, സെമിനാറുകൾ.. തുടങ്ങി ഒട്ടനവധി പദ്ധതികൾ ആസൂത്രണം ചെയ്യുഞ്ഞു.

കാർഷിക മേഖലയോട് കുട്ടികൾക്ക്, അതുവഴി രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിനിവേശം ഉണ്ടാക്കുന്നതിനായി ഈ പ്രവർത്തനങ്ങൾ വഴിവെക്കുമെന്ന് നാം കരുതുന്നു.

ഇതിന്റെ ഭാഗമായി തന്നെയുള്ള പഴയകാല നാട്ടറിവുകൾ സമാഹരിച്ച് വരുന്ന തലമുറയ്ക്ക് സംഭാവന ചെയ്യുന്ന പ്രവർത്തനങ്ങളും നാം ലക്ഷ്യമിട്ടിട്ടുണ്ട്.

ഹരിതാഭമായ കേരളം,സ്വാശ്രയമായ സമൂഹം, അരോഗദൃഢഗാത്രരായ വ്യക്തികൾ എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായുള്ളതാൻ ഈ ഏളിയ തുടക്കം.


നമ്മുടെ സ്കൂളിലും കാർഷിക ക്ലബ് നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്

ഒന്നു മുതൽ നാലുവരെ ക്ലാസ് കളി ലെ എല്ലാ ക്ലാസിൽ നിന്നും നാലുപേർ വീതം ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കും

ഇതിൽ നിന്നും ഒരാളെ കൺവീനറായി തെരഞ്ഞെടുക്കും

കൺവീനറും ക്ലബ് ചാർജുള്ള അധ്യാപകരും കൂടി പ്രവർത്തനങ്ങൾ നിയന്ത്രിക്കും.

2016- 17 അധ്യയന വർഷത്തിൽ മുനിസിപ്പാലിറ്റിയിൽ നിന്നും വാട്ടർ പമ്പ് കാർഷിക ക്ലബിന് ലഭിച്ചു.

തുടർ വർഷങ്ങളിൽ വിവിധ കൃഷികൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്

2018-19 അധ്യയന വർഷത്തിൽ സിദിൻ മാഷിൻ്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ചേന കൃഷി നടത്തിയത് വളരെ നല്ല പ്രവർത്തനമായിരുന്നു.

ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കിയും

കൂലിക്കാളെ വിളിച്ച് തടമൊരുക്കിയും അതേ വർഷം തന്നെ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ചെയ്തു.

കൃഷിയിൽ നിന്നും ലഭിച്ച ഉത്പന്നങ്ങൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു

അങ്ങിനെ വിഷ രഹിത പച്ചക്കറികൾ സ്വന്തം സ്കൂളിൽ തന്നെ

ഉത്പാദിപ്പിക്കുന്നതിൽ കുട്ടികളെല്ലാവരും ഭാഗമായി.

സ്കൂളിൽ പൂന്തോട്ടം നിർമിക്കുക മുളദിനത്തിൽ വിവിധ മുളകൾ നടുക തുടങ്ങിയവ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ മറ്റു വേറിട്ട പ്രവർത്തനങ്ങളായിരുന്നു.

അലിഫ് അറബിക്ക് ക്ലബ്ബ്.

സ്കൂളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനം എളുപ്പമാക്കുന്നതിനും  വിദ്യാർത്ഥികളുടെ ഭാഷാ കഴിവ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്  2015 ൽ അലിഫ്എന്ന പേരിൽ ഒരു അറബിക്ക്ക്ലബ്ബിന് രൂപം നൽകിയത്

ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.     അറബികഥാ രചന, കവിതാ രചന, കവിതാലാപനം, അറബിഗാനം തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട് .കൂടാതെ വായനമെച്ചപ്പെടുത്തുന്നതിന് വേണ്ടി വായനാ കാർഡ് നിർമ്മാണ മത്സരവും   വായനാ മത്സരവുംനടത്തി വരുന്നു

സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളിലും അറബിക്കിൻ്റെതായ ഒരു പ്രവർത്തനം  നടത്താറുണ്ട്

ഒരു ദിവസം ഒരു വാക്ക്

ഈ പ്രവർത്തനത്തിലൂടെ

കുട്ടികൾ ക്ലാസിനു പുറമെ ഒരു വാക്കും അതിൻ്റെ അത്ഥം മലയാളത്തിലും ഇംഗ്ലിഷിലും അറബിയിലും കുട്ടിക്ക് മനസ്സിലാക്കാൻ കഴിയുന്നു

ഇതിൽ കുട്ടികൾക്ക് മത്സരം നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി

  വിദ്യാർത്ഥികളുടെ അറബി കലാമികവ് കണ്ടെത്തുന്നതിന് വേണ്ടി അറബിക്ക് കലാമേള എല്ലാവർഷവും നടത്തുന്നുണ്ട്