എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം / ആനച്ചന്തം
ആനച്ചന്തം
ആന എന്നു കേൾക്കുമ്പോൾത്തന്നെ മനസിൽ ആകെ ഒരു കൌതുകമാണ് ഉണ്ടാകുന്നത്. വലിയ വയറും മുറം പോലുള്ള ചെവികളും,തൂണുപോലുള്ള കാലുകളും,നീണ്ട തുമ്പിക്കൈയും കൊമ്പും,കുഞ്ഞിക്കണ്ണുകളുമായി കുലുങ്ങിക്കുലുങ്ങി വരുന്നതു കാണാൻ തന്നെ എന്തു രസമാണ്. കിലും കിലും എന്നു താളത്തിലുള്ള ആ വരവൊന്നു കാണാൻ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒാടിയെത്തും. അടുത്തു ചെന്നൊന്നു നിൽക്കാനും ഒന്നു തൊട്ടുനോക്കാനും ഒക്കെ ആർക്കാണ് തോന്നാത്തത്? ഒരു വലിയ ജീവിയാണെന്ന പേടിപോലും അന്നേരം ഇല്ലാതാവും. ഈ എനിക്കുതന്നെ ഒന്നു തൊട്ടുനോക്കാൻ ഒരുപാട് കൊതിതോന്നിയിട്ടുണ്ട്. ആന ഇടഞ്ഞു, കുത്തിക്കൊന്നു, ചവിട്ടിക്കൊന്നു എന്നൊക്കെ ദുഃഖകരമായ സംഭവങ്ങൾ മൂലം ഉൽസവങ്ങൾക്ക് അവയെ ഒഴിവാക്കണം എന്നുണ്ടെങ്കിലും ആനയില്ലാത്ത ഒരു ഉൽസവത്തെപ്പറ്റി ചിന്തിക്കാൻ നമുക്ക് കഴിയുമോ? നെറ്റിപ്പട്ടം കെട്ടി, മാലയിട്ട്, മുത്തുക്കുടയും ആലവട്ടവും വെഞ്ചാമരവും ചൂടി, ദേവതമാരുടെ തിടമ്പേറ്റി നിൽക്കുന്ന കൊമ്പനാനയെ കണ്ടാൽ ആരാണ് നിന്നുപോകാത്തത്?എത്ര നോക്കി നിന്നാലും മതിവരാത്ത കാഴ്ച! മായക്കാഴ്ച! ഈ കൊറോണക്കാലത്ത് പൂരങ്ങളുടെ പൂരമായ തൃശൂർപൂരത്തക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ, എത്രമാത്രം ആളുകളുടെ, ആന പ്രേമികളുടെ മനസിൽ ഒരു വലിയ വേദനയായിട്ടുള്ളതാണ് ഇത്തവണത്തെ പൂരം? ഇരുവശത്തും നിരന്നുനിൽക്കുന്ന ചമയങ്ങളണിഞ്ഞ കരിവീരൻമാരും കുടമാറ്റവും മേളവും നടുക്ക് സൂചികുത്താൻപോലും ഇടമില്ലാത്തവണ്ണം പൂരപ്രേമികളും ഒന്നുമില്ലാത്ത പൂരം. ഒരു വലിയ നഷ്ടം തന്നെ....
|