വേനൽമഴ

കത്തുന്നവേനൽചൂടിൽ കാത്തുഞാൻനിന്നിട്ടും
എന്തേ നീ വന്നണഞ്ഞില്ല?
ഉച്ചമേഘംനിൻെറ വരവറിയിച്ചിട്ടും
നീ മാത്രമെന്തേ വന്നില്ല?
നന്നായുറങ്ങുവാൻ ഉള്ളം തണുക്കുവാൻ
വെറുതേ കാത്തു ഞാൻ നിന്നു,
നിൻകുളിർനീരിനായ് കേഴുമെനിക്കുനിൻ
തോഴരെ മാത്രം നീ നൽകി,
പേടിപ്പെടുത്തുമാറവർവന്നണയവേ
നീയെങ്ങോ പോയ്മറയുന്നു.
ഒടുവിൽ കലിതുള്ളി നീകാലവർഷമായ്
വരുമെന്നു ഞാനറിയുന്നു,
അന്നേയ്ക്ക് കരുതുന്ന തുള്ളികളിത്തിരി
ഇന്നേയ്ക്ക് നീ തരുകില്ലേ?
വാടിക്കരിഞ്ഞു ഞാൻ നിന്നിടുമ്പോഴും
ആഗ്രഹിക്കുന്നു ഞാൻ നിന്നെ
ഒരുതുള്ളി അമൃതു നീയേകുന്നതും കാത്തു
നിൽക്കുന്നു ഞാനുമിന്നിവിടെ

അനന്യ കൃഷ്ണ.യു
4 B അറവുകാട് എൽ.പി.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത