ഒരു കുന്നിടിയുന്നു.... ഒരു മരംമുറിയുന്നു
തേനരുവി തന്നിലെ തെളിനീര് വറ്റുന്നു
അമ്മയാം ഭൂമി തൻ മാറ് കുഴിയ്ക്കുന്നു ..
രമ്യഹർമ്മ്യങ്ങൾ പടുത്തുയർത്താൻ
കാരുണ്യമേശാത്ത കാട്ടാള ചെയ്തികൾ.
കാളകൂടം നിറയ്ക്കുന്നു മനതാരിൽ .....
തെരുവോര ബാല്ല്യങ്ങൾ കേഴുന്ന ശബ്ദം.
അധികാരികൾക്കോ കേൾക്കാവതല്ല.
പെണ്ണിന്റെ മാനം വീടിന്നകത്തും
പേക്കോലമായി മാറിടുമ്പോൾ
സാമൂഹ്യ തിൻമകൾ തച്ചുടച്ചീടുവാൻ.
ശാന്തിതൻ മന്ത്രങ്ങൾ പാഴായിടുമ്പോൾ .
ഹേ... മാനവ , നീയെവിടെയാണ് ?
നിന്റെ നേരും നെറിയും ഇന്നെവിടെയാണ് ?
എങ്കിലും ഓർമ്മ തൻ വാതായനങ്ങൾ
മെല്ലെ മെല്ലെ തുറന്നീടുമ്പോഴോ -
സ്നേഹത്തിൻ ത്യാഗത്തിൻ കാരുണ്യ ദീപ്തമാം
നന്മ തൻ മുത്തുകൾ മിന്നിതിളങ്ങീടുന്നു
ഓരോന്നുമോരോന്നും ഒന്നിലും മേലെയായ്
സൗമ്യമാം ദീപ്തി ചൊരിഞ്ഞിടുന്നു ......