വറ്റി വരണ്ട നദിയുടെ
ചാരെ
നിന്നെന്നമ്മഎന്നോട്
ചൊല്ലി..
ഈ നദിയ്ക്കും പണ്ട്
നിന്നെപ്പോലൊരു
ബാല്യമുണ്ടായിരുന്നുണ്ണി.
ഒരു കുളിർക്കാറ്റിനായി
ആഗ്രഹിച്ചങ്ങനെ
ഉഷ്ണം സഹിച്ചു ഞാൻ
നിൽക്കെ..
ചൂടുകാറ്റങ്ങനെ
പ്രതികാരദാഹിയായ്
വീശിയടിച്ചിടുമ്പോൾ.
വീണ്ടും പറഞ്ഞമ്മ
ഈ വഴി വക്കിൽ
തണലേകിടാൻ പണ്ട്
തരു നിരകളുണ്ടായിരുന്നു.
ഇന്നവ എല്ലാം
മറഞ്ഞുപോയെങ്കിലും
ഓർമയിൽ
കുളിരേകിടുന്നു.
കുന്നും മലയും
പൂംചോലയുമെല്ലാം
പണ്ടിവിടുണ്ടായിരുന്നു.
പിന്നെയാ കുന്നുകൾ
സഞ്ചരിക്കുന്നതു
കണ്ണാലെ ഞാനും കണ്ടു.
ചാണകം മെഴുകിയ
മുറ്റത്തിനൊരു ചാരുത
ഉണ്ടായിരുന്നു.
പാടത്തു പണിയുന്ന
മാലോകർക്കെല്ലാം
മണ്ണിന്റെ ഗന്ധമായിരുന്നു.
ചൊല്ലി നിറുത്തിയെന്നമ്മ
എന്നെ ചേർത്തു
പിടിച്ചിടുമ്പോൾ,
തൂകിയ മിഴികളിൽ
കണ്ടു ഞാൻ മാഞ്ഞോരു
നല്ല കാലത്തിന്റെ നഷ്ടം