ഇടം‌ (Space), എണ്ണം , അളവ് (Quantity), അടുക്ക് (Arrangement) എന്നീ വിഷയങ്ങളെപ്പറ്റിയും അവയുടെ മറ്റു ശാസ്ത്രശാഖകളിലുള്ള പ്രയോഗത്തെപ്പറ്റിയും പ്രതിപാദിക്കുന്ന ഒരു ശാസ്ത്രശാഖ.. കണക്കുകാർ‌ പാറ്റേണുകളെ (Pattern) കണ്ടെത്തുകയും ,അവയുടെ പഠനത്തിലൂടെ അടിത്തറകൾ‌ (Axiom) ഉണ്ടാക്കുകയും‌, അവയുടെ നിർധാരണത്തിലൂടെ പുതിയ സത്യങ്ങൾ കണ്ടെത്തുകയും വെളിപാടുകൾ‌ (Theorems) ആവിഷ്കരിക്കുകയും ചെയ്യുന്നു.

ഭൗതികശാസ്ത്രം ,വൈദ്യശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,സാങ്കേതികശാസ്ത്രം തുടങ്ങി ഒരുപാടു ശാസ്ത്രശാഖകളിൽ അതിപ്രധാനമായ ഘടകമായി ഗണിതശാസ്ത്രം മാറിയിട്ടുണ്ട്. മറ്റു ശാസ്ത്രശാഖകളിലെ ഗണിതത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രയുക്ത ഗണിതശാസ്തം ,ഒരുപാടു പുതിയ കണ്ടുപിടിത്തങ്ങൾക്കും,പുതിയ ഗണിതശാസ്ത്രശാഖകളുടെ ഉത്ഭവത്തിനു തന്നെയും കാരണമായിട്ടുണ്ട്. പ്രത്യേകിച്ചൊരു പ്രായോഗികതയെയും അടിസ്ഥാനമാക്കിയല്ലാതെ ഗണിതത്തിന്റെ തനതായ വഴിയിൽ സഞ്ചരിക്കുന്ന ശുദ്ധ ഗണിതത്തിനും ഇപ്പോൾ ഒരുപാട് പ്രായോഗിക വശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ലോക ഗണിത ദിനമായി ആചരിച്ചു വരുന്നു.

തമിഴ്‌ നാട്ടിലെ ഈറോടിൽ 1887 ൽ ജനിച്ച പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനമായ ഡിസംബർ 22 ഇന്ത്യ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു.