ജെ .ആർ .സി യൂണിറ്റ്

2014-15 അധ്യയന വർഷം 40 കേഡറ്റുകളുമായി പ്രവർത്തനമാരംഭിച്ച എസ് ഒ എച്ച് എസ് എസ്സിലെ ജെ ആർ സി യൂണിറ്റ് ഇന്ന്‌ 160 കേഡറ്റുകളുള്ള അരീക്കോട് ഉപജില്ലയില്ലെ വലിയ യൂണിറ്റായി വളർന്നിരിക്കുന്നു. ഇക്കാലയളവിനിടയിൽ നിരവധി ഗുണപരമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ പഠനാനുബന്ധപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്നു. 2014-15 അധ്യയന വർഷം മുതൽ ഓരോ വർഷവും 40 പേരടങ്ങുന്ന കേഡറ്റുകൾ വീതം സി ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടുകയും എസ് എസ് എൽ സി പരീക്ഷക്ക്‌ ഗ്രേസ് മാർക്കിന്‌ അർഹത നേടിയിരിക്കുന്നു. കോവിഡ്കാലത്ത് നടത്തിയ മാസ്ക്ക് ചാലഞ്ചിൽ സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ തന്നെ നെയ്തെടുത്ത 500 മാസ്‌ക്കുകൾ സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തിൽ  കുട്ടികളിൽ സഹായമനസ്കതയും സഹജീവിസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്ന നിരവധിയായ മാതൃക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.

 
ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ

രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്

സ്‌കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച ആകർഷകവും പ്രയോജനപ്രദവുമായ ഒരു പരിപാടിയായിരുന്നു രക്ത ദാന ബോധവൽക്കരണ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് .കുട്ടികളുടെ വൻ പങ്കാളിത്തം ഇതിൽ ഉറപ്പുവരുത്താൻ സാധിച്ചു .കിഴുപറമ്പ് വി എച്ച് എസ് സി ഇ യിലെ എം എൽ ടി വിഭാഗവുമായി സഹകരിച്ച് നടത്തിയ മാതൃകപരമായ ഈ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി കുട്ടികൾക്ക് അവരുടെ രക്ത ഗ്രൂപ്പ് നിർണയിച്ചു നൽകാനും രക്തദാനത്തിന്റെ മാനവിക വശം ബോധ്യപ്പെടുത്താനും സാധിച്ചു

മാസ്ക്ക് ചാലഞ്ച് :

കോവിഡ് സുരക്ഷയുടെ ഭാഗമായി സ്കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച മാതൃകാപരമായ ഒരു പ്രവർത്തനമായിരുന്നു 500 മാസ്ക്ക് ചാലഞ്ച്. കഴിഞ്ഞ വർഷം പത്താം ക്ലാസ്സിലെ അഞ്ഞൂറോളം വരുന്ന കുട്ടികൾക്ക് ഇതോടനുബന്ധിച്ച് സൗജന്യമായി മാസ്ക് നൽകി.

 
മാസ്ക് ചാലഞ്ചിൽ വിദ്യാർത്ഥികൾ

നാഗസാക്കി ദിനം : യുദ്ധ വിരുദ്ധ റാലി

2018 ലെ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻപതോളം വരുന്ന ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലാക്കാർഡുകൾ ഏന്തിയും യുദ്ധവിരുദ്ധ മുദ്രവാക്യങ്ങൾ വിളിച്ചും  അരീക്കോട് പട്ടണത്തിലൂടെ റാലി നടത്തി. റോഡിനിരുവശവും തടിച്ചുകൂടിയ ജനത്തിന് യുദ്ധവിരുദ്ധ സന്ദേശം കൈമാറാൻ ഈ എളിയ പ്രവർത്തനത്തിലൂടെ സാധിച്ചു.

തിരികെ വിദ്യാലയത്തിലേക്ക് :

കോവിഡാനന്തരം കുട്ടികളെ വിദ്യാലയത്തിലേക്ക് തിരികെ സ്വാഗതം ചെയ്തു കൊണ്ട് നടത്തിയ പരിപാടിയിൽ ജെ ആർ സി ക്രിയാത്മകമായ പങ്കുവഹിച്ചു. കാലങ്ങൾക്കു ശേഷം ആശങ്കയോടെ സ്‌കൂളിലേക്ക് വരുന്ന കുട്ടികളെ ചിരിക്കുന്ന മുഖവുമായി സ്വീകരിക്കുകയും മധുരം വിതരണം ചെയ്യുകയും അവർക്ക് പുതു പ്രതീക്ഷ പകരുകയും ചെയ്തു.

ജെ.ആർ.സി പവലിയൻ  :

സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ ശാസ്ത്രമേള, സ്കൂളിലെ കായികമേള എന്നിവയിൽ ജെ ആർ സി യുടെ പവിലിയനുകൾ പ്രവർത്തിച്ചു. പ്രഥമ ശുശ്രൂഷ മരുന്നുകൾ, സേവനങ്ങൾ എന്നിവ നൽകി. അതോടൊപ്പം സ്കൂൾ കായിക മേളക്ക് മത്സരാർഥികൾക്കും മറ്റു കുട്ടികൾക്കും നാരങ്ങാവെള്ളം,ഗ്ലൂക്കോസ് എന്നിവ നൽകി അവരോടൊപ്പം നിന്നു