എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യശ്ശ:ശരീരനായ ശ്രീ അയ്യൻകാളിയുടെ പരിപാവന നാമധേയത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1905ഇൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിക്കുന്നത്. വിദ്യാധനം ഏതാനും വ്യക്തികളുടെ കുത്തകയായിരുന്ന കാലത്തു ന്യായമായ മനുഷ്യാവകാശം നേടുവാൻ ശ്രീ അയ്യൻകാളി വഹിച്ച പങ്കും സഹിച്ച ക്ലേശങ്ങളും ചരിത്രപ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാമൂലുകളും ദുരാചാരങ്ങളും തകർത്തെറിയാൻ കാലം നിയോഗിച്ചവനാണ് ശ്രീമാൻ അയ്യൻകാളി. വിദ്യാഭ്യാസമാണ് ഉന്നമനത്തിനുള്ള ഏക മാർഗമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഹരിജൻ വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശിക്കുന്നതിനെതിരെ എതിർപ്പുകൾ തുടരുന്നത് കണ്ടു അയ്യൻകാളി അധഃകൃതർക്കായി ഒരു പുതിയ പ്രൈമറി സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ് വെങ്ങാനൂരിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതും തങ്ങളുടെ കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുവാൻ പരിശ്രമിച്ചതും. ഇതിൽ അസഹിഷ്ണുത പൂണ്ട മേലാളവർഗ്ഗം ഈ നിലത്തെഴുത്തു കളരികൾ തീവച്ചു നശിപ്പിച്ചു.
മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ വെങ്ങാനൂരിലെ പണ്യഭൂമിയിൽ നിലകൊള്ളുന്ന ഈ സ്ഥാപനം കേവലം 15 വിദ്യാര്ഥികളും 2 അധ്യാപകരുമായി പുതുവൽ വിളാകം LPസ്കൂൾ എന്ന പേരിൽ ആരംഭിച്ചു. ശ്രീ അയ്യൻകാളിയുടെ ഉൾപ്രേരക ശക്തിയായിരുന്നു ശ്രീ സദാനന്ദ സ്വാമിയുടെ പേരാണ് (സദാനന്ദ വിലാസം) സ്കൂളിന് ആദ്യം നൽകിയത്. 1983 മുതൽ പുതുവാൽവിലകം സ്കൂൾ എന്നും 1992 മുതൽ ശ്രീ അയ്യൻകാളി സ്മാരക യു പി സ്കൂൾ എന്നും പേര് മാറ്റം നടന്നു. വിദ്യാഭ്യാസത്തെ എന്തിനേക്കാളും വിലമതിച്ച ശ്രീ അയ്യൻകാളി അത് നേടിയെടുക്കുവാൻ കഠിനമായി യത്നിച്ചതിന്റെ ഫലമായി 1905 ൽ സ്ഥാപിതമായ ഈ സ്കൂൾ 118 വർഷങ്ങൾ പിന്നിട്ടു ഇന്ന് കൂടുതൽ പ്രൗഢിയോടെ നിലകൊള്ളുന്നു.