നേടിയതെല്ലാം മണ്ണോടലിഞ്ഞ്
ആറടി മണ്ണിൽ അന്തിയുറങ്ങുന്നൊരു
മനുഷ്യന്റെ ഓർമ്മകളാണിത്,
ഒരു വശത്ത് ഫ്ലാറ്റുകൾ
കെട്ടി പൊക്കുമ്പോൾ
മറുവശത്തവ ഇടിച്ച് നിരത്തുന്നു.
ഒരു തുണ്ടു വായുവിനുപോലും
വില പറഞ്ഞ് മനുഷ്യൻ
തന്റെ തലയ്ക്കുമേലുള്ള
നീല കടലിനെയും അളന്നെടുത്തു.
പ്രകൃതിയെ ജീവനോടെ
കുഴിച്ചു മൂടിയപ്പോഴെല്ലാം
പ്രളയമായും പേമാരിയായും
അവ പ്രതികാരം ചെയ്തു,
എന്നിട്ടും മനുഷ്യൻ പഠിച്ചില്ല.
അറിയാതെ പോലും നാം
കീറിമുറിച്ചു വലിച്ചെറിയുന്ന
പച്ചിലകൾക്കു പോലുമുണ്ട്
പറയാതെ പോയൊരു
പച്ചമരക്കാടിന്റെ കഥ,
അതെ മനുഷ്യൻ വേരോടെ
പിഴുതെറിഞ്ഞൊരു പച്ചമരക്കാടിന്റെ കഥ.
എല്ലാം നേടിയെന്ന്
കരുതുമ്പോഴും അവസാനം
പ്രകൃതിയുടെ അടിത്തട്ടിലേക്ക്
ലയിച്ചു ചേരുമ്പോൾ
സ്വന്തമായുള്ളത് ആറടി മണ്ണുമാത്രമായിരിക്കും
എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്.