എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ/അക്ഷരവൃക്ഷം/ കാട്ടിലേക്കുള്ള വഴി

കാട്ടിലേക്കുള്ള വഴി

ചെമ്മൺപാത അവസാനിക്കുന്നത് വിശാലമായ പട്ടണകവാടത്തിലായിരുന്നു. റോഡുകൾ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. ചെരുപ്പുകളിട്ട് ശീലമില്ലാതിരുന്ന പഥികന്റെ കാലുകൾ ചുട്ടുപൊള്ളി. ഷോപ്പിംഗ് കോംപ്ലക്സ്കൾക്ക് ഇടയിൽ കൂടി അയാൾ നടന്നു. ടൈൽ പാകിയ നിരത്തുകൾ.., റോഡിനെയും നിരത്തിനെയും തമ്മിൽ അകറ്റാൻ ചുട്ടുപഴുത്ത ഇരുമ്പ് കൈവരി.. ഉല്ലാസവാന്മാരായ യുവതിയുവാക്കന്മാർ.... പഥികൻ സ്തബ്ധനായി. ഇവിടം ഇങ്ങനെ കാണേണ്ടി വരുമെന്ന് കരുതിയില്ല....

പഥികൻ തന്റെ ഓർമ്മയുടെ താളുകൾ പിന്നോട്ട് മറിച്ചു. അന്ന് താനും ഒരു പൊടിമീശക്കാരൻ ആയിരുന്നു. അപ്പന്റെ പിറകിൽ വാല് പോലെ കാട്ടിലേക്ക്.... ഓരോ കാലടികളിലും കാട്ടിലകൾ ഞെരിയുന്ന ശബ്ദം. "കാട് ചതിക്കില്ലെടാ.... " അപ്പൻ പറയാറുണ്ടായിരുന്നു... കാടിന്റെ ഒരതിർത്തി വരെ പോകാനേ ഞങ്ങൾക്ക് അനുവാദമുണ്ടായിരുന്നുള്ളു. കാട് തന്റെ സീമായൊരുക്കിയത് പുഴ കൊണ്ടായിരുന്നു. പുഴ കടന്നാൽ ഘോരവനം. അലർച്ചകളും ഗർജനങ്ങളും ഭീതിയുളവാക്കും... പേടിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തായിരുന്നു കാട്... താൻ... ഇത്തിരി തണുപ്പും ശാന്തതയും അന്വേഷിച്ചു വന്നതാണ്. പഥികന്റെ നിരാശ കണ്ണുകളിലൂടെ ധാരയായി ഒഴുകി.. പട്ടണത്തിന്റെ ഒരു മൂലയിൽ മൃഗശാല.. നിരവധി കൂടുകൾ നിരനിരയായ് വെച്ചിരിക്കുന്നു. ഓരോ കൂട്ടിലും കാടുണ്ടായിരുന്നു. ഗർജനങ്ങളും അലർച്ചകളും ഞരക്കങ്ങളായി രൂപാന്തരപ്പെട്ടിരുന്നു... പഥികൻ ചോദിച്ചു.. "ഹേ വ്യാഘ്രമേ.. !, നീ വീര ശൂരപരാക്രമി അല്ലെ, നിന്റെ പല്ലുകളും നഖങ്ങളും ഉപയോഗിച്ച് മനുഷ്യനെ കടിച്ചു കീരമായിരുന്നില്ലേ..? " ""അല്ല.! അത് നിനക്ക് അറിഞ്ഞുകൂടേ., പ്രതികാരമൊക്കെ നിങ്ങൾ മനുഷ്യർക്ക് ആയിരുന്നു ഉള്ളത്. അന്നന്നത്തേക്കുള്ളത് കാട് തരുമായിരുന്നു. അതുകൊണ്ട് ഞങ്ങൾ സഹോദരൻമാരെ പോലെയായിരുന്നു. പക്ഷെ മനുഷ്യൻ ബുദ്ധിമാനായിരുന്നു.. അവൻ കൂട്ടത്തിൽ നിന്നുകൊണ്ട് മൃഗങ്ങളെ ഭിന്നിപ്പിച്ചു നിർത്തി.. അവൻ കുന്തവും വാളും ഉണ്ടാക്കി.. അതിനു മുൻപിൽ പല്ലും നഖവും എന്തു ചെയ്യും..? അത് പറഞ്ഞു നിർത്തി.. " ഹേ സിംഹമേ.. ! നീ മൃഗരാജാവല്ലേ., നീ എന്തുകൊണ്ട് നിന്റെ പ്രജകളെ സംരക്ഷിച്ചില്ല...? നീ നിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയില്ലേ? "സുഹൃത്തേ, ഒരുകണക്കിന് പറഞ്ഞാൽ മനുഷ്യനും എന്റെ പ്രജ തന്നെ. എങ്ങനെയാണ് ഞാനെന്റെ പ്രജകൾക്ക് മുന്നിൽ മുഖം തിരിക്കുക? അതാണോ രാജധർമ്മം.. " പഥികന്റെ മനസ്സ് നീറി. ഇവിടെ ഒരു കാടുണ്ടായിരുന്നു...... എന്നാൽ... ഇന്ന് അപ്പോൾ ശൂന്യതയിൽ നിന്ന് ഒരശരീരി ഉണ്ടായി... പഥികൻ കാതോർത്തു.. "പഥിക, നീ തിരിച്ചുപോയ്ക്കൊൾക... ഇനിയും വറ്റിയിട്ടില്ലാത്ത നന്മയുടെ തെളിനീർ പുഴയായി ഒഴുകും... വൻ കെട്ടിടങ്ങൾക്ക് പകരം മാമരങ്ങൾ വേരുറയ്ക്കും... അങ്ങനെ വീണ്ടും ഇവിടൊരു കാടുയരും ഇപ്പോൾ നീ തിരിച്ചുപോകു... "

തലമുണ്ഡനം ചെയ്ത മൊട്ടക്കുന്നുകൾക്ക് ഇടയിലൂടെ പഥികൻ തിരിച്ചുനടന്നു. അർക്കരശ്മികൾ വിടവാങ്ങുകയും ചന്ദ്രൻ തെളിയുകയും ചെയ്തു. അപ്പോഴും പഥികന്റെ ഹൃദയത്തിൽ ആ അശരീരി മുഴങ്ങിക്കൊണ്ടിരുന്നു...

ഗോപിക ആർ
9B എസ്സ്.വി.എം.എം.എച്ച്.എസ്സ്.എസ്സ് വെണ്ടാർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ