ഉയിർപ്പ്

 
ഉരുകുന്ന മീനച്ചൂടിന്നകമ്പടിയിൽ
കൊഴിയുന്ന തന്നവസാന ദളത്തിനും
നിസ്സഹായയാം തരു നൽകുന്നു വിട!

വിശാലമാം ആകാശത്തിലേക്ക്
ഒരുനോക്കുപാടുപെട്ടുനോക്കി വീണ്ടും
തലകുനിച്ചുകൊണ്ടൊരുതുള്ളി
വെള്ളത്തിനായ് തന്റെ,
ദുർബലമാം കരങ്ങൾ ഉയർത്തി കേണു.

മണ്ണിലാണ്ട നനവുള്ള വേരുകൾ 'അന്ന്'
തന്റെ ഭൂമിയുമായുള്ള അറ്റുപോവാത്ത ബന്ധം
ഇന്ന് വറ്റിവരണ്ട് ദാഹജലത്തി-
നായ് കേഴുന്ന വെറും വേരുകൾ മാത്രം
തന്റെ ബാല്യം ഓർമ്മയിൽ സ്വപ്നംപോലെ
ഹാ! തന്നെ നട്ട അതേ കരങ്ങൾ
പക്ഷേ ഇന്നാകൈകൾ ചുളിഞ്ഞിരിക്കുന്നു.

എങ്കിലും കൈകളിൽ ഇന്നലകളെ
ഓർമ്മിപ്പിക്കുന്ന പച്ചപ്പുള്ള തളിരിലകൾ
അവയെ തൻ ഉണങ്ങിയചില്ലതൻ
തണലിലയാൾ നട്ടു
രണ്ടിറ്റു കണ്ണീർ പൊഴിച്ചാക്കരങ്ങളതിനെ നനച്ചു.

ഭൂമിതൻ പൊള്ളും നെഞ്ചിൽ
ജീവന്റെ വിസ്മയമായ് അതു നിന്നു
തിരികെവരില്ലെന്നു വിശ്വസിച്ചൊരാദിനങ്ങൾ
മനസ്സിൽ തളിരിടുന്നു, പൂക്കുന്നു, കായ്ക്കുന്നു
ഒന്നൊന്നായി തളിരിലകൾ വീണ്ടും നിരക്കുന്നു.

പൂത്തുലയുന്ന നന്മമരങ്ങളുടെ കൈയിലേന്തി
ഇനിയും തളിർക്കട്ടെ, പൂക്കട്ടെ, കായ്ക്കട്ടെ
ഭൂമി ഇനിയും ഉയിർക്കട്ടെ!
 

ലക്ഷ്മി എസ് നായർ
9 എ എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത