മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട്പാഠപുസ്തക പഠനത്തിന പ്പുറമായി കുട്ടികളുടെ ജീവിത വീക്ഷണത്തെയും, മൂല്യത്തിൽ അധിഷ്ഠിതമായ പ്രവർത്തികളെയും ബോധവൽക്കരിക്കുക എന്ന പദ്ധതിയിൽ അധ്യാപകർ എല്ലാവരും പങ്കു ചേർന്നു. ക്ലാസിൽ കൊടുക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം ഓരോ മൂല്യങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വീഡിയോ ക്ലിപ്പ് വഴിയും, തങ്ങളുടെ തന്നെ ജീവിതാനുഭവങ്ങൾ വഴിയും കുട്ടികളെ ബോധവൽക്കരിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.

സ്പർശ് - കൗൺസിലിംഗ് കോഴ്സ്

കോവിഡ് വ്യാപനത്തിന്റേയും മറ്റ് പകർച്ചവ്യാധികളുടെയും പ്രകൃതിക്ഷോഭങ്ങളുടേയും നടുവിൽ നിരാശയോടെ, നിസഹായനായി പകച്ചു നിൽക്കുന്ന ആധുനിക മനുഷ്യന് ജീവിത പ്രതിസന്ധികളുടെ മുമ്പിൽ ആത്മവിശ്വാസത്തിന്റെ കൈത്താങ്ങായി കൂടെ നിന്ന് ശക്തിപ്പെടുത്താൻ ടീച്ചേഴസിനെ കരുത്തരാക്കാൻ എല്ലാ ടീച്ചേഴ്സിനും സി.എം സി മാനേജ്മെന്റ് ഒരുക്കിത്തന്ന കൗൺസിലിങ് കോഴ്സ് വളരെയേറെ ഉപകാര cപദമായിരുന്നു.. ശാരീരികമായും മാനസികമായും തളർന്നു പോകുന്ന കുഞ്ഞുങ്ങളിലേയ്ക്ക് എപ്രകാരം ഒരു positive energy പകരാമെന്ന് മന:ശാസ്ത്ര പണ്‌ഡിതരുടെ തത്വ ചിന്തകളിലൂടെ സിജി ആന്റണി സാറിന്റെ അനുഭവ സാക്ഷ്യങ്ങളിലൂടെ ഞങ്ങൾ പങ്കെടുത്ത ചെറിയ ചെറിയ exercise കളിലൂടെയെല്ലാം മനസിലാക്കാൻ കഴിഞ്ഞു. നാളെയുടെ മോഹന വാഗ്ദാനവും സ്വപ്നവുമായ ഓരോ കുട്ടിയ്ക്കും എപ്രകാരം അവന്റെ , മനസിന്റേയും വ്യക്തിത്വത്തിന്റെയും തലങ്ങളിലെ പ്രതിസന്ധികളിൽ അവനെ കൈ പിടിച്ച് ഉയർത്താൻ കഴിയുമെന്ന് ഓരോ ടീച്ചേഴ്സും നന്നായി മനസിലാക്കി. ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി എന്തെല്ലാം ചെയ്യാമെന്ന് പ്രത്യകം പരിശീലനം സിദ്ധിച്ച അധ്യാപകരുടെ പരിശീലനവും ലഭ്യമായി. കോവിഡ് കാല വിദ്യാഭ്യാസ പരിശീലന ത്തോടൊപ്പം സ്കൂളിലെ എല്ലാ അധ്യാപകർക്കുംകൗൺസിലിംഗ് കോഴ്സ് നൽകി. ആറു മാസത്തോളം നീണ്ടു നിന്നിരുന്ന ഓൺലൈൻ ക്ലാസ് ആയിരുന്നു. ഈ കോഴ്സിൽ പങ്കെടുത്ത തിന്റെ വെളിച്ചത്തിൽ തങ്ങളുടെ ക്ലാസിലെ കുട്ടികളുടെ വൈകാരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ട് എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

യോഗ ക്ലാസ്സ്‌

കുട്ടികളുടെ മാനസിക ആരോഗ്യം, ശാരീരിക ക്ഷമതഎന്നിവ കണക്കിലെടുത്ത് സ്കൂളിലെസ്പോർട്സ് അധ്യാപകർ കുട്ടികൾക്കായി വിവിധ ക്ലാസുകൾ നടത്തി. ഫിറ്റ്നസ് പ്രോഗ്രാം ഇൻ സ്കൂൾ എന്നാണ് ആ പദ്ധതിയുടെ പേര്. കുട്ടികളും മാതാപിതാക്കളും പങ്കെടുത്തിരുന്നു. ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ നടത്തിയിരുന്നു. ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ തനിയെ വർക്കുകൾ ചെയ്ത് വീഡിയോ അധ്യാപകർക്ക് അയച്ചുകൊടുത്തിരുന്നു.. അധ്യാപകർ വിലയിരുത്തുകയും ചെയ്തു. ഏറ്റവും നന്നായി വർക്കൗട്ട് ചെയ്ത ക്ലാസുകാരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

തണൽ

കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ വിവിധതരത്തിൽ വേദനകളും വിഷമതകളും അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി സ്കൂളിൽ മാനേജ്മെൻറിന്റെയും അദ്ധ്യയാപകരുടെ യും നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിയാണ് തണൽ. മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾഎന്നിങ്ങനെയുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

സാന്ത്വനം

ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ, ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഓൺലൈനായും-ഓഫ്‌ലൈനായും, ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് സ്വാന്ത്വനം ഷെഡ്യൂൾ. വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഫാത്തിമ മാതയ്ക്ക് കഴിയുന്നു. കുഞ്ഞുങ്ങൾക്ക് മാത്രമല്ല കുുടുംബങ്ങൾക്കും ഫാത്തിമ മാത കൊത്താങ്ങാകുന്നു. ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.

അധ്യാപകർക്കായുള്ള വെബിനാറുകൾ

ഓൺലൈൻ വിദ്യാഭ്യാസത്തിൽ ചില അപ്ഡേഷനുകൾ വരുമ്പോൾ അദ്ധ്യാപകർക്കുണ്ടാകുന്ന സംശയങ്ങളും, കുട്ടികളുടെ ഓൺലൈൻ പഠന സമ്പ്രദായത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും തിരിച്ചറിവുകൾ ലഭിക്കുന്നതിനായി വെബിനാർ നടത്തിവരുന്നു. കാലത്തിനൊപ്പം ചുവടുവെച്ച് മാറ്റങ്ങൾക്ക് കാവലാളാകേണ്ട അധ്യാപകർക്ക് നൂതന ടെക്നേളജികളെക്കുറിച്ച് മനസ്സിലാക്കുവാൻ വെബിനാറുകൾ ഏറെ സഹായകരമാണ്.

ന്യൂജനറേഷൻ അധ്യാപക ടെക്നോളജികൾ

ഡിജിറ്റൽ യുഗത്തിൽ അധ്യാപകർ ഉപയോഗിക്കേണ്ടതും, വിദ്യാഭ്യാസത്തിന്റെ മാറ്റങ്ങളെക്കുറിച്ച് തിരിച്ചറിവും ഉണ്ടാകേണ്ടതും അനിവാര്യമാകുന്ന ഈ കാലഘട്ടത്തിൽ വിവിധ പഠനസാമഗ്രികളും പഠനതന്ത്രങ്ങളും ഓൺലൈനായി കുട്ടികളിൽ എത്തിക്കേണ്ടതിന്റെ ബോധവൽക്കരണം എല്ലാ അധ്യാപകരിലും നടത്തിയിരുന്നു. അധ്യാപകർക്ക് പ്രാക്ടീസ് ചെയ്യുന്നതിന് പലതരം ടാർജറ്റുകൾ നൽകുകയും നിശ്ചയിച്ച സമയത്തിനകം അധ്യാപകർ അവ പൂർത്തിയാക്കി ഓൺലൈനായി അയക്കുകയും ചെയ്യുന്നു.

അറിയാം ഡിജിറ്റൽ സുരക്ഷാക്രമീകരണങ്ങൾ - ശ്രീ. ഋഷിരാജ് സിംഗ് ഐ പി എസ്

വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ ഉൾപ്പെടുന്ന ചില ചതികളെകുറിച്ചും, പഠനത്തോടൊപ്പം കുട്ടികൾക്ക് നൽകേണ്ട വ്യക്തി സുരക്ഷാ സമ്പ്രദായങ്ങളെ കുറിച്ചും അധ്യാപകർക്കായി വെബിനാർ വഴി ശ്രീ. ഋഷിരാജ് സിംഗ് ഐ പി എസ് (റിട്ടയേർഡ് ഡി ജി പി ) പറഞ്ഞു തന്നു. സൈബർ സെൽ ചുമതലകൾ, സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം വിശദീകരിച്ചു തന്നു. ചർച്ചയിലൂടെ ആണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്. ഓൺലൈൻ സുരക്ഷാ ക്രമീകരണങ്ങളു മായി ബന്ധപ്പെട്ട വെബ് സൈറ്റുകൾ അദ്ദേഹം പരിചയപ്പെടുത്തി നൽകി.

ലൈഫ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം

ഈ വർഷത്തെ ലൈഫ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം അധ്യാപകർക്കായി നടത്തിയത് ഡോ. ജോൺ പോൾ (ലൈഫ് സ്കിൽ ട്രെയ്നർ) ആയിരുന്നു. ഓരോ അധ്യാപകനും ഒരു രാഷ്ട്രത്തെ യാണ് സൃഷ്ടിക്കുന്നത്. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി തുടങ്ങുന്നത് അധ്യാപകരിൽ നിന്നാണ്. ചിന്തയിലും പ്രവർത്തിയിലും അധ്യാപകർ നടത്തേണ്ട മാറ്റങ്ങളും, ആർജിച്ച് എടുക്കേണ്ട ശീലങ്ങളും ഈ ക്ലാസ്സ് വഴി അധ്യാപകർക്ക് നേടിയെടുക്കാൻ സാധിച്ചു. പ്രകൃതിയിലേക്ക് ഇറങ്ങിയും ശിശുകേന്ദ്രീകൃതമായും പ്രവർത്തനത്തിൽ അധിഷ്ഠിതമായും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും കുട്ടികളുടെ വ്യക്തി ജീവിതത്തെയും പഠന ജീവിതത്തെയും ഏതെല്ലാം രീതിയിൽ മുന്നോട്ട് നയിക്കണം എന്നുള്ള പരിശീലനം നൽകുവാൻ ഈ ക്ലാസ്സ് വഴി അദ്ദേഹത്തിന് സാധിച്ചു. നേതൃത്വഗുണം, റോൾ മോഡൽ, ഗൈഡ് എന്നിങ്ങനെയുള്ള പേരുകളിലൂടെ അധ്യാപകരുടെ ചുമതലകൾ അദ്ദേഹം വിവരിച്ചു തന്നു.

ഒരു കുടക്കീഴിൽ

സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നതിന് രക്ഷകർത്താക്കളുടെ സജീവ പങ്കാളിത്തം അത്യാവശ്യമാണ്. സ്കൂളിന്റെ ആരംഭഘട്ടം മുതൽ അവസാന ഘട്ടം വരെ രക്ഷിതാക്കൾ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചെങ്കിൽ മാത്രമേ സ്കൂളിന്റെ അന്തരീക്ഷം ജീവനുള്ളതായി തീരുകയുള്ളൂ. ഈ വർഷം ഓൺലൈനായും ഓഫ്‌ലൈനായും പിടിഎ കൂടിയ ചരിത്രമാണ് ഫാത്തിമ മാതയ്ക്ക് ഉള്ളത്.

ഇ - സർട്ടിഫിക്കറ്റ്

ഓൺലൈനായി കുട്ടികൾ നടത്തിയ വിവിധ ദിനാചരണങ്ങളുടെ യും മത്സരങ്ങളുടെയും റിസൾട്ട് കുട്ടികൾക്ക് മധുരം നുകരുന്ന പോലെ സന്തോഷം നിറഞ്ഞതായിരുന്നു. ഓൺലൈനായി ചെയ്യുന്ന മത്സരങ്ങൾക്ക് ഓൺലൈനായി തന്നെ റിസൾട്ട്. അത് സർട്ടിഫിക്കറ്റിലൂടെ ആണെങ്കിലൊ. കൂടുതൽ സന്തോഷകരം അല്ലേ. അധ്യാപകർ തങ്ങളുടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി മത്സരങ്ങൾ നടത്തി റിസൾട്ട് തയ്യാറാക്കി അവർക്കായി ഇ - സർട്ടിഫിക്കറ്റ് whatsapp വഴി നൽകുകയും ചെയ്തു.

കുട്ടികളോടൊന്നിച്ചുള്ള കോവിഡ് കാല പ്രതിരോധമാർഗങ്ങൾ

ഡോക്ടർ ഇൻ ലൈവ് @ ഫാത്തിമമാത

കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നുചേർന്ന് ഡോക്ടറോട് ചോദിക്കാം എന്നുള്ള ഓൺലൈൻ പ്രോഗ്രാമിൽ പങ്കുചേരുന്നു. കോവിഡ് കാലഘട്ടത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ, നേടിയെടുക്കേണ്ട ശുചിത്വശീലങ്ങൾ, വിവിധ തരത്തിലുള്ള ആഹാരരീതികൾ, വ്യായാമങ്ങൾ എന്നിവയെല്ലാം ഡോക്ടേഴ്സ് ലൈവായി പറഞ്ഞുതരുന്നു.

ഫിറ്റ്നസ് പ്രോഗ്രാം

സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ ഒന്നിച്ച് ഫിറ്റ്നസ് പ്രോഗ്രാം നടത്തുകയും കുട്ടികൾക്കായി സമയങ്ങൾ ക്രമീകരിച്ച് യോഗ, വിവിധ എക്സൈർസൈസുകൾ എന്നിവ ഗൂഗിൾ മീറ്റ് വഴി നടത്തുകയും ചെയ്യുന്നു.

കോവിഡ് കാല പരിശീലനങ്ങൾ

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് വർക്ക് ചെയ്യുന്നതിന് പരിശീലനം നൽകുകയും വിവിധ തരത്തിലുള്ള ആർട്ട് വർക്കുകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം

പൂന്തോട്ട നിർമ്മാണവും പരിപാലനവും പച്ചക്കറി തോട്ട നിർമ്മാണവും പരിപാലനവും വിവിധ കൃഷികളുടെ പരിപാലനം, പ്ലാസ്റ്റിക് കുപ്പികളും പേപ്പറുകളും ഉപയോഗിച്ചുള്ള പൂക്കളുടെ നിർമ്മാണം, കളിപ്പാട്ട നിർമ്മാണം എന്നിവയെല്ലാം കുട്ടികൾ ചെയ്തിരുന്നു.

കോവിഡ് സെൽ

പ്രധാന അധ്യാപികയും അധ്യാപകരും അടങ്ങുന്ന കോവിഡ് സെൽ രൂപീകരിച്ചു. അധ്യാപകർ കോവിഡ് വന്ന കുട്ടികളെ വ്യക്തിപരമായി വിളിക്കുകയും, അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൊവിഡ് വന്ന കുട്ടികൾക്കായി വിവിധ സഹായങ്ങൾ നൽകുകയും ചെയ്തു.

കൗൺസിലിംഗ്

കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ചില പ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം അവർക്കായി കൗൺസിലിംഗ് നടത്തുകയും ചെയ്തു. അതിനായി അധ്യാപകർക്ക് പ്രത്യേകം ട്രെയിനിങ് നൽകുകയും ചെയ്തു.

ഓൺ ലൈൻ പഠന സഹായം - താങ്ങായ് തണലായ് നന്മ മരങ്ങൾ

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി അദ്ധ്യാപകർ മുന്നോട്ടുവന്നു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 സ്മാർട്ട് ഫോൺ കുട്ടികൾക്കായി നൽകി. അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ തന്നെ അധ്യാപികയായ ശ്രീമതി. ജെയ്സമ്മ തോമസ് ഒരു കുട്ടിക്ക് TV വാങ്ങി നൽകി. കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി മറ്റ് പഠനോപകരണങ്ങൾ വാങ്ങി നൽകി. സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാന്റെ നേതൃത്വത്തിൽ 7 Smart Phone വിദ്യാർത്ഥികൾക്ക് നൽകി. ദേവികുളം MLA ശ്രീ.അഡ്വ. എ രാജ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്കായി Tab, സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു. ഫെഡറൽ ബാങ്ക് അടിമാലി ശാഖയിൽ നിന്നും ഡിജിറ്റൽ കൈത്താങ്ങ് എന്ന പേരിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വാങ്ങി നൽകി. സഹപാഠികൾക്ക് ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി വിദ്യാർത്ഥികൾ ഫോൺ വാങ്ങുന്നതിനായി ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ തുക സമാഹരിച്ച് നൽകി. വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് വയറിംഗ് ചെയ്ത് കൊടുത്തു.

ടീച്ചേഴ്സ് കോർണർ

പ്രതിഭ തെളിയിച്ച അധ്യാപകർ

ഇടുക്കി ജില്ലയിൽ യശസ് ഉയർത്തി നിൽക്കുന്ന ഫാത്തിമാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ എന്തിലും ഏതിലും മുൻപന്തിയിലാണ് എന്ന് തെളിയിച്ച നിമിഷങ്ങളായിരുന്നു അധ്യാപകർക്കായി നടത്തിയ വിവിധ മത്സരങ്ങൾ. ഈ അധ്യായന വർഷത്തിൽ നടത്തിയ മത്സരങ്ങളിൽ ഈ കലാലയത്തിലെ അധ്യാപകർ പങ്കെടുക്കുകയും തങ്ങളുടെ സിദ്ധിയും കഴിവുകളും പ്രകടമാക്കുകയും ചെയ്തു. കേരളത്തിലെ ദേശീയ ഉത്സവമായ ഓണത്തിനും അധ്യാപകരെ പ്രത്യേക മാം വിധം അനുസ്മരിക്കുന്ന അധ്യാപക ദിനത്തിലും ക്രിസ്മസ് ആഘോഷ പരിപാടിയിലും അധ്യാപകർ തങ്ങളുടെ കഴിവ്‌ തെളിയിച്ചുകൊണ്ട് മത്സര കളത്തിലിറങ്ങി. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തങ്ങളുടെ പ്രകടനം കാഴ്ചവയ്ക്കുകയും വിദ്യാർത്ഥികളുടെ സർഗ്ഗ സിദ്ധിയെ വളർത്തിയെടുക്കുന്ന ഈ വിദ്യാലയത്തിലെ അധ്യാപകരുടെ കഴിവും മികവും തെളിയിക്കുന്ന ഒരു അവസരം ആയിരുന്നു ഈ മത്സര വേളകൾ.

ഓണാഘോഷം @ ഫാത്തിമ മാത

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജനത ഒന്നാകെ ആഘോഷിക്കുന്ന ദേശീയ ഉത്സവമായ ഓണത്തിന് ഫാത്തിമാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളും ഓണാഘോഷത്തിനായി അണിഞ്ഞൊരുങ്ങി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സഹായത്തോടുകൂടി വിവിധ മത്സര പരിപാടികൾ ഈ വിദ്യാ ക്ഷേത്രത്തിൽ നടത്തപ്പെട്ടു. അതിൽ അധ്യാപകരും ഉൾപ്പെട്ടിരുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമായ ഒന്നാണ് . കഴിഞ്ഞകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ അധ്യായന വർഷത്തിൽ കുട്ടികളോടൊപ്പം അധ്യാപകർക്കും വിവിധ മത്സരം നടത്തുകയും ഈ മത്സര പരിപാടികൾ എല്ലാം അധ്യാപകർ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്തു. മലയാളി മങ്ക, മലയാളി മാമൻ, ഡിജിറ്റൽ പൂക്കളമത്സരം എന്നിവയിൽ അധ്യാപകർ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 2020 -21 അധ്യായന വർഷത്തിൽ ഫാത്തിമ മാതായുടെ മലയാളി മങ്കയായി ശ്രീമതി ഷീബ ബെന്നിയും രണ്ടാം സ്ഥാനം ശ്രീമതി സീമ ആന്റോയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ശ്രീമതി അമ്പിളി ജോസ്, അമ്പിളി ജെറി എന്നിവർ പങ്കിട്ടെടുത്തു. മലയാളിമങ്ക സ്പെഷ്യൽ ജൂറി അവാർഡ് ശ്രീമതി സിൽവി നെൽസൺ കരസ്ഥമാക്കി. ശ്രീമതി സൗമ്യ ബേബി, ശ്രീമതി ബിനി, ശ്രീമതി ജൂഡി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മലയാളി മാമനായി ശ്രീ. അനിൽ സെബാസ്റ്റ്യനും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പംതന്നെ ഡിജിറ്റൽ പൂക്കള മത്സരവും നടത്തപ്പെട്ടു. ശ്രീമതി സിന്ദു സിനോജ്, ശ്രീമതി ജിജി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ആർപ്പോ ഉയിരോ.... എന്ന വായ്ത്താരിയുടെ അകമ്പടിയോടുകൂടി ഓണാഘോഷങ്ങൾ മുന്നേറുമ്പോൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പോലും ഓണാഘോഷത്തിന് തെല്ലും കുറവില്ല എന്ന് ഈ ഓണാഘോഷപരിപാടികൾ വിളിച്ചോതുന്നു. മൂന്നാം സ്ഥാനം ശ്രീമതി അമ്പിളി ജോസ്, അമ്പിളി ജെറി എന്നിവർ പങ്കിട്ടെടുത്തു. മലയാളിമങ്ക സ്പെഷ്യൽ ജൂറി അവാർഡ് ശ്രീമതി സിൽവി നെൽസൺ കരസ്ഥമാക്കി. ശ്രീമതി സൗമ്യ ബേബി, ശ്രീമതി ബിനി, ശ്രീമതി ജൂഡി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.മൂന്നാം സ്ഥാനം ശ്രീമതി അമ്പിളി ജോസ്, അമ്പിളി ജെറി എന്നിവർ പങ്കിട്ടെടുത്തു. മലയാളി മങ്ക സ്പെഷ്യൽ ജൂറി അവാർഡ് ശ്രീമതി സിൽവി നെൽസൺ കരസ്ഥമാക്കി. ശ്രീമതി സൗമ്യ ബേബി, ശ്രീമതി ബിനി, ശ്രീമതി ജൂഡി എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ഗുരു സ്മരണകൾ-അധ്യാപക ദിനം

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവ്വേപ്പിള്ളി രാധാകൃഷ്ണൻറെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരെ പ്രത്യേകമാം വിധം അനുസ്മരിക്കുന്ന ഈ സുന്ദര സുദിനത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരെ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും അതോടൊപ്പം തന്നെ വിവിധ മത്സര പരിപാടികൾ നടത്തുകയും ചെയ്തു എന്റെ ഗുരുനാഥൻ എന്ന അനുഭവക്കുറിപ്പ് മത്സരവും അദ്ധ്യാപക ദിന കവിത മത്സരവും നടത്തപ്പെട്ടു. ഒരു അധ്യാപകൻ ആരായിരിക്കണം എന്ന് ജീവിതത്തിലൂടെ തെളിയിച്ചു കാണിക്കുന്ന ഈ പ്രിയപ്പെട്ട അധ്യാപകർ എല്ലാവരും തന്നെ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. എന്റെ സ്മരണയിലെ അധ്യാപകൻ /അധ്യാപിക, അധ്യാപക ദിനവുമായി ബന്ധപ്പെട്ട കവിത സ്വയം രചിച്ചു ആലപിക്കുന്ന വീഡിയോ, എന്റെ അധ്യാപന ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു അനുഭവം എന്നീ മത്സര ഇനങ്ങൾ ആണ് നടത്തപ്പെട്ടത്

ഹൃദയം തൊട്ടറിഞ്ഞ സൂസൻ ടീച്ചർ

ജിൻസി ജേക്കബ്

ഫാത്തിമ മാതയിൽ നിന്നും പത്താം ക്ലാസ്സ് പഠിച്ചിറങ്ങി മുവാറ്റുപുഴ നിർമ്മല കോളേജിൽ പ്രീഡിഗ്രിയക്ക് ഫസ്റ്റ് ഗ്രൂപ്പിൽ അഡ്മിഷൻ നേടി. 60 കുട്ടികൾ ഉള്ള ക്ലാസ്സ്. വീട്ടിൽ നിന്നും മാറി ഹോസ്റ്റലിൽ ഉള്ള ജീവിതം. എല്ലാം കൂടി വല്ലാത്ത അസ്വസ്ഥത. അങ്ങനെയിരിക്കെ ക്ലാസ്സിലേക്ക് ഇംഗ്ലീഷ് അധ്യാപിക കയറി വന്നു. സൂസൻ ടീച്ചർ. ടീച്ചറിന്റെ മുഖത്ത് ആരേയും ആകർഷിക്കുന്ന ചിരി. ടീച്ചർ എല്ലാവരേയും പരിചയപ്പെട്ടു. രണ്ടാമത്തെ ദിവസം ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ടീച്ചർ എന്നെ വിളിച്ചു. കുറേ സംസാരിച്ചു. "ടീച്ചർ ഉണ്ടാകും എപ്പോഴും എല്ലാറ്റിനും കൂടെ " ആ വാക്ക് എന് ജീവിതത്തിൻ്റെ വലിയ ശക്തിയായിരുന്നു. ഞങ്ങൾ ഒരുമിച്ച് എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ കോളേജ് ചാപ്പലിൽ പ്രയർ മീറ്റിംങ്ങ് പോകുമായിരുന്നു. ഞങ്ങൾക്ക് പരസ്പരമുള്ള അടുപ്പം ഓരോ ദിവസം കഴിയുന്തോറും കൂടി കൂടി വന്നു. കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ഞാൻ അറിഞ്ഞു, ടീച്ചറിന് മക്കൾ ഇല്ലെന്ന്, ആ സനേഹം മുഴുവൻ ടീച്ചർ എനിക്കായി തരികയായിരുന്നോ? ടീച്ചറിൻറെ ക്ലാസ്സ്, വ്യക്തിത്വം, ആത്മീയത എല്ലാം എന്നെ ടീച്ചറിലേയ്ക്ക് ഒരുപാട് അടുപ്പിച്ചു. അധികം താമസിക്കാതെ ഞങ്ങൾ വളരെ നല്ല കൂട്ടുകാർ ആയി മാറി. പ്രീഡിഗ്രി കഴിഞ്ഞ് കോളേജിൽ നിന്നും ഇറങ്ങുന്ന ദിവസം ടീച്ചർ എന്നെ ചേർത്തു നിർത്തി പറഞ്ഞു "എത്ര കഷ്ടപ്പെട്ടും ഒരു ജോലി നേടണം " ആത്മീയതയിൽ അടിയുറച്ച വിശ്വാസം, ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത, ഏതു പ്രതിസന്ധിയിലും ദൈവകരങ്ങളിലുള്ള ആശ്രയം, ഇതെല്ലാം ടീച്ചറിന്റെ വാക്കുകൾ ആയിരുന്നു.ജീവിതത്തിൽ ടീച്ചർ പകർന്നു തന്ന അമൂല്യ നിധികൾ. ഡിഗ്രിയ്ക്ക് അവിടെ തന്നെ അഡ്മിഷൻ വാങ്ങണം, അമ്മയെപ്പോലെ സ്നേഹിക്കുന്ന ടീച്ചറോടൊപ്പം മൂന്നു വർഷം കൂടി കഴിയണം ഞാൻ സ്വപ്നം കണ്ടു:... പക്ഷേ വിധി മറിച്ചായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടീച്ചർ വിളിച്ചു ഒരിക്കലും കേൾക്കരുതേ എന്ന് ആഗ്രഹിച്ച വാക്കുകൾ, ടീച്ചർക്ക് ബ്ലഡ് ക്യാൻസർ ആണെന്ന്. അവസാന ഘട്ടത്തിലാണെന്ന്. പിന്നെ മൂന്നു മാസം മാത്രം. എൻറ പ്രിയ അധ്യാപിക ഈ ലോകത്തോട് വിട പറഞ്ഞു. ടീച്ചറിന്റെ വേർപാട് എന്നിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം വളരെ വളരെ വലുതായിരുന്നു.

അധ്യാപ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം

സി. എൽസിറ്റ ആൻറണി

ഞാൻ എട്ടാം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ എന്റെ ക്ലാസ്സിൽ തീരെ പാവപ്പെട്ട ഒരു കുട്ടിയുണ്ടായിരുന്നു. ജീവിതത്തിലും ദരിദ്രയായിരുന്നു. പഠനത്തിലും ദരിദ്രയായിരുന്നു എന്ന് തന്നെ പറയാം. മലയാളം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഒരക്ഷരവും എഴുതാനും വായിക്കാനും അറിയില്ല. ഒരു ദിവസം മുഴുവൻ നേഴ്സറിയിൽ ഞാൻ പറഞ്ഞ് വിട്ടു അക്ഷരങ്ങൾ പഠിക്കാനായിട്ട്. പക്ഷേ ഫലം നാസ്തി. അവസാനം ഞാൻ തന്നെ പഠിപ്പിക്കാൻ ആരംഭിച്ചു. അന്ന് 8 പാസ്സായി അവസാനം 10 ഉം കഴിഞ്ഞു. ഒരു ദിവസം യാദൃശ്ചികമായി അവളെ കണ്ടുമുട്ടിയപ്പോൾ ആ കുട്ടി പറയുകയാണ്. അന്ന് എന്നെ അക്ഷരം പഠിപ്പിച്ചതു കൊണ്ടാണ് സിസ്റ്റർ ഇന്ന് ഞാൻ ഈ അവസ്ഥയിലായതെന്ന്. ഇന്നവൾ നേഴ്സിംഗ് കഴിഞ്ഞു. ഇത് എന്റെ അധ്യാപിക ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവ മാണ്.

ഗുരുവേ പ്രണാമം

സി. ഷീലുമോൾ എ ജെ

ആദ്യാക്ഷരം കുറിച്ചെന്നുടെ കൈപിടിച്ചന്നു കരേറ്റിയ ഗുരുവേ പ്രണാമം

അക്ഷരവെളിച്ചമായ് ആത്മാവിന്നാഴത്തിൽ എന്നെ ഞാനാക്കിയ ഗുരുവേ പ്രണാമം

അച്ചനായ് അമ്മയായ് സോദരരായ് പിന്നെ സൗഹൃദം പങ്കിട്ട ഗുരുവേ പ്രണാമം

ഉള്ളിൽ നെരിപ്പോടെരിയുമ്പൊഴും മുഖപുഞ്ചിരിമാറ്റാത്ത ഗുരുവേ പ്രണാമം

കടലോളം സ്നേഹം നിറച്ചുവച്ചെന്നെന്നും കാവലായ് മേവിയ ഗുരുവേ പ്രണാമം

ആർക്കും വേണ്ടാത്ത ജന്മമെന്നോതവേ വാരിപ്പുണർന്നൊരു ഗുരുവേ പ്രണാമം

കുറുമ്പത്തരങ്ങൾ ഗുരുദക്ഷിണയേകിലും മൗനിയായ് മിഴിപൂട്ടും ഗുരുവേ പ്രണാമം

കർമ്മാണൊരുവളെ അമ്മയാക്കുന്നത് എന്നു ഗ്രഹിച്ച ഗുരുവേ പ്രണാമം

പുസ്തകത്താളുകൾക്കപ്പുറം ജീവിത പന്ഥാവിൽ വഴികാട്ടും ഗുരുവേ പ്രണാമം

തെളിഞ്ഞു പ്രകാശിക്കാനെരിഞ്ഞുതീരും മെഴുകു തിരിപോലെയാകും ഗുരുവേ പ്രണാമം

നൊമ്പരപ്പാടുകളുള്ളിലൊതുക്കിലും കണ്ണിലവ കണ്ടെത്തും ഗുരുവേ പ്രണാമം

നിനക്കായ്ക്കരുതിയ റോസാദളങ്ങളെ പൂജ്യമായ് കരുതിയ ഗുരുവേ പ്രണാമം

ആദ്യമായന്നെന്റെ തോളത്തുതട്ടി മിടുക്കിയെന്നോതിയ ഗുരുവേ പ്രണാമം

എല്ലാരും പഴിചാരി മാറിനിന്നീടവേ ചേർത്തുപിടിച്ച ഗുരുവേ പ്രണാമം

ഉച്ചയൂൺ കഴിഞ്ഞാലും ചോറ്റുപാത്രത്തിൽ നിറയെ വിളമ്പും ഗുരുവേ പ്രണാമം

ഉള്ളിലെ നൊമ്പരം കണ്ണീരായ് ഒഴുകവേ കണ്ണീർത്തുടയ്ക്കും ഗുരുവേ പ്രണാമം

ശബ്ദമില്ലാത്തയെൻ ജീവിതനൗകയിൽ ശബ്ദമായ് മാറിയ ഗുരുവേ പ്രണാമം

ആശയറ്റന്നുനടന്നൊരാനാളിതിൽ പ്രത്യാശയേകിയ ഗുരുവേ പ്രണാമം

വാക്കിന്റെ കൂരമ്പാൽ തളർന്നുനിന്നീടവേ വക്കീലായ് വാദിക്കും ഗുരുവേ പ്രണാമം

നിയതിതൻ പാതയിൽ പലവഴിപോയാലും മറക്കുവാനാവില്ല ഗുരുവേ നിൻമുഖം

കവിത - സൂക്ഷ്മാണുക്കാലം

വിൽസൻ കെ.ജി.

മരണദൂതുമായ് എത്തീ പുതിയൊരു

സൂക്ഷ്മാണു 'കേമരാം' മാനവർ വാഴുമീ മന്നിൽ.

മാറ്റി മറിച്ചൂ ഇന്നിന്റെ ചടുലമാം

ജീവിത ചക്രത്തിൻ ജീവതാളം.

മാറുന്നു ശീലങ്ങൾ മാറുന്നു രീതികൾ

മർത്ത്യന്നിതു തിരിച്ചറിവിൻ കാലം.

മുഖാവരണത്തിനൊപ്പം മൂടിയതു

ദുഷ്ചിന്തകൾ, വാക്കുകൾ, കർമ്മങ്ങളും.

ഏറെക്കിതച്ച പ്രകൃതിയുമിപ്പോൾ

ശാന്തമായൊന്നു നിശ്വസിപ്പൂ.

മാറുന്നൂ കറുത്ത മുഖാവരണം മൂടിയ

പ്രപഞ്ചവും മാനവ ഹൃത്തടവും.

കൂടുമ്പോൾ ഇമ്പം കൂടും കുടുംബങ്ങൾ,

തിരികെ പിടിക്കുന്നൂ ശൈഥില്യബന്ധങ്ങളും.

അറിയുന്നു നാമിപ്പോൾ അപരന്റെ ദുരിതവും

കൈവിട്ടുപോയ സാമൂഹ്യ ബന്ധങ്ങളും.

ഇത് കാലം നമുക്കായ് കരുതിയത്.

പ്രിയരേ നമുക്കിത് തിരിച്ചറിവിൻ കാലം.

അതിജീവിക്കാം നമുക്കൊരുമയോടെ,

വീണ്ടെടുക്കാം നമുക്കു സകലതിനേയും.

ഒരുങ്ങാം ഉണ്ണിയെ വരവേൽക്കാം

ക്രിസ്തുമസ് അത് എല്ലാവരുടെയും മനസ്സിൽ സന്തോഷത്തിൻറെ ആരവം പകരുന്ന ഒന്നാണ്. മഞ്ഞണിഞ്ഞ രാവും കുളിർതെന്നൽ വീശുന്ന പ്രഭാതവും പൂക്കൾ അണിഞ്ഞ പ്രകൃതിയും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു. ശാന്തിയുടെയും സമാധാനത്തിൻറെയും ദൂതുമായി കടന്നുവരുന്ന ക്രിസ്തുമസിനെ വരവേൽക്കുവാൻ ഫാത്തിമാതായിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ആത്മീയമായും ഭൗതികമായും ഒരുങ്ങി ക്രിസ്തുമസിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് എന്നപോലെ അധ്യാപകർക്കും വിവിധ മത്സരങ്ങൾ നടത്തി. പുൽക്കൂട് ഉണ്ടാക്കൽ മത്സരവും വചനം പറയൽ മത്സരവും ഇതിൽ ശ്രദ്ധേയമായിരുന്നു. വചനം പറയൽ - പുൽക്കുടു നിർമ്മാണം മത്സരത്തിൽ ശ്രീമതി അമ്പിളി ജെറി ഒന്നാംസ്ഥാനത്തിനും ശ്രീമതി ജോസീന ജോസ് രണ്ടാം സ്ഥാനത്തിനും അർഹയായി.

മനസ്സ്

ആഗ്നസ് ജോസ് (പൂർവ്വാധ്യാപിക)

അമ്മയുടെ ഒക്കത്തിരുന്ന് അലറിക്കരയുന്ന കൺമണിയെ പിടിച്ചിറക്കി ബഞ്ചിലിരുത്തുമ്പോൾ പിടക്കുന്ന മനസ്സ് ആരറിഞ്ഞു. സാവധാനം കൂട്ടുകാരോട് ഇണങ്ങി ക്ലാസിനോടിണങ്ങി സ്കൂളിനോട് ഇണങ്ങി ടീച്ചറോട് ചേർന്നിരിക്കുമ്പോൾ തുടിക്കുന്ന മനസ്സ് ആരറിഞ്ഞു. തന്റെ മുഖത്തുനോക്കി കഥകൾ കേട്ട്, കവിതകൾ പാടി, കളികളിൽ പങ്കുകൊണ്ട് പാൽ പുഞ്ചിരി തൂകുമ്പോൾ വാത്സല്യം തുടിക്കുന്ന മനസ്സ് ആരറിഞ്ഞു ? അക്കങ്ങളും അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും കുഞ്ഞു ചുണ്ടുകളിൽ നിന്ന് ഉയരുമ്പോൾ ആനന്ദിക്കുന്ന അഭിമാനിക്കുന്ന മനസ്സ് ആരറിഞ്ഞു? കുസൃതികളും കുരുത്തകേടുകൾ തിരുത്തുവാൻ ശിക്ഷിക്കുമ്പോഴും അത് അവരുടെ നന്മയാണെന്ന് ബോദ്ധ്യമുണ്ടെങ്കിൽ പോലും വിങ്ങുന്ന മനസ്സ് ആരറിഞ്ഞു? തൻറേതായ വലയത്തിൽ നിന്ന് പുറത്തു കടന്ന് പടവുകൾ ഓരോന്നായി ചവിട്ടി കയറി ഉന്നത വിജയം കരസ്ഥമാക്കുമ്പോൾ ഒരുകാലത്ത് എൻറേതായിരുന്നു എന്നു മന്ത്രിക്കുന്ന മനസ്സാരറിഞ്ഞു.? കടന്നു പോയവർ ഉയർന്നുയർന്ന് ഉയർച്ചയുടെ പടികൾക്കു മുകളിലെത്തുമ്പോൾ അകലെനിന്ന് കണ്ടാസ്വദിക്കുന്ന മനസ്സാരറിഞ്ഞു.? വീഴ്ച യിലേക്ക് കാലിടറിയവരുടെ പതനം അറിയുമ്പോഴും കാണുമ്പോഴും ഓർക്കുമ്പോഴും വിഴുങ്ങുകയും തേങ്ങുകയും ചെയ്യുന്ന മനസ്സ് ആരറിഞ്ഞു. നിത്യതയിൽ ചേക്കേറിയ മൊട്ടുകളും പൂക്കളും അവശേഷിപ്പിച്ച് കടന്നുപോയ സുഗന്ധ സ്മരണകളിൽ എരിഞ്ഞുരുകുന്ന മനസ്സ് ആരറിഞ്ഞു. കൂട്ടിൽ നിന്നനേകരെ പറത്തിവിട്ടൊടുവിൽ കൂടൊഴിഞ്ഞു കൊടുത്ത് മാളത്തിലൊളിക്കുമ്പോൾ സ്മരണകളിൽ അഭയം തേടുന്ന മനസ്സ് ആരറിഞ്ഞു? എല്ലാം അറിയുന്ന ദൈവത്തിൻറെ തിരുമുമ്പിൽ എല്ലാം സമർപ്പിച്ച് എല്ലാവരെയും സമർപ്പിച്ച് ശാന്തത തേടുന്ന മനസ്സ് ആരറിഞ്ഞു ?