പ്രവേശനോത്സവം

2026 ജൂൺ 1 തിങ്കളാഴ്ച 9 30ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണം മുത്തു കുടകളും വർണ്ണാഭമായ തോരണങ്ങളാലും അലങ്കരിച്ചു വേനൽ അവധിക്ക് ശേഷം കുടയും ബാഗുമായി സ്കൂളിലേക്ക് വന്നെത്തിയ കുഞ്ഞുങ്ങളെ പാൽപ്പായസം നൽകി സ്വീകരിച്ചു. കുഞ്ഞുങ്ങളോടൊപ്പം രക്ഷകർത്താക്കളും പങ്കെടുത്തു . സ്കൂളിന്റെ മുൻ ചരിത്രം വീഡിയോയിലൂടെയും ആഡിയോയിലൂടെയും  സ്കൂൾ ആഡിറ്റോറിയത്തിൽ എത്തിയവരെ കേൾപ്പിക്കുകയും കാണിക്കുകയും ചെയ്തു. ഈശ്വര പ്രാർത്ഥനയോടൊപ്പം യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട മാനേജർ ശ്രീമതി ദീപ്തി ഗിരീഷ്  യോഗത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. നമ്മുടെ സ്കൂളിലെ മികവാർന്ന നേട്ടങ്ങളെക്കുറിച്ചും പഠനസൗകര്യങ്ങളെ കുറിച്ചും  മാനേജർ വിശദമായി സംസാരിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് രാഷ്ട്രമീ മാംസകനും സെഫോളജിസ്‌റ്റുമായ ശ്രീ ഡോ. ജി ഗോപകുമാർ ആണ്. സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ കൂടിയായ അദ്ദേഹം കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഒരു പ്രസംഗം കാഴ്ചവച്ചു. അറിവും ആരോഗ്യവും ഉള്ള ഒരു യുവ തലമുറയാണ് നമുക്കുള്ളത് എന്നും വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങളും തൊഴിലവസരങ്ങളും നമുക്ക് ധാരാളം ഉണ്ടെന്നും അത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ നാം ശ്രമിക്കണമെന്നും ലഹരിക്കടിമപ്പെടാത്ത ഒരു യുവതലമുറയെയാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അഞ്ചാം ക്ലാസിലെ കുരുന്നുകൾ പ്രവേശനോത്സവ ഗാനം ആലപിച്ചു തുടർന്ന് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രതിജ്ഞ ഒമ്പതാം സ്റ്റാൻഡേർഡിലെ ഖദീജത്തുൽ കുബ്ര ചൊല്ലുകയും എല്ലാവരും അത് ഏറ്റുചൊല്ലുകയും ചെയ്തു. യോഗത്തിൽ  മുഖ്യാതിഥിയായി എത്തിയത് വെങ്ങാനൂർ ഡിവിഷനിലെ കൗൺസിലർ ശ്രീ കെ എസ് സുധീർഖാൻ ആണ്. സ്കൂൾ പാരമ്പര്യത്തെ കുറിച്ചും പഠനസൗകര്യങ്ങളെ കുറിച്ചും പെൺ പള്ളിക്കൂടത്തിന്റെ പ്രൗഡി ഉയർത്തുന്ന നല്ല വിജയശതമാനം ആണ് നമുക്കുള്ളതൊന്നും അദ്ദേഹം പറഞ്ഞു. സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും നമ്മോടൊപ്പം നിൽക്കുന്ന പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് വെങ്കിടേശൻ സാർ ആശംസകൾ അർപ്പിച്ചു. സ്കൂൾതലത്തിലും ഹയർസെക്കൻഡറി തലത്തിലും A+ നേടിയ കുട്ടികളെ പ്രശംസിക്കുകയും ഇവർ മറ്റുള്ളവർക്ക് മാതൃകയാവേണ്ടവരാണെന്നും സംസാരിച്ചു. തുടർന്ന് സ്കൂൾ നിയമങ്ങളെക്കുറിച്ചും, അക്കാദമിക കാര്യങ്ങളെക്കുറിച്ചും, പഠനസൗകര്യങ്ങളെ കുറിച്ചും ഹയർസെക്കൻഡറിയിലും സ്കൂൾതലത്തിലും ഉള്ള നല്ല വിജയശതമാനത്തെ കുറിച്ചും നമ്മുടെ HM ശ്രീ രഞ്ജിത്ത് കുമാർ സാർ സംസാരിച്ചു. രക്ഷകർത്താക്കളുടെ തീരുമാനം ശരിയായ തീരുമാനം ആണെന്നും അവരുടെ കുഞ്ഞുങ്ങൾക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. തുടർന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചതോടെ യോഗം അവസാനിച്ചു.