ലോക്ക്ഡൗൺ ആയ ജീവിതത്തിന്റെ മുറ്റത്തു നിന്ന് കാക്ക
വിരസതയെ വിരുന്നു വിളിക്കുന്നു
ഓർക്കാപ്പുറത്ത്
തടവിലാക്കപ്പെട്ട ഞാൻ
അടഞ്ഞ കോടതിയോട്
കുറ്റസമ്മതം ചെയ്യുന്നു
ഇന്നലെക്കും നാളെയ്ക്കുമിടയിൽ ഇന്ന്
മുറിഞ്ഞു തൂങ്ങിനിൽക്കുന്നു
പാലായനം ചെയ്യുന്ന മനുഷ്യരെപ്പോലെ
മുന്നിലൂടെ ഉറുമ്പിൻ കൂട്ടം വറുതിയിലേക്ക്
വറ്റുകൾ ചുമന്ന് പോകുന്നു
എച്ചിലില അവരുടെ സാമ്രാജ്യമാണെന്ന അറിവിൽ
ഒരു നായ നിസ്സഹായനാവുന്നു
അനുവാദം ചോദിക്കാതെ
ശ്മശാന മൂകത എന്ന വാക്ക് കവിതയിലേക്ക് കടന്നുവന്ന്
മനസ്സടപ്പിച്ച്
വീടടപ്പിച്ച്
നാടടപ്പിച്ച്
സർവ്വാധിപതിയാവുന്നു
സൂര്യൻ മാത്രം
മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.