ചരിത്രം

അച്ചൻകോവിലാറിന്റെ തീരത്ത് സസ്യശ്യാമളവും പ്രകൃതി രമണീയവുമായ പത്തനംതിട്ട നഗരത്തിൻറെ ഉപ നഗരമായ കുമ്പഴ ദേശത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ .

1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം, സാഹോദര്യം, സഹിഷ്ണുത എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

1960- കാലഘട്ടത്തിൽ കുമ്പഴ പ്രദേശത്ത് വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കമ്മിറ്റി അംഗങ്ങൾ ആ ആവശ്യകത ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അഭിവന്ദ്യ തിരുമേനിയുടെ കല്പനപ്രകാരം കിഴക്കേക്കര വീട്ടിൽ കെ ജി വർഗ്ഗീസിന്റെ ചുമതലയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. പൊതുജന പ്രിയനും ദീർഘവീക്ഷണ ചതുരനും അന്നത്തെ പഞ്ചായത്ത് പ്രതിനിധിയും ആയ ശ്രീ. കെ. ജി. വർഗ്ഗീസ് മറ്റ് ജനപ്രതിനിധികളുടെ സഹായത്തോടുകൂടി ഈ വിദ്യാപീഠം സ്ഥാപിച്ചു.

1962 ജൂൺ 4 ന് കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കെട്ടിടത്തിൽ ശ്രീ കെ. ജി. വർഗീസിന്റെ മാനേജ്മെന്റിൽ കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു അപ്പർ പ്രൈമറി സ്കൂൾ മാർ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ പീലക്സിനോസ് അപ്പർ പ്രൈമറി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ചു.

1963 ഡിസംബർ 22 ന് അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സ്കൂളിന്റെ പ്രവർത്തനം ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ആരംഭിച്ചു. അന്നത്തെ സ്കൂളിലെ അധ്യാപകരുടെയും മാനേജ്മെൻറിൻറെയും മറ്റു ജീവനക്കാരുടെയും അക്ഷീണമായ പരിശ്രമം മൂലം ഈ വിദ്യാലയം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിലെത്തി.

1982 ജൂണിൽ പ്രസ്തുത വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിൻറെ ഉന്നമനത്തിനായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നു ശ്രീ ബേബിജോണും ശ്രീ. ടി. എം. ജേക്കബും മുൻമന്ത്രിയായിരുന്ന ശ്രീ. എം. കെ. പ്രേമചന്ദ്രനും നൽകിയ സംഭാവനകൾ വളരെ വലുതാണ്.

1984 സ്കൂളിൻറെ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ. കെ. ജി. വർഗീസ് ആകസ്മികമായി ദിവംഗതനായി.

അദ്ദേഹത്തിൻറെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

അദ്ദേഹത്തിൻറെ കാലശേഷം സ്കൂൾ മാനേജർ സ്ഥാനം അദ്ദേഹത്തിൻറെ പുത്രനായ ഉമ്മൻ വർഗ്ഗീസ് ഏറ്റെടുക്കുകയും തൻറെ പിതാവിൻറെ അഭിലാഷം സാക്ഷാത്കരിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു.

1987 ൽ സ്കൂളിൻറെ രജത ജൂബിലിയോടനുബന്ധിച്ചുള്ള സാഹിത്യ- സാംസ്കാരിക സമ്മേളനം വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള മറ്റു സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന പി ജെ ജോസഫിൻറെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം അഭിവന്ദ്യ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാബാവ തിരുമേനി ഉത്ഘാടനം ചെയ്തു.

സ്ഥാപക മാനേജരുടെ ഛായാചിത്രം നിയുക്ത കാതോലിക്കാ ബാവാ മാത്യൂസ് മാർ കൂറിലോസ് തിരുമേനി അനാച്ഛാദനം ചെയ്തു.

ജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയുടെ ചീഫ് എഡിറ്റർ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ആയിരുന്നു.

1995 ൽ ഈ മഹാവിദ്യാലയം ഒരു വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.