പൂങ്കാവ് പള്ളി

  http://poomkavuchurch.org/
ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്

ആലപ്പുഴ ജില്ലയിലെ പൂങ്കാവിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ഔവർ ലേഡി ഓഫ് അസംപ്ഷൻ. 1855 മാർച്ച് 8-ന് സ്ഥാപിതമായ ഈ ദേവാലയം ലത്തീൻ കത്തോലിക്കാ സഭയിലെ കൊച്ചി രൂപതയുടെ കീഴിലാണ് .

പൂങ്കാവിനു സമീപമായി 200 കുടുംബങ്ങളും 700 അംഗങ്ങളുമായി തുമ്പോളിയിലാണ് നിലവിൽ ഒരു ദേവാലയമുണ്ടായിരുന്നത്. കൊച്ചാക്കോ തോമസ് വലിയവീട്ടിൽ സംഭാവനയായി നൽകിയ 1 ഏക്കർ 73 സെന്റ് സ്ഥലത്തായി 1855 മാർച്ച് 8-നാണ് ദേവാലയ നിർമ്മാണം ആരംഭിച്ചത്. 1860-ലാണ് ദേവാലയ നിർമ്മാണം പൂർത്തീകരിച്ചത്


ഔവ്വർ ലൈബ്രറി

 


ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി വില്ലേജിൽ ചെട്ടികാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഔവ്വർ ഗ്രന്ഥശാല. കേരള ഗ്രന്ഥശാല സംഘത്തിൽ അംഗമായ ഈ ഗ്രന്ഥശാല 1965ൽ സ്ഥാപിതമായി . എസ്. രാമചന്ദ്രൻ പിള്ള എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനില മന്ദിരത്തിൽ ഗ്രന്ഥശാല പ്രവർത്തിക്കുന്നു. ഔവ്വർ ഗ്രന്ഥശാലയുടെ വെബ്സൈറ്റ് 2006ൽ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വെബ് സൈറ്റിൽ എഴുത്തുപുര എന്ന പേരിൽ ഇന്റർനെറ്റ് മാഗസിനും പ്രവർത്തിച്ചു വരുന്നു.

ആയിരത്തി അഞ്ഞൂറിലധികം അംഗങ്ങളുള്ള ഈ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു.

ചരിത്രം ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ ആദ്യപകുതിയിലാണ് ചെട്ടികാട് ഗ്രാമം കേന്ദ്രമാക്കി വായനശാല സ്ഥാപിക്കുക എന്ന ആശയം രൂപം കൊണ്ടത്. ജനങ്ങളുടെ സഹകരണത്തോടെ ഒരു ചെറിയ വായനശാല കെട്ടിയുണ്ടാക്കി. നാട്ടുകാരുടെ സംഭാവനയായി മലയാള മനോരമ, കേരള കൌമുദി, നവയുഗം എന്നീ പത്രങ്ങൾ വായനശാലയിൽ ലഭ്യമാക്കി. നാടകങ്ങളും വിൽമേളകളും പഠിച്ച് അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് ഒരു വേദി കൂടിയായി വായനശാല രൂപാന്തരപ്പെട്ടു. ഔവ്വർ റീഡിംഗ് റൂം ആന്റ് വിജയാ തീയറ്റേഴ്സ് എന്നു വായനശാലയ്ക്ക് നാമകരണം ചെയ്തു. കലാസമിതിയും വായനശാലയും ഒരു സംഘടനയായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

നാട്ടുകാരിൽ പലരും വായനശാലയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായി. 1966ൽ ഒന്നാമത് വാർഷികം ആഘോഷിച്ചു. സ്ഥലമുടയുടെ ആവശ്യപ്രകാരം മൂന്ന് വർഷത്തിനു ശേഷം വായനശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. എങ്കിലും താൽക്കാലികമായി നിർമ്മിച്ച ഷെഡിൽ പ്രവർത്തനം ആരംഭിച്ച വായനശാല ഔവ്വർ ജംഗ്ഷനിലെ സ്റ്റേഷനറി കടയുടെ ഒരു ഭാഗത്തേക്ക് മാറി.

സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കാനായി ധനസമാഹകരണത്തിനായി വിവിധ പരിപാടികൾ ആവിഷ്കരിച്ചു. വിഷുക്കണി, ക്രിസ്മസ് കരോൾ, നാടകം തുടങ്ങിയ വിവിധ പരിപാടികൾ ഇതിനായി നടപ്പാക്കി. സർക്കാർ നടത്തി വന്ന ലേബർ ക്ലാസ്സിൽ നിന്നും ധനസഹായം ലഭിച്ചു. ഔവ്വർ ജംഗ്ഷന് സമീപം തന്നെ സ്ഥലം വാങ്ങുകയും കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

1982 ആഗസ്ത് 15ന് സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. 1985ൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം സംഘടനയ്ക്ക് രജിസ്ട്രേഷൻ ലഭിച്ചു. 1987 മുതൽ വാർഷിക ആഘോഷങ്ങൾ തിരുവോണത്തോടനുബന്ധിച്ച് പത്ത് ദിവസങ്ങളിലായി മാറി. 1988ൽ കേരള സ്റ്റേറ്റ് ലൈബ്രറി കൌൺസിലിന്റെ അഫിലിയേഷനോടു കൂടി സ്ഥാപനം ഔവ്വർ ലൈബ്രറി എന്ന പേരിൽ പ്രവർത്തനം തുടർന്നു.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1994ൽ വായനശാലയോട് ചേർന്ന് ഒരു സ്മാരകഹാൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2000 ൽ രാജ്യസഭാംഗമായ എസ്. രാമചന്ദ്രൻ പിള്ളയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ടുള്ള പുതിയ ഇരുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ശ്രീ. വി.എസ്.അച്യുതാനന്ദൻ നിർവഹിക്കുകയും 2003ൽ വായനശാലയുടെ പുതിയ മന്ദിരം ശ്രീ. എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഔവ്വർ ഡിബേറ്റിംഗ് ഫോറം, ഔവ്വർ ആർട്സ് അക്കാദമി, ഔവ്വർ വിമെൻസ് സൊസൈറ്റി, ഔവ്വർ വിജയാ തീയറ്റേഴ്സ്, ഔവ്വർ റിക്രിയേഷൻ, ഔവ്വർ ചിൽഡ്രൻസ് ക്ലബ്ബ്, ഔവ്വർ സാന്ത്വനം തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളും ബ്ലോക്ക് പഞ്ചായത്തിലെ വികസന വിദ്യാകേന്ദ്രവും വായനശാലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 12 ദിനപ്പത്രങ്ങളും 40ൽപ്പരം ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

പ്രഭാഷണങ്ങൾ തത്സമയം 2013 മേയ് 26 മുതൽ എല്ലാ ഞായറാഴ്ചയും ഔവർ വായനശാലയിൽ നടന്നു വരുന്ന സുകുമാർ അഴിക്കോട് സ്മാരക പ്രഭാഷണ പരമ്പരയിലെ പ്രഭാഷണങ്ങൾ വായനശാലയുടെ വെബ്സൈറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നു.